CINEMA

ടോപ്‌ലെസ്സ് ഫോട്ടോഷൂട്ട്, രജനികാന്തിനെതിരായ വിമർശനം: വിവാദങ്ങൾ വിടാത്ത കസ്തൂരി


കസ്തൂരിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ ആദ്യം വരുന്ന ഓര്‍മ ‘അനിയന്‍ബാവ ചേട്ടന്‍ബാവ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നരേന്ദ്രപ്രസാദിന്റെ മകളായി അഭിനയിച്ച കഥാപാത്രത്തെയാണ്. ആ സിനിമയുടെ നെടുംതൂണുകളിലൊന്നായിരുന്നു കസ്തൂരിയുടെ നായികാ വേഷം. എന്നാല്‍ പിന്നീട് അതേ പ്രഭാവം നിലനിര്‍ത്തുന്ന കഥാപാത്രങ്ങള്‍ അവര്‍ക്ക് ലഭിച്ചില്ല. കസ്തൂരി വിവാഹിതയായി കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു എന്നൊക്കെ ചില വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ആരെ, എവിടെ, എങ്ങനെ എന്നൊന്നും ആരും അന്വേഷിച്ചില്ല. മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ തക്ക പ്രാധാന്യം മലയാള സിനിമയില്‍ അവര്‍ക്ക് ഉണ്ടായിരുന്നില്ല എന്നതും ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ അത്ര സജീവമല്ലായിരുന്നു എന്നതും ഒരു കാരണമാവാം. 
രജനിയെ വിമര്‍ശിച്ച് വാര്‍ത്തകളില്‍

കസ്തൂരി ശങ്കര്‍ എന്നതാണ് അവരുടെ പൂര്‍ണനാമം. പിതാവ് പി.എസ്.ശങ്കര്‍. മാതാവ് അഭിഭാഷകയായ സുമതി. ബിരുദപഠനം കഴിഞ്ഞ് കോളജില്‍ നിന്നിറങ്ങിയതിന് തൊട്ടുപിന്നാലെ കസ്തൂരി തന്റെ സെലിബ്രിറ്റി ലൈഫ് ആരംഭിച്ചു. മിസ് ചെന്നൈ കിരീടം നേടിയായിരുന്നു തുടക്കം. അതേവര്‍ഷം തന്നെ ഫെമിന മിസ് മദ്രാസ് ബ്യൂട്ടിയിലും അവര്‍ റണ്ണര്‍ അപ്പായി. മോഡലിങായിരുന്നു അക്കാലത്ത് കസ്തൂരിക്ക് ഇഷ്ടം. പല ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയും മോഡലിങ് ചെയ്ത് ചെറുപ്രായത്തില്‍ തന്നെ പണം സമ്പാദിക്കാന്‍ തുടങ്ങി. ഇതിനിടെ ബിബിസിയുടെ മാസ്റ്റര്‍ മൈന്‍ഡ് ഇന്ത്യ ക്വിസില്‍ ഫൈനലിസ്റ്റായി.

കൂടുതല്‍ മാധ്യമശ്രദ്ധ ലഭിച്ചതോടെ സിനിമാക്കാരുടെ കണ്ണിലും പെട്ടു കസ്തൂരി. 1991ല്‍ റിലീസായ ‘ആതാ ഉന്‍ കൊയിയിലേ’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ലോബജറ്റ് പടങ്ങളിലുടെ തുടക്കമിട്ട കസ്തൂരി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് കമൽ‍‍‍‍ഹാസന്റെ ഇന്ത്യനില്‍ അഭിനയിച്ചതോടെയാണ്. വിവിധ തെന്നിന്ത്യന്‍ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. ചക്രവര്‍ത്തി, അഗ്രജന്‍, മംഗല്യപല്ലക്ക്, പഞ്ചപാണ്ഡവര്‍ എന്നിങ്ങനെ വേറെയും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അനിയന്‍ബാവയായിരുന്നു കസ്തൂരിയ്ക്ക് മലയാളത്തില്‍ മേല്‍വിലാസമുണ്ടാക്കി കൊടുത്ത ചിത്രം. 
