INDIALATEST NEWS

ഇ.ഡിയെ തുറന്നു വിട്ടു, ഒരു സോറനെ റാഞ്ചി; എന്നിട്ടും ബിജെപിക്കു പിഴച്ചതെവിടെ; ‘ജാർഖണ്ഡ് വോട്ടു ചോർച്ച’

ഇ.ഡിയെ തുറന്നു വിട്ടു, ഒരു സോറനെ റാഞ്ചി; എന്നിട്ടും ബിജെപിക്കു പിഴച്ചതെവിടെ; ‘ജാർഖണ്ഡ് വോട്ടു ചോർച്ച’ – Jharkhand Assembly Election | Jharkhand Election Results 2024 | Malayala Manorama Online News

ഇ.ഡിയെ തുറന്നു വിട്ടു, ഒരു സോറനെ റാഞ്ചി; എന്നിട്ടും ബിജെപിക്കു പിഴച്ചതെവിടെ; ‘ജാർഖണ്ഡ് വോട്ടു ചോർച്ച’
| Jharkhand Assembly Election Results 2024

കൃഷ്ണപ്രിയ ടി ജോണി

Published: November 23 , 2024 05:47 PM IST

Updated: November 23, 2024 05:59 PM IST

2 minute Read

ജാർഖണ്ഡിലെ റാഞ്ചിയിൽ തിരഞ്ഞെടുപ്പ് ഫലം ടിവിയിൽ കാണുന്ന ബിജെപി പ്രവർത്തകർ. ചിത്രം: PTI

ഹേമന്ദ് പാളയത്തില്‍നിന്ന് ചംപയ് സോറന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അടര്‍ത്തിയെടുത്തിട്ടും ജാര്‍ഖണ്ഡില്‍ വീണ്ടും ബിജെപിക്കു പിഴച്ചു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സര്‍ക്കാരിനു ഭരണത്തുടര്‍ച്ച. 81 സീറ്റുള്ള സംസ്ഥാനത്ത് 54 സീറ്റ് കരസ്ഥമാക്കിയാണ് ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യം സംസ്ഥാനത്തു മൂന്നാംതവണയും ഭരണം പിടിക്കുന്നത്. പിന്നാക്ക സമുദായങ്ങള്‍ക്കു ഭൂരിപക്ഷമുള്ള സംസ്ഥാനത്തിന്റെ ഉള്ളൊഴുക്കുകള്‍ മറ്റാരെക്കാളും തിട്ടമുള്ള ഹേമന്ദ് സോറന്‍ തന്നെ ഇന്ത്യാ സഖ്യത്തിന്റെ വിജയശില്പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കമുള്ള ബിജെപിയുടെ താരപ്രചാരകര്‍ ദിവസങ്ങളോളം പ്രചാരണം നടത്തി സര്‍ക്കാരിനെ കടന്നാക്രമിച്ചെങ്കിലും അതെല്ലാം നിഷ്ഫലമായി. 

എന്‍ഡിഎ നേട്ടമുണ്ടാക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തെ ശരിവയ്ക്കുംവിധം വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ ഫലം എന്‍ഡിഎയ്ക്ക് അനുകൂലമായിരുന്നെങ്കിലും രാവിലെ പത്തുമണിയോടെ ഫലസൂചന മാറിമറിഞ്ഞു. കേവല ഭൂരിപക്ഷവും കടന്നു മുന്നേറിയ എന്‍ഡിഎ സഖ്യത്തിന്റെ ലീഡിനെ അപ്രതീക്ഷിതമായി മറികടന്ന് ഇന്ത്യാ സഖ്യം മുന്നിലെത്തി. ഒടുവില്‍ കേവല ഭൂരിപക്ഷത്തിനുവേണ്ട 41 സീറ്റും മറികടന്ന് 54 സീറ്റുമായി വിജയമുറപ്പിച്ച് ഇന്ത്യാ സഖ്യം. അതില്‍ 31 സീറ്റാണ് ജെഎംഎം സംഭാവന ചെയ്തത്. 81ല്‍ 41 സീറ്റിലും ജെഎംഎമ്മിനെ മത്സരിപ്പിച്ച ഇന്ത്യാ സഖ്യത്തിന്റെ തീരുമാനവും നിര്‍ണായകം. 30 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 14 സീറ്റില്‍ വിജയിച്ചപ്പോള്‍ മത്സരിച്ച 6 സീറ്റില്‍ നാലിലും വിജയിച്ച് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) മികച്ച പ്രകടനം കാഴ്ചവച്ചു. ജാർഖണ്ഡ് തിരഞ്ഞെടുപ്പു ഫലം വിലയിരുത്താം, വിശദമായി 

∙ സോറനു ജയിൽ ; ബിജെപിയുടെ ആ നീക്കം പിഴച്ചു 
അഴിമതിക്കേസില്‍ ഇ.ഡി അറസ്റ്റുചെയ്തതും ജയിലില്‍ അടച്ചതും ഹേമന്ദ് സോറന് അനുഗ്രഹമായെന്നു വേണം കരുതാന്‍. പ്രതിപക്ഷ നേതാക്കളെ കേസില്‍ക്കുടുക്കി ജയിലില്‍ അടയ്ക്കുന്നുവെന്ന ആരോപണവും നിര്‍ണായക ഘട്ടങ്ങളില്‍ പ്രധാന നേതാക്കളെ മറുകണ്ടം ചാടിച്ച് തിരഞ്ഞെടുപ്പ് അനുകൂലമാക്കാന്‍ ശ്രമിക്കുന്നു തുടങ്ങി ബിജെപിക്കുള്ള പതിവു ചീത്തപ്പേരുകള്‍ ഉയര്‍ത്തിയുള്ള പ്രചാരണം ജാര്‍ഖണ്ഡില്‍ ജെഎംഎമ്മിനു ഗുണം ചെയ്തു. ഇ.ഡി, കൂറുമാറ്റം ഇരവാദങ്ങള്‍ക്കു പുറമെ ജെഎംഎം സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളും ഉയര്‍ത്തിക്കാട്ടിയായിരുന്നു ഭരണപക്ഷത്തിന്റെ പ്രതിരോധം. 

