KERALAMLATEST NEWS

ഭരണഘടനാ വിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാന് തിരിച്ചടി, തുടരന്വേഷണം വേണമെന്ന് ഹൈക്കോടതി

കൊച്ചി: മല്ലപ്പള്ളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി ശരിവച്ചു. സംസ്ഥാന സർക്കാരിനെ സർക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കുന്ന ഉത്തരവാണ് കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. വിവാദ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസഭയിൽ നിന്ന് സജി ചെറിയാൻ രാജി വയ‌്ക്കുകയും പിന്നീട് തിരിച്ചുവരികയും ചെയ‌്തിരുന്നു.

കേസിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം തൃപ്‌തികരമായിരുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു. പൊലീസ് അന്വേഷണത്തിൽ പാളിച്ചകളുണ്ടായി. കേസ് അവസാനിപ്പിച്ചുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ട് പൂർണമായിരുന്നില്ല, തെളിവുകൾ പരിശോധിപ്പിക്കപ്പെട്ടില്ല തുടങ്ങിയ നിരീക്ഷണങ്ങൾ കോടതിയുടെ ഭാഗത്തു നിന്നുണ്ടായി. ഫോറൻസിക് പരിശോധനാഫലം കിട്ടുന്നതിന് മുമ്പ് തന്നെ അന്വേഷണം അവസാനിപ്പിച്ചുവെന്നും കോടതി വിമർശിച്ചു. ക്രൈം ബ്രാഞ്ച് കേസ് തുടരന്വേഷിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. ഡിജിപിയുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേസിൽ ക്ലീൻചിറ്റ് നൽകിയ പൊലീസ് റിപ്പോർട്ട് പരിഗണിച്ച് സജി ചെറിയാനെ മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തും സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടും അഡ്വ. എം. ബൈജു നോയലാണ് ഹൈക്കോടതിയെ സമീപിച്ചത്. നാഷണൽ ഓണർ ആക്ടിന്റെ 2003ലെ ഭേദഗതി പ്രകാരം, പ്രസംഗത്തിലെ ചില വാചകങ്ങൾ ഭരണഘടനയോടുള്ള അനാദരമായി കരുതാമെന്ന് കോടതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

”ഇന്ത്യയിൽ ഏറ്റവുമധികം ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ജനാധിപത്യം, മതേതരത്വം, കുന്തവും കുടച്ചക്രവുമൊക്കെ അതിന്റെ മൂലയിലുണ്ട്” എന്നീ പ്രയോഗങ്ങളാണ് സജി ചെറിയാൻ നടത്തിയത്. മന്ത്രിയുടെ ശബ്ദപരിശോധന നടത്താതെയും ചില സാക്ഷിമൊഴികൾ തള്ളിയുമാണ് പൊലീസ് നിഗമനമെന്ന് ഹർജിക്കാരൻ ആരോപണം കോടതി ശരിവച്ചു. ഹർജി നിലനിൽക്കുന്നതല്ലെന്നും ആരോപണങ്ങൾ ശരിയല്ലെന്നായിരുന്നു സർക്കാർ വാദം.

2022 ജൂലായ് മൂന്നിന് സി.പി.എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ പരിപാടിയിൽ സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് കേസായത്. തുടർന്ന് അദ്ദേഹം രാജിവച്ചെങ്കിലും വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതോടെ മന്ത്രി സ്ഥാനത്ത് തിരിച്ചെത്തി.


Source link

Related Articles

Back to top button