കവർച്ചയ്ക്കായി എത്തിയത് 14 അംഗ കുറുവ സംഘം, പിടിയിലായ സന്തോഷ് സംഘാംഗം
പ്രതി സന്തോഷ് ശെൽവവുമായി പൊലീസ്
ആലപ്പുഴ: വീടുകളിലടക്കം കവർച്ച ലക്ഷ്യമിട്ട് സംസ്ഥാനത്തെത്തിയത് തമിഴ്നാട്ടിലെ കുറുവ സംഘത്തിൽപെട്ട 14 പേരാണെന്ന് പൊലീസ്. ആലപ്പുഴ കോമളപുരത്ത് കവർച്ച നടത്തിയത് ഈ സംഘമാണെന്ന് സ്ഥിരീകരിച്ചു. സംഘത്തിലെ തമിഴ്നാട് തേനി ഉത്തമപാളം കാമാക്ഷിപുരം കോവിൽ തെരുവിൽ സന്തോഷ് ശെൽവത്തെ (25) കഴിഞ്ഞ ദിവസം കൊച്ചിയിലെ കുണ്ടന്നൂരിൽ നിന്ന് ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി അറസ്റ്റു ചെയ്തിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.
സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന തിരുനെൽവേലി സ്വദേശി മണികണ്ഠൻ (25) കസ്റ്റഡിയിലുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരുന്നു. കവർച്ചയ്ക്കുശേഷം തുണ്ടം തുണ്ടമാക്കിയ സ്വർണ്ണാഭരണം പൊലീസ് കണ്ടെടുത്തു. പിടിയിലായ ഇരുവരുടെയും ഭാര്യമാരും കുട്ടികളും ഇന്നലെ മണ്ണഞ്ചേരി സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ നടത്തിയ ശ്രമം വനിത പൊലീസ് ഇടപ്പെട്ട് ഒഴിവാക്കി.
കഴിഞ്ഞ 12ന് പുലർച്ചെ 12.30നും രണ്ടിനും ഇടയിൽ മണ്ണഞ്ചേരി പഞ്ചായത്ത് 11ാം വാർഡ് വടക്കനാര്യാട് മാളിയേക്കൽ വീട്ടിൽ കുഞ്ഞുമോന്റെ ഭാര്യ ഇന്ദുവിന്റെ മൂന്നേമുക്കാൽ പവന്റെ താലിമാലയും നായ്ക്കംവെളിയിൽ അജയകുമാറിന്റെ ഭാര്യ ജയന്തിയുടെ ആറ് ഗ്രാം താലിയും കൊളുത്തുമാണ് അടുക്കളവാതിൽ പൊളിച്ചു ഉള്ളിൽകടന്ന് കവർന്നത്. ഇവിടങ്ങളിൽ സന്തോഷ് ശെൽവത്തെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
പച്ചകുത്തിയ അടയാളം
നിർണായകമായി
സന്തോഷിന്റെ പേരിൽ 30 മോഷണക്കേസുകളുണ്ട്. 8 എണ്ണം കേരളത്തിലും ശേഷിക്കുന്നത് തമിഴ്നാട്ടിലും. പാലായിലെ മോഷണക്കേസിൽ ജയിൽവാസം കഴിഞ്ഞ് മൂന്നരമാസം മുമ്പ് പുറത്തിറങ്ങിയ ഇയാൾ പുനലൂരിൽ പരിചയപ്പെട്ട മണികണ്ഠനുമായി കുണ്ടന്നൂരിൽ താമസിക്കുകയായിരുന്നു. സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സന്തോഷിന്റെ നെഞ്ചിൽ പച്ചകുത്തിയ അടയാളവും തേനിയിൽ നിന്ന് പൊലിസിന് ലഭിച്ച വിവരങ്ങളുമാണ് തിരിച്ചറിയാൻ സഹായകമായത്. പിടിയിലാകാതിരിക്കാൻ മോഷണ സ്ഥലത്ത് ഫോൺ കൊണ്ടുപോകാറില്ല. മോഷണമുതലുകൾ മാസത്തിലോ ആഴ്ചയിലോ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ വില്പന നടത്തുന്നതാണ് രീതി.
കൊല്ലാനും മടിക്കാത്തവർ
സ്വന്തം ലേഖകൻ
കൊച്ചി: മാരകായുധങ്ങളുമായി ഇരുട്ടിന്റെ മറവിൽ ദേഹമാകെ കരിയും എണ്ണയും പുരട്ടി കൊള്ളയ്ക്കിറങ്ങുന്ന കുറുവാസംഘം കൊല്ലാനും മടിക്കില്ല. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് സംഘം തമ്പടിക്കുന്നത്. കമ്പം, ബോഡിനായ്ക്കന്നൂർ, കോയമ്പത്തൂർ, മധുര, തഞ്ചാവൂർ എന്നിവിടങ്ങളിൽ ഇവർക്ക് താവളങ്ങളുണ്ട്. ആയുധധാരികളായ മോഷ്ടാക്കളുടെ സംഘം എന്ന അർത്ഥത്തിൽ തമിഴ്നാട് ഇന്റലിജൻസാണ് കുറുവ സംഘം എന്ന പേരിട്ടത്.
പകൽ ആക്രി പെറുക്കിയും വിവിധ സ്ഥാപനങ്ങളിൽ തൊഴിലെടുത്തും സ്ഥലങ്ങൾ നിരീക്ഷിച്ചാണ് രാത്രി മോഷണം നടത്തുന്നത്. സാധാരണക്കാരുടെ വീടുകളാണ് ലക്ഷ്യമിടുക. അംഗങ്ങൾ കുറവുള്ളതും പിൻവശത്തെ വാതിൽ ദുർബലവുമായ വീടുകളും നോട്ടമിടും. ചിലപ്പോൾ വീടിന് പുറത്തെ പൈപ്പിൽ നിന്ന് വെള്ളം തുറന്നുവിട്ട് ശബ്ദമുണ്ടാക്കും. കുഞ്ഞിന്റെ കരച്ചിൽ കേൾപ്പിക്കും. ശബ്ദം കേട്ട് പുറത്തിറങ്ങുന്ന വീട്ടുകാരെ ആക്രമിച്ച് അകത്തു കയറാനാണിത്. ആയുധങ്ങൾ കൈവശമുണ്ടാകും. മൂന്നു മാസം മുമ്പാണ് അറസ്റ്റിലായ സന്തോഷ് സെൽവരാജും മറ്റുള്ളവരും കുണ്ടന്നൂർ പാലത്തിന് താഴെ താമസം തുടങ്ങിയത്.
അർദ്ധനഗ്നരായി മോഷണം
ചെറുപ്പക്കാർ മുതൽ 55 പിന്നിട്ടവർവരെ സംഘത്തിലുണ്ട്. അഭ്യാസങ്ങൾ പഠിച്ചവരാണ്. പെട്ടെന്ന് കീഴ്പ്പെടുത്താവില്ല. മോഷണത്തിന് ആറുമാസം മുമ്പ് തമ്പടിച്ച സ്ഥലത്ത് നിന്നു മാറും. തമ്പടിച്ചതിനു 10 കിലോമീറ്ററെങ്കിലും മാറിയായിരിക്കും കവർച്ച. മദ്യപിച്ചാണ് മോഷണത്തിനെത്തുന്നത്. അർദ്ധനഗ്നനായി കണ്ണുകൾമാത്രം പുറത്തു കാണുന്ന തരത്തിൽ മുഖംമൂടി ധരിക്കും.
Source link