‘പാവമായിരുന്ന ഉണ്ണി, വില്ലൻ വേഷങ്ങൾ അഭിനയിക്കുന്നത് കണ്ടപ്പോൾ കഷ്ടം തോന്നി’
‘പാവമായിരുന്ന ഉണ്ണി, വില്ലൻ വേഷങ്ങൾ അഭിനയിക്കുന്നത് കണ്ടപ്പോൾ കഷ്ടം തോന്നി’ | Meghanathan Story
‘പാവമായിരുന്ന ഉണ്ണി, വില്ലൻ വേഷങ്ങൾ അഭിനയിക്കുന്നത് കണ്ടപ്പോൾ കഷ്ടം തോന്നി’
മനോരമ ലേഖകൻ
Published: November 21 , 2024 12:01 PM IST
1 minute Read
സേതു മാധവൻ, മേഘനാഥൻ
നടൻ മേഘനാഥനെ അനുസ്മരിച്ച് പ്രശസ്ത സാഹിത്യകാരനായ സേതു മാധവൻ. തന്റെ തിരക്കഥയിൽ ഒരുക്കിയ ‘ഒറ്റു’ എന്ന ടെലിഫിലിമിൽ പ്രധാന വേഷത്തിൽ മേഘനാഥൻ അഭിനയിച്ചിരുന്നുവെന്ന് സേതു മാധവൻ ഓർത്തെടുക്കുന്നു. ജീവിതത്തിൽ പാവമായിരുന്ന മേഘനാഥൻ വില്ലൻ വേഷങ്ങൾ അഭിനയിക്കുന്നത് കണ്ടപ്പോൾ കഷ്ടം തോന്നിയെന്നും അദ്ദേഹം കുറിച്ചു.
‘‘നടൻ മേഘനാഥൻ വിട പറഞ്ഞു. തുടക്കകാലത്തു എന്റെ തിരക്കഥയിൽ ജി. എസ്. വിജയൻ സംവിധാനം ചെയ്ത ‘ഒറ്റു’ എന്ന ടെലിഫിലിമിൽ പ്രധാന വേഷമായിരുന്നു. വിജയരാഘവൻ, ബാബു നമ്പൂതിരി, സീനത്തു എന്നിവരായിരുന്നു മറ്റു അഭിനേതാക്കൾ. അങ്കമാലിയിലെ ലൊക്കേഷനിൽ ചിലപ്പോഴെല്ലാം ഞാനും പോയിരുന്നു. പാവമായിരുന്ന ഉണ്ണി പിന്നീട് സാധാരണ വില്ലൻ വേഷങ്ങൾ അഭിനയിക്കുന്നത് കണ്ടപ്പോൾ കഷ്ടം തോന്നി. ചെറു പ്രായത്തിൽ യാത്രയായ അദ്ദേഹത്തിന് ആദരാഞ്ജലികൾ.’’–സേതു മാധവന്റെ വാക്കുകൾ.
സേതുമാധവന്റെ കുറിപ്പ് പങ്കുവച്ചുകൊണ്ട് പത്മരാജന്റെ മകനും എഴുത്തുകാരനുമായ അനന്തപത്മനാഭനും മേഘനാഥനെ അനുസ്മരിക്കുകയുണ്ടായി.
‘‘ഒരിക്കൽ മാത്രം നേരിൽ കണ്ടു. അദ്ദേഹത്തിന്റെ പിതാവ് ബാലൻ കെ. നായർ സുഖമില്ലാതെ കിടന്നപ്പോൾ നടൻ അശോകനൊപ്പം ആർസിസിയിൽ കാണാൻ പോയപ്പോൾ. ‘‘ചേട്ടനുമായി അടുപ്പമുണ്ടായിരുന്ന ആളല്ലേ ബാലേട്ടൻ. പപ്പനെ കാണുന്നത് സന്തോഷമാവും’’ എന്ന് അശോകൻ ചേട്ടൻ പറഞ്ഞ് കൊണ്ടു പോവുകയായിരുന്നു. പറഞ്ഞത് ശരിയായിരുന്നു. ബാലൻ.കെ. സാർ ‘പപ്പനെപ്പറ്റിയുള്ള ‘‘ലോറി’’ക്കാലം സ്നേഹത്തോടെ പറഞ്ഞു. കണ്ണു നിറഞ്ഞു.
നിർമ്മലമായ ഒരു വള്ളുവനാടൻ ചിരിയുമായി പിതാവിന്റെ കിടക്കയ്ക്കടുത്ത് നിന്ന ആ ദൃഢഗാത്രനെ മറക്കില്ല. അധികം സംസാരമില്ല. പിരിഞ്ഞു കഴിഞ്ഞ് ഓർത്തു, ചിരിക്കുകയും കൈ പിടിച്ച് കുലുക്കുകയും ചെയ്തതല്ലാതെ ഞങ്ങൾ തമ്മിൽ ഒരു വാക്ക് കൂടി മിണ്ടിയില്ലല്ലോ. വേദനയോടെ വിട.’’–അനന്തപത്മനാഭന്റെ വാക്കുകൾ.
English Summary:
Sethu Madhavan Remembering Meghanathan
7rmhshc601rd4u1rlqhkve1umi-list 7uhkfuaf85sh2b81h4mdl0vgig mo-celebrity-celebritydeath mo-entertainment-common-malayalammovienews mo-movie-meghanathan f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link