KERALAM

വിളപ്പിൽശാലയിൽ വരുന്നു ; ഇ.വി ഘടകങ്ങളുടെ നിർമ്മാണ പാർക്ക്

പി.എച്ച്. സനൽകുമാർ | Thursday 21 November, 2024 | 4:38 AM

 ബാറ്ററിയും മോട്ടോറും ഉൾപ്പെടെ നിർമ്മിക്കും

തിരുവനന്തപുരം: വൈദ്യുത വാഹനങ്ങൾക്കാവശ്യമായ ബാറ്ററി ഉൾപ്പെടെയുള്ള ഘടകങ്ങൾ നിർമ്മിക്കുന്ന പാർക്ക് തലസ്ഥാനത്ത് വരുന്നു. വിളപ്പിൽശാലയിൽ എ.പി.ജെ. അബ്ദുൽ കലാം ശാസ്ത്രസാങ്കേതിക സർവ്വകലാശാല കാമ്പസിലെ 23 ഏക്കറാണ് അനുവദിച്ചത്. സർക്കാർ തലത്തിൽ രാജ്യത്ത് ആദ്യത്തേതാണ്.

രണ്ടു മാസത്തിനുള്ളിൽ മാസ്റ്റർ പ്ളാനും ഡി.പി.ആറും തയ്യാറാക്കും. ഡി.പി.ആർ ആവുന്നതോടെ പദ്ധതി ചെലവ് വ്യക്തമാവും.. അടുത്ത വർഷം ഡിസംബറോടെ നിർമ്മാണം പൂർത്തിയാക്കും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി പാർക്കിലെ ഉത്പന്നങ്ങൾക്ക് വൻ കയറ്റുമതി സാദ്ധ്യതയുണ്ട് .ബാറ്ററിക്ക് അടക്കം വില കുറയും. ഒട്ടേറെ തൊഴിലവസരവുമുണ്ടാകും.

പ്രമുഖ സ്ഥാപനങ്ങളുടെ നിക്ഷേപവും പ്രതീക്ഷിക്കുന്നു. നിർമ്മാണ മേൽനോട്ടത്തിനും നിർവഹണത്തിനും അന്താരാഷ്ട്ര കൺസൾട്ടന്റിനെ ക്ഷണിക്കും. ഇതിന്റെ ടെൻഡർ നടപടി 28നകം പൂർത്തിയാകും.

വി.എസ്.എസ്.സി, സെന്റർ ഫോർ ഡെവലപ്‌മെന്റ് ഒഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ്, ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ്, ട്രിവാൻഡ്രം എൻജിനിയറിംഗ് സയൻസ് ആൻഡ് ടെക്‌നോളജി റിസർച്ച് പാർക്ക് (ട്രെസ്റ്റ്) എന്നിവയുടെ കൺസോർഷ്യത്തിനാണ് പാർക്കിന്റെ നടത്തിപ്പ് ചുമതല. വ്യവസായ വകുപ്പിന്റെ കീഴിലായിരിക്കും പ്രവർത്തനം.

പാർക്കിലെ പദ്ധതികൾ

 ഇ.വികൾക്കുള്ള ബാറ്ററി,​ മോട്ടോർ, കൺട്രോളറുകൾ, ചാർജിംഗ്,​ ബാറ്ററി മെയിന്റനൻസ് യൂണിറ്റുകൾ

 അടുത്തഘട്ടത്തിൽ ഇ മൊബിലിറ്റി, എയ്‌റോസ്‌പേസ്, ലോജിസ്റ്റിക്സ് മേഖലകളിലെ കമ്പനികൾ,​ സ്റ്റാർട്ടപ്പുകൾ

വിഴിഞ്ഞത്തേക്ക് റിംഗ്

റോഡ് കണക്ടിവിറ്റി

ഇ.വി പാർക്കിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് ഔട്ടർ റിംഗ് റോഡ് വഴി കണക്ടിവിറ്റിയുണ്ടാവും.

ഒരുകാലത്ത് തലസ്ഥാനത്തെ മൊത്തം മാലിന്യവും തള്ളിയിരുന്നത് വിളപ്പിൽശാലയിലാണ്. വൻ പ്രക്ഷോഭത്തിനൊടുവിൽ മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടി. 100 ഏക്കർ സർക്കാർ ഏറ്റെടുത്ത് ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് കൈമാറുകയായിരുന്നു.


Source link

Related Articles

Back to top button