കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ബാല്യകാല സുഹൃത്ത്
തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആന്റണി തട്ടിൽ ആണ് വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. വിവാഹക്കാര്യം ഔദ്യോഗികമായി കീർത്തിയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത മാസം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
താൻ പ്രണയത്തിലാണെന്ന സൂചന അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി നൽകിയിരുന്നു. പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു കീർത്തിയുടെ മറുപടി. എന്നാൽ, ആരെയാണ് പ്രണയിക്കുന്നതെന്ന വിവരം ഒരിക്കലും കീർത്തി വെളിപ്പെടുത്തിയിരുന്നില്ല.
നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയമകളാണ് കീർത്തി. സിനിമയിൽ അമ്മയുടെ വഴി തിരഞ്ഞെടുത്ത കീർത്തിയുടെ അരങ്ങേറ്റ ചിത്രം ഗീതാഞ്ജലിയായിരുന്നു. മലയാളത്തിൽ മോഹൻലാലിനൊപ്പം തുടക്കം കുറിച്ച കീർത്തി വളരെ പെട്ടെന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചുവടു മാറ്റി. തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രം കീർത്തിയുടെ കരിയറിൽ വഴിത്തിരിവായി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അടക്കം ആ കഥാപാത്രത്തിലൂടെ കീർത്തി നേടി.
ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. അതിനിടയിലാണ് വിവാഹ വാർത്ത പുറത്തു വന്നിരിക്കുന്നത്. വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
English Summary:
Keerthy Suresh to marry longtime boyfriend Antony Thattil in December
Source link