എന്നും വിവാദങ്ങളുടെ കളിത്തോഴിയായിരുന്നു അവര്‍. വീണ്ടുവിചാരമില്ലാതെ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ അവരെ വാര്‍ത്തകളിലേക്ക് വലിച്ചിഴച്ചു. അതിന്റെ തുടക്കം 2017ലായിരുന്നു. രജനികാന്ത് തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത് സംബന്ധിച്ച് ചൂടുപിടിച്ച ചര്‍ച്ചകളും ആലോചനകളും നടക്കുന്ന സമയം. അദ്ദേഹത്തിന്റെ സാധ്യതകളെ ചോദ്യം ചെയ്തുകൊണ്ട് കസ്തൂരി നടത്തിയ പ്രസ്താവന രജനിയുടെ ആരാധകരെ ചൊടിപ്പിച്ചു. രജനിയെ പോലെ ഒരു ഇതിഹാസ താരത്തെ വിമര്‍ശിക്കാന്‍ സാധാരണ ഗതിയില്‍ സീനിയര്‍ താരങ്ങള്‍ പോലും ധൈര്യപ്പെടാത്ത സന്ദര്‍ഭത്തിലായിരുന്നു കസ്തൂരിയുടെ അഭിപ്രായപ്രകടനം.തൊട്ടടുത്ത വര്‍ഷം രാജീവ്ഗാന്ധി വധം സംബന്ധിച്ച് രജനികാന്ത് നടത്തിയ ചില അഭിപ്രായപ്രകടനങ്ങള്‍ തികഞ്ഞ അജ്ഞത മൂലമാണെന്ന് തുറന്നടിക്കാനും കസ്തൂരി മടിച്ചില്ല. ഇതേച്ചൊല്ലി രജനി ആരാധകരും അനുയായികളും കസ്തൂരിയും തമ്മില്‍ ചൂടേറിയ സംവാദങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും സംഭവിക്കുകയുണ്ടായി. 
വിവാദങ്ങള്‍ക്ക് പിന്നാലെ

മീടു മൂവ്‌മെന്റ ് ശക്തിപ്പെട്ട കാലത്ത് പല പ്രശസ്ത അഭിനേത്രികളും തങ്ങളുടെ മോശം അനുഭവങ്ങള്‍ തുറന്ന് പറയാന്‍ വിമുഖത കാണിച്ചപ്പോള്‍ കസ്തൂരി അവിടെയും ആര്‍ജവം വെടിഞ്ഞില്ല. പുരുഷന്‍മാരുടെ താത്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കാത്തതിന്റെ പേരില്‍ പല സിനിമകളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് അവര്‍ തുറന്നടിച്ചു. ഒരു നായകനടന്‍ തനിക്കെതിരെ പ്രതികാരനടപടികളുമായി മുന്നിട്ടിറങ്ങിയതും അദ്ദേഹത്തിന് പങ്കാളിത്തമില്ലാത്ത മറ്റ് പ്രൊജക്ടുകളില്‍ നിന്ന് പോലും സ്വസ്വാധീനം ഉപയോഗിച്ച് പുറത്താക്കാന്‍ ശ്രമിച്ചതും കസ്തൂരി വെളിപ്പെടുത്തി. തമിഴ് സിനിമയിലെ ആചാര്യസ്ഥാനത്തുളള സംവിധായകന്‍ ഭാരതിരാജയ്ക്കും മകനും കറുത്ത തൊലിയാണെങ്കിലും അവര്‍ തങ്ങളുടെ സിനിമകളില്‍ അവതരിപ്പിക്കുന്നത് കനംകുറഞ്ഞ വെളുത്ത തൊലിയുളള പെണ്‍കുട്ടികെളയാണെന്നും കസ്തൂരി ആക്ഷേപിക്കുകയുണ്ടായി. ഒരു ഘട്ടത്തില്‍ തമിഴിലെ ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ്.ശങ്കര്‍ പോലും കസ്തൂരിയുടെ വിമര്‍ശന ശരത്തിന് ഇരയായി. 
