അനധികൃത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ: സ്ഥിരം സംവിധാനത്തിന് നിർദ്ദേശം
കൊച്ചി: അംഗീകാരമില്ലാത്ത പ്ലാസ്റ്റിക് ഉത്പന്ന നിർമ്മാണം തടയാൻ സ്ഥിരം ആക്‌ഷൻ പ്ലാൻ തയാറാക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് ഉത്തരവ് നൽകി ഹൈക്കോടതി. ഇതിന്റെ വിശദാംശങ്ങൾ സമർപ്പിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഉത്തരവിട്ടത്. പ്ലാസ്റ്റിക് മാലിന്യ കൈകാര്യ ചട്ട പ്രകാരം രജിസ്ട്രേഷനെടുക്കാത്ത സ്ഥാപനങ്ങൾ ഉത്പന്നങ്ങൾ നിർമ്മിക്കുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി കെ.വി. സുധാകരനടക്കം സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ലക്ഷ്യം നടപ്പാകണമെങ്കിൽ സർക്കാർ ഏജൻസികളുടെ നിരന്തര പരിശോധിക്കണമെന്നും മലിനീകരണ നിയന്ത്രണബോർഡിനാണ് പ്രധാന ഉത്തരവാദിത്വമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്തെല്ലാം സഹായമാണ് മറ്റ് വകുപ്പുകളിൽ നിന്ന് വേണ്ടതെന്ന് വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാനും ഇതിന്റെ പകർപ്പ് പരിസ്ഥിതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറാനും കോടതി നിർദ്ദേശിച്ചു. . വിഷയം ഡിസംബർ ആറിന് വീണ്ടും പരിഗണിക്കും. ഹർജിക്കാരനു വേണ്ടി സീനിയർ അഭിഭാഷകൻ പി.ബി. സഹസ്രനാമൻ ഹാജരായി.
Source link