ഒറ്റ ഫ്രെയ്മിൽ ബൈഡനൊപ്പം സൗഹൃദം പങ്കിട്ട് മോദിയും ട്രൂഡോയും; പിന്നാലെ ഇന്ത്യ– കാനഡ വാക്‌പോര്
ഒറ്റ ഫ്രെയ്മിൽ ബൈഡനൊപ്പം സൗഹൃദം പങ്കിട്ട് മോദിയും ട്രൂഡോയും; പിന്നാലെ ഇന്ത്യ– കാനഡ വാക്‌പോര് – Latest News | Manorama Online
ഒറ്റ ഫ്രെയ്മിൽ ബൈഡനൊപ്പം സൗഹൃദം പങ്കിട്ട് മോദിയും ട്രൂഡോയും; പിന്നാലെ ഇന്ത്യ– കാനഡ വാക്‌പോര്
ഓൺലൈൻ ഡെസ്ക്
Published: November 21 , 2024 10:18 AM IST
1 minute Read
ബ്രസീലിലെ റിയോ ഡി ജനീറോയിൽ ജി20 ഉച്ചകോടി സമാപനവേളയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ സൗഹൃദം പങ്കിടുന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ. ഇന്ത്യ–കാനഡ നയതന്ത്രബന്ധം മോശമായിത്തുടരുന്നതിനിടെയാണ് മോദിയും ട്രൂഡോയും ഒരേ വേദി പങ്കിടുന്നതും സംസാരിക്കുന്നതും. ചിത്രം: ഗെറ്റി ഇമേജസ്
ന്യൂഡൽഹി∙ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ വീണ്ടും പോർമുഖം തുറന്ന് ഇന്ത്യയും കാനഡയും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിജ്ജറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന തരത്തിൽ പുറത്തുവന്ന കാനഡയുടെ റിപ്പോർട്ട് മോദിയെ ചെളിവാരിത്തേക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഒരേ വേദിയിൽ എത്തി പരസ്പരം ആശയവിനിമയം നടത്തുന്ന ചിത്രം പുറത്തുവന്നതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും വാക്‌പോര് വീണ്ടും ആരംഭിച്ചത്.
നിജ്ജറിനെ കൊലപ്പെടുത്താനുള്ള പദ്ധതി മോദിയുടെ അറിവോടെയാണ് നടപ്പാക്കിയത് എന്ന തരത്തിൽ ഒരു കനേഡിയൻ ഉദ്യോഗസ്ഥൻ ഗ്ലോബ്, മെയിൽ എന്നീ ദിനപത്രങ്ങളിൽ നൽകിയ അഭിമുഖമാണ് വിവാദമായത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രിയും ഈ ഗൂഢാലോചനയിൽ പങ്കാളികളാണെന്നു പ്രസ്തുത പത്രറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കനേഡിയൻ സർക്കാർ സ്രോതസ്സിൽ നിന്ന് പത്രത്തിനു ലഭിച്ചതായി പറയപ്പെടുന്ന ഇത്തരം അസംബന്ധ പ്രസ്താവനകൾ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയണമെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കാൻ മാത്രമേ കാരണമാകുകയുള്ളൂവെന്നും ജെയ്‌സ്വാൾ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രശ്നം നടന്നുകൊണ്ടിരിക്കെ, മോദിയും ട്രൂഡോയും ജി20 ഉച്ചകോടി വേദിയിൽ എത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഉച്ചകോടിയുടെ സമാപനവേദിയിലാണ് ഇരു നേതാക്കളും കണ്ടുമുട്ടിയതും പരസ്പരം സംസാരിച്ചതും. ജി20 ഉച്ചകോടി സമാപനവേളയിൽ വൈകിപ്പോയതുകൊണ്ട് തിങ്കളാഴ്ചത്തെ ഗ്രൂപ്പ് ഫോട്ടോയിൽ ഉൾപ്പെടാതെ പോയ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജ മെലോനി എന്നിവരെക്കൂടി ഉറപ്പാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നേതാക്കൾ ചൊവ്വാഴ്ച വീണ്ടും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രമാണ് പുറത്തുവന്നത്. ജോ ബൈഡനുമായി ഇരുവരും ആശയവിനിമയം നടത്തുന്നതും പരസ്പരം ചിരിക്കുന്നതും ചിത്രത്തിലുണ്ട്. ബൈഡന്റെ ഇരുവശങ്ങളിലുമായാണ് മോദിയും ട്രൂഡോയും ചിത്രത്തിനു പോസ് ചെയ്യാൻ നിന്നത്. തുടർന്ന് ഇരുവരും ബൈഡന്റെ മധ്യസ്ഥതയിൽ സംസാരിക്കുകയായിരുന്നു. ചിത്രമെടുത്തതിനു ശേഷം നേതാക്കളെല്ലാം കയ്യടിച്ച് പരസ്പരം കൈകൾ ചേർത്തു പിടിക്കുന്നതും പുറത്തിറങ്ങിയ വിഡിയോയിൽ കാണാം.
English Summary:
Tensions flare between India and Canada at the G20 Summit as accusations fly over the assassination of Khalistan terrorist Hardeep Singh Nijjar
5us8tqa2nb7vtrak5adp6dt14p-list mo-news-common-canadaindiatensions 40oksopiu7f7i7uq42v99dodk2-list 1q5spaf6vfrka0h4igolftfmvu mo-news-world-countries-india-indianews mo-news-common-worldnews mo-crime-murder mo-crime-khalistan mo-news-common-diplomaticimmunity mo-politics-leaders-narendramodi mo-politics-leaders-internationalleaders-justintrudeau
Source link