KERALAMLATEST NEWS

ശബരിമല വിഷയത്തിലെ വിവാദപ്രസംഗം: ശ്രീധരൻപിള്ളയ്ക്കെതിരായ കേസ് റദ്ദാക്കി

കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരിക്കെ നടത്തിയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഹോട്ടൽ ഹാളിൽ യുവമോർച്ചാ ഭാരവാഹികളുടെ യോഗത്തിൽ നടത്തിയ പ്രസംഗം പൊതുസമൂഹത്തെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നടപടി. ഹർജിക്കാരൻ നിലവിൽ ഗവർണർ ആയതിനാൽ ക്രിമിനൽ നടപടി തുടരുന്നതിലുള്ള നിയമതടസങ്ങളും കണക്കിലെടുത്തു.

2018 നവംബർ 4ന് കോഴിക്കോട് യുവമോർച്ച സംസ്ഥാന കൗൺസിൽ യോഗത്തിലായിരുന്നു വിവാദ പ്രസംഗം. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതികളെത്തിയാൽ തന്ത്രി നട അടച്ചാൽ കോടതിയലക്ഷ്യമാകില്ലെന്നും ഇക്കാര്യത്തിൽ നമ്മളെല്ലാം തന്ത്രിയോടൊപ്പം ഉണ്ടാകുമെന്നുമാണ് ശ്രീധരൻപിള്ള പ്രസംഗിച്ചത്. കുറ്റകൃത്യത്തിനുള്ള ആഹ്വാനമാണെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശി ഷൈബിൻ കെ. നന്മനട നൽകിയ പരാതിയിലാണ് കസബ പൊലീസ് എഫ്.ഐ.ആ‌ർ രജിസ്റ്റർ ചെയ്തത്. രാജ്യത്തിനെതിരായ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചു എന്നതടക്കം വകുപ്പുകളും ചുമത്തി.
പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം കണക്കിലെടുത്താണ് കേസെടുത്തതെന്ന് ശ്രീധരൻപിള്ളയ്‌ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള വാദിച്ചു. അന്വേഷണം തുടരുകയാണെന്നും കേസ് റദ്ദാക്കരുതെന്നുമായിരുന്നു സർക്കാരിന്റെ വാദം.

ഹോട്ടൽ ഹാളിലേത്

പൊതുസമൂഹമല്ല

ഹോട്ടലിലെ കോൺഫറൻസ് ഹാളിൽ യോഗത്തിൽ പങ്കെടുക്കുന്നവരെ പൊതുസമൂഹമായി കണക്കാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. പ്രസംഗം മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചു എന്നതും കേസിന് അടിസ്ഥാനമല്ല. യുവതികൾ ശബരിമലയിൽ എത്താതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്ന് ഹർജിക്കാരൻ പറയുന്നുണ്ട്. എന്നാൽ അതിനെയൊരു യുദ്ധമായി കാണേണ്ടെന്നും പ്രസംഗത്തിലുണ്ട്. ഇക്കാര്യത്തിനായി എല്ലാ മത വിഭാഗങ്ങളുടെയും പിന്തുണ തേടുമെന്നും പറയുന്നുണ്ട്. അതുകൊണ്ടുതന്നെ സമൂഹത്തെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യം പ്രസംഗത്തിലുണ്ടെന്ന് കരുതാനാകില്ല. പ്രസംഗത്തെ ഏതെങ്കിലും വാചകങ്ങളുടെ അടിസ്ഥാനത്തിലല്ല, പൂർണമായാണ് വിലയിരുത്തേണ്ടതെന്നും ഉത്തരവിൽ പറയുന്നു.


Source link

Related Articles

Back to top button