തമിഴ് നടന്‍ അജിത്തിന്റെ ആരാധകനെന്ന് സ്വയം അവകാശപ്പെട്ട ഒരു യുവാവ് കസ്തൂരിക്കെതിരെ അനാവശ്യമായ ഒരു ലൈംഗിക പരമാര്‍ശം നടത്തുകയുണ്ടായി. ഒരാഴ്ചയ്ക്കകം തനിക്ക് ഒരു പെണ്ണിനെ വേണമെങ്കില്‍ അമ്മയോടോ സഹോദരിയോടോ ചോദിക്കാന്‍ പറഞ്ഞ് കസ്തൂരി അയാളോട് അതിരൂക്ഷഭാഷയില്‍ പ്രതികരിച്ചു. അയാള്‍ക്കെതിരെ ഇട്ട സമൂഹമാധ്യമ പോസ്റ്റില്‍ കസ്തൂരി ഡേര്‍ട്ടി അജിത്ത് ഫാന്‍സ് എന്ന് ടാഗ് ചെയ്തു. ഇതില്‍ ക്ഷുഭിതരായ അജിത്ത് ആരാധകരില്‍ ചിലര്‍ ഡര്‍ട്ടി കസ്തൂരി ഫാന്‍സ് എന്ന് തിരിച്ചും ടാഗ് ചെയ്തു. ഇത് വലിയ വാക്ക് തര്‍ക്കങ്ങളിലേക്കും വിവാദങ്ങളിലേക്കും നയിച്ചു. ഇത്തരം നീക്കങ്ങളുമായി നടന്‍ അജിത്തിന് യാതൊരു ബന്ധവും മനസറിവുമില്ലെന്നതായിരുന്നു വിചിത്രം. എന്നാല്‍ അവിടം കൊണ്ടൊന്നും കസ്തൂരി വിവാദങ്ങള്‍ കൈവിട്ടില്ല. ഈയിടെ ഹിന്ദു മക്കള്‍ കക്ഷി സംഘടിപ്പിച്ച ഒരു യോഗത്തില്‍ തമിഴ്‌നാട്ടില്‍  സ്ഥിരതാമസമാക്കിയ തെലുങ്ക് സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന ഇറക്കിയതിന്റെ പേരില്‍ ഹൈദ്രാബാദില്‍ വച്ച് കസ്തൂരി അറസ്റ്റ് ചെയ്യപ്പെട്ടു. 
തെലുങ്ക് സ്ത്രീകള്‍ക്ക് എതിരെ
രാജാക്കന്‍മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായെത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തമിഴ്‌നാട്ടിലെ തെലുങ്കര്‍ എന്നതായിരുന്നു കസ്തൂരിയുടെ അധിക്ഷേപ പരാമര്‍ശം. വിവിധ സംഘടനകള്‍ നിരുത്തരവാദത്തപരമായ ഈ പ്രസ്താവനയ്ക്ക് എതിരെ രംഗത്ത് എത്തി. ആറോളം കേസുകള്‍ ചെന്നെയില്‍ മാത്രം കസ്തൂരിക്ക് എതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. താന്‍ പറഞ്ഞത് ആ അർഥത്തിലല്ലെന്നും വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും പറഞ്ഞ് തൊട്ടു പിന്നാലെ രംഗത്ത് എത്തിയ കസ്തൂരി ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാല്‍ ഇതൊന്നും വിലപ്പോയില്ല. 

ഈ വിഷയം സംബന്ധിച്ച് ചോദ്യം ചെയ്യാനായി പോലീസ് അവരുടെ വീട്ടിലെത്തിയെങ്കിലും കസ്തൂരി ഒളിവിലാണെന്ന മറുപടിയാണ് കിട്ടിയത്. മൂന്ന് ദിവസങ്ങളായി അവര്‍ക്കു വേണ്ടിയുളള തിരച്ചിലിലായിരുന്നു പോലീസ്. മുന്‍കുര്‍ ജാമ്യത്തിനായി കസ്തൂരി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തളളിക്കളഞ്ഞു. തന്റെ പ്രസംഗത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ കലാപമോ മറ്റേതെങ്കിലും തരത്തിലുളള പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെന്നും ഭരിക്കുന്ന കക്ഷിയുടെ അസഹിഷ്ണുതയും എതിര്‍ശബ്ദങ്ങളോടുളള വിദ്വേഷ മനോഭാവവുമാണ് ഇതിന് പിന്നിലെന്നും അവര്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അത് മുഖവിലയ്‌ക്കെടുത്തില്ല. തെലുങ്ക് വംശജരായ സ്ത്രീകള്‍ക്കെതിരെ എങ്ങനെയാണ് ഇത്തരത്തിലുളള പരാമര്‍ശങ്ങള്‍ നടത്താന്‍ കഴിയുന്നതെന്ന് കോടതി ചോദിച്ചു. 
