ക്ഷേത്രദർശനം നടത്തുന്ന ആന്റണിക്ക് കീർത്തി മതം മാറണമെന്നില്ല; മകളുടെ വിവാഹത്തെപ്പറ്റി സുരേഷ് കുമാർ
ദക്ഷിണേന്ത്യയുടെ മനം കവർന്ന യുവനടി കീർത്തി സുരേഷിന് ( 32) പതിനഞ്ച് വർഷത്തെ പ്രണയം സഫലമാകാൻ പോകുകയാണ്. ഹൈസ്‌കൂൾ കാലത്ത് തുടങ്ങിയ പ്രണയത്തിലെ നായകൻ ആന്റണി തട്ടിൽ എന്ന ബിസിനസുകാരനാണെന്ന് ഇന്നലെ വാർത്തകൾ വന്നിരുന്നു.
കൊച്ചി സ്വദേശിയായ ആന്റണി ദോഹയിൽ ബിസിനസുകാരനാണ്. പ്രണയ സാക്ഷാത്കാരത്തിന് കീർത്തിയുടെ പിതാവും നിർമ്മാതാവുമായ ജി.സുരേഷ്‌കുമാറും അമ്മയും നടിയുമായ മേനകയും സമ്മതം മൂളി. അടുത്തമാസം 11ന് ഗോവയിലാണ് വിവാഹം. ഈ മാസം 25ന് വിവാഹ നിശ്ചയം.
രണ്ട് മത വിശ്വാസം വിവാഹത്തിന് തടസമാകുമെന്ന ആശങ്ക ഉണ്ടായിരുന്നു. ആന്റണിയും സുരേഷ്‌കുമാറും തമ്മിൽ നടന്ന ചർച്ചയോടെ എല്ലാം ശുഭമായി. ക്ഷേത്രദർശനം നടത്തുന്ന ആന്റണിക്ക് കീർത്തി മതം മാറണമെന്നില്ല. വിവാഹം മതപരമായ ചടങ്ങാകില്ല. അഥവാ ഉണ്ടെങ്കിൽ ഇരു മതങ്ങൾക്കും പ്രധാന്യം നൽകും.
പ്രണയം അടുത്തിടെ അഭിമുഖത്തിൽ കീർത്തി സൂചിപ്പിച്ചിരുന്നു. പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താൻ സിംഗിളാണെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി. നായകനെ വെളിപ്പെടുത്തിയില്ല. വിവാഹം തായ്‌ലൻഡിൽ നടത്താനാണ് ആന്റണിയും കീർത്തിയും ആലോചിച്ചത്. മാതാപിതാക്കളുടെ അഭിപ്രായം മാനിച്ചാണ് ഗോവയാക്കിയതെന്നാണ് സൂചന. ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയാണ് സുരേഷ്‌കുമാർ.
കീർത്തിയുടെ മലയാളത്തിലെ അരങ്ങേറ്റ സിനിമ ഗീതാഞ്ജലിയായിരുന്നു. പെട്ടെന്ന് തമിഴിലും തെലുങ്കിലും താരമായി. തെലുങ്കിൽ ദുൽഖർ സൽമാനൊപ്പം അഭിനയിച്ച മഹാനടി വഴിത്തിരിവായി. വിഖ്യാത നടി സാവിത്രിയുടെ ദുരന്ത ജീവിതം പകർന്നാടിയ ആ വേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി.വിജയ്‌യുടെ ‘തെരി’യുടെ റീമേക്കായ ബേബി ജോണിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ് കീർത്തി.
മകളുടെ ഇഷ്ടത്തിനാണ് പ്രധാന്യം. ഞങ്ങളുടെ ആശങ്കകൾ ആന്റണി പരിഹരിച്ചിട്ടുണ്ട്. എല്ലാവരുടേയും സമ്മതത്തോടെയാണ് വിവാഹം”- ജി.സുരേഷ്‌കുമാർ
Source link