ട്രംപിന് ബൈഡന്റെ പണി, അമേരിക്കക്ക് പുതിന്റെ മിസൈൽ മുന്നറിയിപ്പ്; മൂന്നാം ലോകയുദ്ധം അരികെയോ?
മൂന്നു ദിവസം മുമ്പാണ് യുക്രൈയിന്‍ റഷ്യയിലേക്ക് ആറ് ദീര്‍ഘദൂര മിസൈലുകളയക്കുന്നത്. ആര്‍മി ടാക്ടിക്കല്‍ മിസൈല്‍ സിസ്റ്റംസ് അഥവാ അറ്റാക്ക് എം.എസ് എന്നു പേരായ ഈ ശക്തമായ ദീര്‍ഘദൂര മിസൈലിന് 300 കിലോമീറ്റര്‍ വരെ അകലയെുള്ള ലക്ഷ്യങ്ങളെ കൃത്യമായി പ്രഹരിക്കാനാവും. ആറില്‍ അഞ്ചും പകുതിക്കു വെച്ച് തകര്‍ക്കാന്‍ റഷ്യക്കായി. അവസാനത്തേത് ചില്ലറ നാശനഷ്ടമുണ്ടാക്കി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പച്ചക്കൊടി വീശിയതിന്റെ പിറ്റേന്നായിരുന്നു മിസൈലുകള്‍ പ്രയോഗിച്ചത്.തന്ത്രശാലികളായ ലോകനേതാക്കളില്‍ ഒരാളായ വ്ലാദിമിര്‍ പുതിന്റെ പ്രതികരണം പ്രതീക്ഷിച്ചതു പോലെ തീരെ മയമില്ലാത്തതായിരുന്നു. അദ്ദേഹം രാജ്യത്തിന്റെ ആണവനയം തിരുത്തിയെഴുതി. അണുവായുധ ഉപയോഗിക്കുന്നതിനുണ്ടായിരുന്ന കടുത്ത നിയന്ത്രണങ്ങളില്‍ അയവു വരുത്തി. തങ്ങളെപ്പോലെ അണുവായുധശേഷിയുള്ള മറ്റൊരു രാജ്യത്തിനെതിരെ മാത്രമേ അണുവായുധം ഉപയോഗിക്കാവൂ എന്നതു തിരുത്തി, തങ്ങളെ ആക്രമിക്കുന്നത് അണുവായുധം ഇല്ലാത്ത രാജ്യമാണെങ്കിലും അവരെ അണുവായുധമുള്ള ഒരു രാജ്യം സഹായിക്കുകയാണെങ്കില്‍ അതിനെ സംയുക്ത ആക്രമണമായി കണക്കാക്കാം എന്നായിരുന്നു ആ തിരുത്ത്. അങ്ങനെയെങ്കില്‍, റഷ്യയ്ക്ക് നേരെ ഉണ്ടായ ആക്രമണം ഈ ഗണത്തില്‍ പെടും. ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ദീര്‍ഘദൂര മിസൈലായ സ്റ്റോം ഷാഡോയും ഉപയോഗിക്കാന്‍ യുക്രെയിന് അനുമതി കിട്ടി, അവരത് ഉടനെ തന്നെ പ്രയോഗിക്കുകയും ചെയ്തു. 250 കിലോമീറ്ററാണ് അതിന്റെ ആക്രമണപരിധി.
Source link