തന്റെ പ്രസ്താവന വസ്തുതകളെ അടിസ്ഥാനമാക്കിയുളള പൊതുവായ പരാമര്‍ശം മാത്രമായിരുന്നെന്നും തെലുങ്ക് സ്ത്രീകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചുളളതല്ലെന്നും തെലുങ്ക് സ്ത്രീകളുടെ സദാചാര ബോധത്തെക്കുറിച്ച് തനിക്ക് വ്യത്യസ്താഭിപ്രായമില്ലെന്നും അവര്‍ വിശദീകരിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. കോടതിയില്‍ തമിഴ്‌നാട് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദമുഖമാണ് കസ്തൂരിക്ക് വിനയായത്. കസ്തൂരിയുടെ വിവാദപ്രസ്താവന അയല്‍സംസ്ഥാനങ്ങളുമായുളള തമിഴ്‌നാടിന്റെ ബന്ധത്തെ ബാധിക്കുമെന്നും അതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നും വാദം ഉയര്‍ന്നു. 
ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഒളിവില്‍ പോയ  കസ്തൂരിയെ ചെന്നെയില്‍ നിന്നുളള പ്രത്യേക അന്വേഷണ സംഘം ഹൈദ്രബാദില്‍ വച്ച് അറസ്റ്റ് ചെയ്തു. ഒരു നിര്‍മാതാവിന്റെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. എഗ്മുര്‍ കോടതി റിമാന്‍ഡ് ചെയ്ത കസ്തൂരിയെ പിന്നീട് വനിതാ ജയിലിലേക്ക് മാറ്റി. രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെയെന്നാണ് കസ്തൂരി അറസ്റ്റിനോട് പ്രതികരിച്ചത്. താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും ഹൈദ്രബാദിലെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ് എന്നും അവര്‍ കൂട്ടിചേര്‍ത്തു. 
വിചിത്രമായ നിലപാടുകള്‍

വൈചിത്ര്യം നിറഞ്ഞ നിലപാടുകളിലുടെ ശ്രദ്ധേയയായ കസ്തൂരിയുടെ ജീവിതത്തില്‍ മുന്‍പും വിചിത്രമായ പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്. അതിലൊന്നാണ് കുമുദം വാരികയില്‍ അവര്‍ എഴുതിയ പ്രതിവാരപംക്തി. ൃ ജേസ് ബെല്ലിന്റെ ദ ബോഡീസ് ഓഫ് മദേഴ്‌സ്: എ ബ്യൂട്ടിഫുള്‍ ബോഡി പ്രൊജക്ടിന്റെ ഭാഗമായി അവര്‍ ടോപ്പ്‌ലസ് അര്‍ദ്ധനഗ്ന ഫോട്ടോസെഷനും നിന്നുകൊടുത്തു. ലജന്റുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ശ്രീദേവി അടക്കമുളള താരങ്ങള്‍ നില്‍ക്കെ കസ്തൂരി: എ സൗത്ത് ഇന്ത്യന്‍ ഫിലിം സ്റ്റാര്‍ എന്ന ടൈറ്റിലില്‍ കസ്തൂരിയെക്കുറിച്ച് 30 മിനിറ്റ് ദൈര്‍ഘ്യമുളള ഒരു ഡോക്യുമെന്ററിയും സംഭവിച്ചു. സമഭാവനയ്ക്കും സാമൂഹ്യനീതിക്കും വേണ്ടി നിരന്തരം വാദിച്ചു പോന്ന അവര്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധുരയില്‍ ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തനത്തിന് ഇറങ്ങി. 
