KERALAMLATEST NEWS

ചേലക്കര ചെങ്കോട്ട കാത്ത് പ്രദീപ്

തൃശൂർ: ഭരണ വിരുദ്ധ വികാരമെന്ന പ്രചാരണത്തെയും മറികടന്ന് എൽ.ഡി.എഫിലെ യു.ആർ.പ്രദീപിന് പിന്നിൽ ചുവപ്പ് കോട്ടയായി നിലയുറപ്പിച്ച് ചേലക്കര മണ്ഡലം. യു.ഡി.എഫിലെ രമ്യ ഹരിദാസിനെ 12,201 വോട്ടുകൾക്കാണ് പ്രദീപ് രണ്ടാം വരവിൽ തോൽപ്പിച്ചത്. പോസ്റ്റൽ വോട്ട് മുതൽ ഇ.വി.എം മെഷീനിലെ അവസാന റൗണ്ട് വരെ എതിരാളിയെ നിഷ്‌പ്രഭയാക്കിയാണ് പ്രദീപിന്റെ മുന്നേറ്റം. 2016ൽ പ്രദീപിന് ലഭിച്ച ഭൂരിപക്ഷം (10,200 വോട്ട്) മറികടക്കാനായെങ്കിലും 2021ലെ കെ.രാധാകൃഷ്ണന്റെ 39,400 എന്ന ഭൂരിപക്ഷത്തിലെത്താനായില്ല.

നിരവധി വിവാദങ്ങൾക്കിടെ, സിറ്റിംഗ് സീറ്റ് നിലനിറുത്താനായതും ഇടതിന് നേട്ടമായി. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകൾ പോലും രമ്യ ഹരിദാസിനെ കൈവിട്ടു. അതേസമയം എൻ.ഡി.എ സ്ഥാനാർത്ഥി കെ.ബാലകൃഷ്ണൻ കഴിഞ്ഞ തവണത്തേക്കാൾ പതിനായിരത്തോളം വോട്ടുകൾ വർദ്ധിപ്പിച്ച് കരുത്തുകാട്ടി. നാലായിരത്തോളം വോട്ടുകൾ നേടി പി.വി.അൻവറിന്റെ ഡി.എം.കെ സാന്നിദ്ധ്യമറിയിച്ചപ്പോൾ തിരിച്ചടിയായതും യു.ഡി.എഫിന്.

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം കുത്തനെ കുറയ്ക്കാനായെന്നത് മാത്രമാണ് യു.ഡി.എഫിനുണ്ടായ നേട്ടം. പോസ്റ്റൽ വോട്ടിൽ 79 വോട്ടിന്റെ ലീഡ് നേടി ആദ്യ കടമ്പ കടന്ന പ്രദീപ് പിന്നീട് തിരിഞ്ഞു നോക്കിയില്ല.

എല്ലാ റൗണ്ടിലും

മുന്നിൽ

രണ്ടാം റൗണ്ടിൽ ലീഡ് നില 3781 ആയി. പിന്നീട് ഓരോ റൗണ്ടിലും ക്രമാതീതമായി ലീഡുയർത്തി. മൂന്നാം റൗണ്ടിൽ 5834 വോട്ടിന്റെ മുൻതൂക്കമായതോടെ എൽ.ഡി.എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങി. 7,598 (നാലാംറൗണ്ട്), 8,567 (അഞ്ചാം റൗണ്ട്), 9,017(ആറാം റൗണ്ട്) എന്നിങ്ങനെ ലീഡ് ഉയർന്നു. ഏഴാം റൗണ്ടിൽ അൽപ്പം മങ്ങലേറ്റു. എട്ടാം റൗണ്ടിൽ ഭൂരിപക്ഷം പതിനായിരത്തിലേക്ക്. ഒമ്പതാം റൗണ്ടിൽ 10,955 ഉം, പത്തിൽ 11,936ഉം ആയി. പതിനൊന്നാം റൗണ്ടിൽ അൽപ്പം കുറഞ്ഞ് 11,362ൽ. പന്ത്രണ്ടാം റൗണ്ടിൽ കുതിച്ചുകയറി ഭൂരിപക്ഷം പോസ്റ്റൽ വോട്ടിന്റെ ഭൂരിപക്ഷവുമായതോടെ, വിജയം 12,201 ആയി.

ആകെ വോട്ട് 2,13,103

പോൾ ചെയ്തത് 1,56,567

യു.ആർ.പ്രദീപ് ( എൽ.ഡി.എഫ്) 64,827
രമ്യ ഹരിദാസ് (യു.ഡി.എഫ്) 52,626
കെ.ബാലകൃഷ്ണൻ (എൻ.ഡി.എ) 33,609
കെ.ബി.ലിൻഡേഷ് (സ്വതന്ത്രൻ) 240
എൻ.കെ.സുധീർ (സ്വതന്ത്രൻ) 3920
ഹരിദാസൻ (സ്വതന്ത്രൻ) 170
നോട്ട 1034
അസാധു 141
ഭൂരിപക്ഷം 12,201


Source link

Related Articles

Back to top button