KERALAM

തൊണ്ടിമുതൽ തിരിമറിക്കേസ് പുനഃസ്ഥാപിച്ച് സുപ്രീംകോടതി

എം.പി. പ്രദീപ്കുമാർ | Thursday 21 November, 2024 | 12:56 AM

ന്യൂഡൽഹി: എം.എൽ.എയും മുൻമന്ത്രിയുമായ ആന്റണി രാജുവിനെതിരെ നെടുമങ്ങാട് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലുള്ള തൊണ്ടിമുതൽ തിരിമറിക്കേസ് പുനഃസ്ഥാപിച്ച് സുപ്രീംകോടതി. മൂന്നുദശകത്തിലേറെയായ കേസിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണം. ആന്റണിരാജു ഡിസംബർ 20നോ, തൊട്ടടുത്ത പ്രവൃത്തിദിവസമോ കോടതിയിൽ ഹാജരാകണം. വിചാരണക്കോടതിയിലെ നടപടികൾ റദ്ദാക്കിയതിൽ കേരള ഹൈക്കോടതിക്ക് തെറ്രുപറ്റിയെന്ന് ജസ്റ്റിസുമാരായ സി.ടി.രവികുമാർ, സഞ്ജയ് കരോൽ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. തിരിമറി ആരോപണത്തിൽ പുതിയ അന്വേഷണത്തിന് രജിസ്ട്രാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതു ചോദ്യംചെയ്‌ത് ആന്റണി രാജുവും വിചാരണക്കോടതിയിലെ നടപടികൾ റദ്ദാക്കിയതിനെതിരെ പൊതുപ്രവർത്തകനായ എം.ആർ.അജയനും സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

കോടതി നടപടികളുമായി ബന്ധപ്പെട്ട തൊണ്ടിമുതലിൽ തിരിമറിയുണ്ടായാൽ പൊലീസ് സമർപ്പിക്കുന്ന കുറ്റപത്രത്തിന്മേൽ വിചാരണ നടത്താൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. ക്രിമിനൽ നടപടിക്രമത്തിലെ, ഇതുസംബന്ധിച്ച 195(1)(ബി) വകുപ്പ് കണക്കിലെടുത്തായിരുന്നു നടപടി. ഇത് സുപ്രീംകോടതി അംഗീകരിച്ചില്ല. ഹൈക്കോടതിയുടെയും തിരുവനന്തപുരം ജില്ലാ ജഡ്‌ജിയുടെയും കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണമെന്ന് നിരീക്ഷിച്ചു.

1990 ഏപ്രിലിലാണ് ലഹരിക്കേസ് പ്രതിയായ ഓസ്ട്രേലിയൻ സ്വദേശി ആൻഡ്രൂ സാൽവത്തോർ തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നുമായി പിടിയിലാകുന്നത്. പ്രതിയെ രക്ഷിക്കാൻ, തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ അഭിഭാഷകനായിരിക്കെ ആന്റണിരാജു തിരിമറി നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. തൊണ്ടി ക്ലാർക്കായിരുന്ന ജോസ് കൂട്ടുപ്രതിയാണ്. അടിവസ്ത്രം പ്രതിക്ക് പാകമാകാത്ത സാഹചര്യത്തിൽ പ്രതിയെ ഹൈക്കോടതി വെറുതെവിട്ടിരുന്നു.

 ‘വിചാരണ നേരിടാൻ തയ്യാർ”

താൻ വിചാരണ നേരിടാൻ തയ്യാറാണെന്ന് ആന്റണിരാജു പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ഭയമില്ല. ഇതുപോലെയുള്ള പ്രതിസന്ധികളാണ് എന്നെ കൂടുതൽ കരുത്തനാക്കിയിട്ടുള്ളത്. എന്റെ മുന്നോട്ടുള്ള പൊതുപ്രവർത്തനത്തിൽ ഇതുയാതൊരു വിധത്തിലുള്ള കുറവുമുണ്ടാക്കില്ല. വിധി പകർപ്പിന്റെ പൂർണ വിവരം ലഭിച്ചശേഷം വിശദമായി പ്രതികരിക്കാമെന്നും ആന്റണിരാജു പറഞ്ഞു.

ജുഡിഷ്യറിയുടെ ഭരണനിർവഹണ സംവിധാനത്തിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന വിധിയാണെന്നും സുപ്രീംകോടതിയിൽ പുനഃപരിശോധനാഹർജി സമർപ്പിക്കുമെന്നും ആന്റണി രാജുവിന്റെ അഭിഭാഷകൻ ദീപക് പ്രകാശ് കേരളകൗമുദിയോട് പറഞ്ഞു.


Source link

Related Articles

Back to top button