∙ ബിജെപിയുടെ ‘നുഴഞ്ഞു കയറ്റം’ ഏറ്റില്ല  

ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ജെഎംഎം, കോൺഗ്രസ് പ്രവർത്തകർ. ചിത്രം : PTI

ബംഗ്ലദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ ആദിവാസികള്‍ക്കുള്ള അവകാശങ്ങള്‍ കവര്‍ന്നെടുത്തുവെന്നും ഇതിനു കളമൊരുക്കിയത് ജെഎംഎം സര്‍ക്കാരാണെന്നുള്ള ആരോപണത്തില്‍ ഊന്നിയായിരുന്നു ജാര്‍ഖണ്ഡില്‍ ബിജെപിയുടെ പ്രചാരണം. മോദിയും അമിത് ഷായും രൂക്ഷമായ ഭാഷയില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും മണ്ണ്, മകള്‍, ഭക്ഷണം എന്നിവ സംരക്ഷിക്കുമെന്ന മുദ്രാവാക്യത്തില്‍ കെട്ടിപ്പൊക്കിയ ബിജെപിയുടെ പ്രചാരണ തന്ത്രം ഹേമന്ദ് സോറന്റെ പ്രതിരോധത്തിനു മേല്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.

∙ ചാക്കിട്ടു പിടുത്തം ഏറ്റില്ല, മുഖ്യമന്ത്രിയില്ലാത്തതും തിരിച്ചടി 
രാഷ്ട്രീയനേട്ടത്തിനായി ചംപയ് സോറനുള്‍പ്പെടെയുള്ള ജെഎംഎം നേതാക്കളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള ബിജെപിയുടെ തന്ത്രവും ഫലിച്ചില്ല. പാര്‍ട്ടിയില്‍ ഇന്നലെ വന്നവര്‍ക്കായി സീറ്റുവച്ചുനീട്ടുന്ന അടവുനയത്തില്‍ പ്രതിഷേധിച്ചു നേതാക്കള്‍ പാര്‍ട്ടിവിട്ടതും പിണക്കം ഉള്ളില്‍വച്ച് പാര്‍ട്ടിയില്‍ തുടര്‍ന്നവരുണ്ടാക്കിയ ഭിന്നതയും ബിജെപി പക്ഷത്തെ ക്ഷയിപ്പിച്ചു. ഹേമന്ദ് സോറന്‍ – ചംപയ് സോറന്‍ ബലാബലത്തില്‍ ഹേമന്ദ് സോറന്‍ വിജയിച്ചുവെന്നു ചുരുക്കം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയുള്ള ബിജെപിയുടെ പ്രചാരണവും പാര്‍ട്ടിയിൽ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. വിജയിച്ചാല്‍ ചംപയ് സോറന്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചേക്കാമെന്നുള്ള ഭയവും പലരിലും മുളപൊട്ടിയിരുന്നു.

∙ ആദിവാസി മേഖല ബിജെപിയെ കൈയൊഴിഞ്ഞു 
ജാര്‍ഖണ്ഡിലെ നിര്‍ണായക ആദിവാസി, ഒബിസി വോട്ടുകള്‍ പിടിക്കുന്നതില്‍ ഇത്തവണയും ബിജെപി പിന്നിലായി. സംസ്ഥാന ജനസംഖ്യയുടെ 27% ഉള്ള ആദിവാസി വിഭാഗങ്ങളുടെ വോട്ടാണ് ജാര്‍ഖണ്ഡിന്റെ വിജയം നിശ്ചയിക്കുന്നത്. 81ല്‍ 28 സീറ്റും ആദിവാസി സംവരണം. ഇതു മുന്നില്‍ക്കണ്ട് ബിജെപി പ്രകടന പത്രിക തയാറാക്കുകയും അധികാരത്തിലെത്തിയാല്‍ ഗോത്രവര്‍ഗക്കാരെ ഒഴിവാക്കി വ്യക്തിനിയമം നടപ്പാക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്‌തെങ്കിലും അവയൊന്നും അത്രയേറെ വിലപ്പോയില്ലെന്നു കരുതേണ്ടി വരും. ആദിവാസി, ഒബിസി വോട്ടുകളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ജാര്‍ഖണ്ഡില്‍ ബിജെപി ഒഴുക്കിയ വിയര്‍പ്പൊന്നും പോരെന്നു ചുരുക്കം.

English Summary:
Jharkhad Assembly Election Results 2024 – Where Did BJP Falter?

krishna-priya-t-johny 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp mo-politics-parties-indiannationaldevelopmentalinclusivealliance 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-hemantsoren 5raskk07n9p54cr9kuntiav2ho mo-politics-parties-jmm mo-politics-elections-jharkhandassemblyelection2024


Source link

Related Articles

Back to top button