KERALAMLATEST NEWS

പ്രവാസികളെ ശ്രദ്ധിക്കൂ, ശമ്പള വർദ്ധനവുണ്ടാവുന്നത് ഈ തൊഴിൽ മേഖകളിൽ; ജോലിമാറ്റത്തിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

അബുദാബി: യുഎഇയിൽ തൊഴിൽ തേടുന്ന, തൊഴിൽ മാറ്റത്തിന് ശ്രമിക്കുന്ന കൂടുതൽ പ്രവാസികളും ആദ്യം പ്രാധാന്യം നൽകുന്നത് വേതനത്തിനായിരിക്കും. റോബർട്ട് ഹാഫ് എന്ന കൺസൾട്ടിംഗ് കമ്പനി പുറത്തിറക്കിയ 2025 സാലറി ഗൈഡിലും ഇക്കാര്യം വ്യക്തമാക്കുന്നു. ഇവർ നടത്തിയ സർവേയിൽ 44 ശതമാനം യുഎഇയിലെ തൊഴിലാളികളും പറഞ്ഞത് അവർ വേതനത്തിലാണ് പ്രാധാന്യം നൽകുന്നത് എന്നാണ്.

പരിശീലനത്തിനുള്ള സൗകര്യം 37 ശതമാനം, മികച്ച അവസരങ്ങൾ 34 ശതമാനം, ആനുകൂല്യങ്ങൾ 34 ശതമാനം, കോർപ്പറേറ്റ് മൂല്യങ്ങൾ 32 ശതമാനം എന്നിങ്ങനെയാണ് പിന്നീടുള്ള ഘടകങ്ങൾ. 2025 അവസാനിക്കുന്നതിന് മുൻപ് യുഎഇയിലെ 64 ശതമാനം തൊഴിലാളികളും പുതിയ തൊഴിൽ തേടുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജീവിതച്ചെലവുകളുടെ വർദ്ധനവാണ് ഇതിന് കാരണമായി മിക്കവരും ചൂണ്ടിക്കാട്ടുന്നത്.

യുഎഇയിൽ പ്രവാസികളുടെ കുത്തൊഴുക്ക് ഫിനാൻസ്, അക്കൗണ്ടിംഗ്, ഹ്യൂമൻ റിസോഴ്‌സ് തുടങ്ങിയ മേഖലകളിൽ വേതന ഇടിവിന് കാരണമാകുന്നുവെങ്കിലും രണ്ട് തൊഴിലുകളിൽ വേതന വർദ്ധനവുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിയമ, സാങ്കേതിക വിദ്യ മേഖലകളിലെ തൊഴിലുകൾക്കാണ് അടുത്ത വ‌ർഷത്തോടെ ശമ്പളവർദ്ധനവ് ഉണ്ടാവുക. ഈ മേഖലകളിൽ ഉദ്യോഗാർത്ഥികളുടെ എണ്ണം കുറവായതാണ് ഇതിന് കാരണം.

ഫിനാൻസ്, അക്കൗണ്ടിംഗ് തുടങ്ങിയ തൊഴിലുകളുടെ പ്രാരംഭ ശമ്പളത്തിൽ ശരാശരി 2.1 ശതമാനവും ചില കോർപ്പറേറ്റ് അക്കൗണ്ടിംഗ് സ്ഥാപനങ്ങളിൽ 23 ശതമാനംവരെയുമാണ് കുറവുണ്ടായത്. ഇത്തരം തൊഴിലുകൾക്ക് ഇപ്പോഴും ഡിമാൻഡുണ്ടെങ്കിലും ഉദ്യോഗാർത്ഥികളുടെ ഉടനടി ലഭ്യത അവരുടെ വിപണി മൂല്യം കുറയ്ക്കുന്നു.


Source link

Related Articles

Back to top button