‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദം; കൂടുതൽ സമയം നൽകില്ല, കേസ് ഡയറി ഇന്ന് തന്നെ ഹാജരാക്കണമെന്ന് കോടതി
വടകര: കാഫിർ സ്ക്രീൻ ഷോട്ട് കേസ് ഡയറി ഹാജരാക്കാൻ പൊലീസ് കൂടുതൽ സമയം ചോദിച്ചെങ്കിലും അനുവദിക്കാതെ കോടതി. ഇന്ന് തന്നെ വിവരങ്ങൾ ഹാജരാക്കാനാണ് കോടതി നിർദേശം. ഇതോടെ വെെകിട്ട് വിവരങ്ങൾ ഹാജരാക്കാമെന്ന് പൊലീസ് അറിയിച്ചു. വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് പൊലീസിന് നിർദേശം നൽകിയത്.
വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണ പുരോഗതി, ഫോറൻസിക് പരിശോധന ഫലം സംബന്ധിച്ച നിലവിലെ സ്ഥിതി എന്നിവയും കോടതിയിൽ സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ കാഫിർ എന്ന് വിശേഷിപ്പിച്ച് സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്താൻ ഇപ്പോഴും പൊലീസിന് സാധിച്ചിട്ടില്ല. കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചെന്ന പേരിൽ പ്രതി ചേർക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാംസിം ഹെെക്കോടതിയെ സമീപിച്ചപ്പോൾ ആവശ്യമെങ്കിൽ മജിസ്ട്രേട്ട് കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി വടകര കോടതിയെ സമീപിച്ചത്.
തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പികെ മുഹമ്മദ് കാസിമിന്റെ വാട്സാപ്പ് സന്ദേശമെന്ന പേരിലാണ് കാഫിർ സ്ക്രീൻഷോട്ട് പ്രചരിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമർശമാണ് ഇതിലുണ്ടായിരുന്നത്. വ്യാജ സ്ക്രീൻ ഷോട്ട് അയച്ച സിപിഎം പക്ഷമെന്ന് പ്രചരിപ്പിക്കുന്ന ‘റെഡ് എൻകൗണ്ടർ’ ഗ്രൂപ്പിന്റെ അഡ്മിൻ ഡി വെെഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനായിരുന്നു.
ഇയാളുടെ പോസ്റ്റാണ് മുൻ എംഎൽഎ കെ. കെ ലതിക പങ്കുവച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. റിബേഷിന്റെ മൊഴിയെടുത്തെങ്കിലും പോസ്റ്റ് ലഭിച്ചത് എവിടെനിന്നാണെന്ന് പറയാൻ തയ്യാറായില്ല. ഇത് വ്യാജമായി നിർമ്മിച്ച സ്ക്രീൻഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും പരാതി നൽകിയിരുന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ഇവരുടെ ആരോപണം. അന്വേഷണത്തിൽ മുഹമ്മദ് കാസിമല്ല സ്ക്രീൻ ഷോട്ടിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Source link