CINEMA

ഈഗോ ഇല്ലാതെ സഹകരിച്ചു, നല്ല നടനായിട്ടും വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല: എബ്രിഡ് ഷൈൻ

ഈഗോ ഇല്ലാതെ സഹകരിച്ചു, നല്ല നടനായിട്ടും വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല: എബ്രിഡ് ഷൈൻ | Abrid Shine about Mekhanathan

ഈഗോ ഇല്ലാതെ സഹകരിച്ചു, നല്ല നടനായിട്ടും വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല: എബ്രിഡ് ഷൈൻ

മനോരമ ലേഖിക

Published: November 21 , 2024 02:43 PM IST

1 minute Read

മേഘനാദൻ എന്ന നടന്റെ കലാജീവിതത്തിലെ പ്രധാന ഏടാണ് ആക്ഷൻ ഹീറോ ബിജുവിലെ നിസ്സഹായനായ കുടുംബസ്ഥന്റെ കഥാപാത്രം. ഒട്ടേറെ വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ മേഘനാദന്റെ വേറിട്ട പകർന്നാട്ടമായിരുന്നു ആക്ഷൻ ഹീറോ ബിജുവിൽ കണ്ടത്. ആദ്യ സിനിമയിൽ അഭിനയിക്കാനെത്തുന്ന നടന്റെ കൗതുകങ്ങളോടെയാണ് ആ സിനിമയിലേക്ക് മേഘനാദൻ എത്തിയതെന്ന് ഓർത്തെടുക്കുകയാണ് സംവിധായകൻ എബ്രിഡ് ഷൈൻ. മേഘനാദനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് സംവിധായകൻ എബ്രിഡ് ഷൈൻ മനോരമ ഓൺലൈനിൽ.  
എന്തുകൊണ്ട് മേഘനാദൻ?

മേഘനാദൻ അഭിനയിച്ച ചമയം എന്ന സിനിമ കാണുമ്പോൾ ഞാൻ പ്രീഡിഗ്രിക്കു പഠിക്കുകയാണ്. അന്ന് അദ്ദേഹം അവതരിപ്പിച്ച രഘു എന്ന വില്ലനെ കണ്ടു ഞാൻ പേടിച്ചുപോയിട്ടുണ്ട്. പിന്നീട് ഈ പുഴയും കടന്ന് എന്ന സിനിമയിലെ അഭിനയം കണ്ടു ഞെട്ടിയിട്ടുണ്ട്. എന്റെ രണ്ടാമത്തെ സിനിമയായിരുന്നു ആക്ഷൻ ഹീറോ ബിജു. ആ സിനിമയിലെ രംഗങ്ങളെല്ലാം കടലാസിൽ ഉണ്ടായിരുന്നെങ്കിലും, ചിത്രീകരണം നടക്കുമ്പോഴുള്ള കൂട്ടിച്ചേർക്കലുകളും ആ സീനുകൾ ഭംഗിയാക്കിയിട്ടുണ്ട്. കടൽ പോലെ മറിയുന്ന ദുഃഖവുമായി രോഹിണിയുടെ കഥാപാത്രം പൊലീസ് ജീപ്പിൽ കയറി പോകുമ്പോൾ തലയിൽ കൈ വച്ച് കുട്ടികളെയും ചേർത്തുപിടിച്ച്, തളർന്നു നിൽക്കുന്ന അതികായനായ മനുഷ്യന്റെ നിസഹായതയെ അവതരിപ്പിക്കാൻ ഒരാൾ വേണം. ശക്തർ എന്ന് കാഴ്ചയിൽ തോന്നുന്ന മനുഷ്യർ കരയുന്നതും തളരുന്നതും മനസിനെ വല്ലാതെ ഉലയ്ക്കുമല്ലോ. അപ്പോൾ അങ്ങനെയൊരു ആകാരമുള്ള നടനെ ഓർത്തപ്പോളാണ് മേഘനാഥനെ ഓർമ വന്നത്. നടന്റെ സിദ്ധികൊണ്ട് അദ്ദേഹം ആ കഥാപാത്രത്തെ ഉയർത്തി. അദ്ദേഹമാണ് ആ കഥാപാത്രത്തെ അനശ്വരമാക്കിയത്. ആദ്യ ഷോട്ടുകളുടെ ഫസ്റ്റ് എഡിറ്റ് ചെയ്തു കണ്ടപ്പോൾ തന്നെ നിറവ് തോന്നിയിരുന്നു. അത്തരം നല്ല നടന്മാരെ വേണ്ടവിധം ഉപയോഗിക്കാനായില്ല എന്ന വിഷമവും ഇടയ്ക്ക് തോന്നാറുണ്ട്.

അന്നത്തെ അദ്ഭുതം 

ആദ്യമധ്യാന്തങ്ങളുള്ള കുറേ കഥകളുള്ള സിനിമയായിരുന്നു ആക്ഷൻ ഹീറോ ബിജു. ആദ്യ ദിവസങ്ങളിലെ ഷൂട്ടുകൾ മേഘനാഥനും രോഹിണിയും കുട്ടികളുമടങ്ങുന്നതായിരുന്നു. അഭിനേതാക്കളുടെ പ്രതിഭകൊണ്ടുകൂടിയാണ് ആ രംഗങ്ങൾ അത്രയും നന്നായതെന്നു ഞാൻ വിശ്വസിക്കുന്നു. 
മേഘനാദൻ എന്ന മനുഷ്യൻ 

ബാലൻ കെ. നായർ എന്ന വലിയ താരത്തിന്റെ മകനാണെന്ന ഭാവം കാണിക്കാത്ത മനുഷ്യനായിരുന്നു മേഘനാദൻ. വളരെ സരസമായി ഓരോ രംഗങ്ങളും പ്രത്യേകം ചോദിച്ചു മനസിലാക്കി അഭിനയിക്കുന്ന നടൻ യാതൊരു ഈഗോയുമില്ലാതെയാണ് സിനിമയോട് സഹകരിച്ചത്. ലാളിത്യമുള്ള മനുഷ്യൻ എന്നാണ് മേഘനാദനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിലേക്കെത്തുന്ന കാര്യം. എളിമയോടെ ഗൃഹാതുരതയോടെ ഇടപെടുന്ന അപൂർവം ആളുകളിൽ ഒരാളാണ് അദ്ദേഹം.
ഗംഭീര നടനായിരുന്നിട്ടും മേഘനാദന് വേണ്ടത്ര നല്ല കഥാപാത്രങ്ങൾ ലഭിക്കാതെ പോയി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇടയ്ക്ക് വല്ലപ്പോഴും ഏതൊക്കെയോ സെറ്റുകളിൽ വച്ച് കണ്ടിരുന്നു എങ്കിലും അദ്ദേഹത്തിന് അസുഖം ആയിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഈ വാർത്ത കേട്ടപ്പോൾ ഞെട്ടിപ്പോയി.

English Summary:
Abrid Shine in memory of actor Mekhanathan.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-celebrity-celebritydeath f3uk329jlig71d4nk9o6qq7b4-list 25g7eq8pq2kmff8f4dno1qhlfn mo-entertainment-movie-abridshine


Source link

Related Articles

Back to top button