താനൊരു ദേശസ്‌നേഹിയാണെന്ന് പരസ്യപ്രഖ്യാപനം നടത്തിയ കസ്തൂരിയുടെ ഭര്‍ത്താവും കുട്ടികളും യു.എസില്‍ ജനിച്ചു വളര്‍ന്ന അമേരിക്കന്‍ പൗരന്‍മാരാണ്.  ഡി.എം.കെ എംപി ഇളങ്കോവന്‍ ഹിന്ദിഭാഷയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍അസ്വസ്ഥയായ കസ്തൂരി അദ്ദേഹത്തെ പരസ്യമായി വിമര്‍ശിച്ചു. വ്യത്യസ്ത ജാതിയില്‍ പെട്ട മാതാപിതാക്കളുടെ മകളായി ജനിച്ചതിലുളള അസ്വസ്ഥതയും അവര്‍ പങ്കുവച്ചു. പറയാനുളള കാര്യങ്ങള്‍- അത് ഗുണമായാലും ദോഷമായാലും- സ്വാഭിപ്രായങ്ങള്‍ പറഞ്ഞു തീര്‍ക്കണമെന്ന നിര്‍ബന്ധബുദ്ധി തന്നെ അവരെ എക്കാലവും നയിച്ചിരുന്നു. ഇതിലെല്ലാം അവര്‍ക്ക് അവരുടേതായ ശരികളുണ്ടായിരുന്നു എന്നതാണ് വാസ്തവം. അഭിനയവും വിവാദങ്ങളും കുടുംബജീവിതവുമെല്ലാമായി മുന്നോട്ട് പോകുന്ന കസ്തൂരിക്ക് ഒരു മകനും മകളുമുണ്ട്. 
നാവ് പിഴയെന്ന് പരക്കെ വിമര്‍ശനം
കസ്തൂരിയുടെ ജീവിതവഴികള്‍ വിശകലനം ചെയ്യുമ്പോള്‍ പല കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയും. അസാധാരണമായ കഥാപാത്രങ്ങള്‍ ചെയ്ത ഒരു അപുര്‍വ അഭിനേത്രിയൊന്നും ആയിരുന്നില്ല അവര്‍. താനൊരു വലിയ അഭിനേതാവാണെന്ന് അവര്‍ ഒരിടത്തും അവകാശപ്പെട്ടിട്ടുമില്ല.  പക്ഷെ പെണ്ണായതില്‍ അവര്‍ തികഞ്ഞ അഭിമാനബോധം പുലര്‍ത്തുന്നു. അവസരങ്ങള്‍ക്കായി ഏത് നിലയിലേക്കും താഴാന്‍ അവരുടെ ആത്മാഭിമാനം അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ അവശ്യസന്ദര്‍ഭങ്ങളില്‍ രൂക്ഷമായി പ്രതികരിക്കാനും  മടിയില്ല. അതിന്റെ പേരില്‍ അഹങ്കാരി, തന്റേടി എന്നെല്ലാം മുദ്രകുത്തപ്പെടുന്നതോ ശത്രുക്കളുണ്ടാകുന്നതോ ഒന്നും അവര്‍ കാര്യമായെടുക്കുന്നില്ല. ആര് എന്ത് പറഞ്ഞാലും സ്വന്തം നിലപാടില്‍ ഉറച്ചു നിന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിത്വമുളള സ്ത്രീയാണ് കസ്തൂരി. തന്റെ ശരികളില്‍ നിന്ന് പിന്‍മാറാന്‍ അവര്‍ തയാറല്ല. 

തന്റെ ബോധ്യങ്ങളെക്കുറിച്ച് തുറന്ന പ്രതികരണം സാധിച്ചില്ലെങ്കില്‍ തന്റെ ഉളളിലെ കസ്തൂരി ഇല്ലാതായി എന്ന് വിശ്വസിക്കാനാണ് അവര്‍ക്ക് ഇഷ്ടം എന്ന് അവരുടെ ഓരോ പ്രവര്‍ത്തനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ തെലുങ്ക് സ്ത്രീകളെ സംബന്ധിച്ച ഈ പരാമര്‍ശത്തില്‍ അവര്‍ക്ക് ഒരു ഭാഗത്തു നിന്നും പിന്‍തുണ ലഭിച്ചില്ലെന്ന് മാത്രമല്ല വ്യാപകമായ പ്രതിഷേധം ഏറ്റുവാങ്ങുകയും ചെയ്തു. ഇക്കാര്യത്തില്‍ അവര്‍ക്ക് നാവുപിഴ സംഭവിച്ചിട്ടുണ്ടെന്നും കുറെക്കൂടി ജാഗ്രതയും പക്വതയും പാലിക്കണമായിരുന്നു എന്നാണ് പൊതുവെയുളള വിലയിരുത്തല്‍.


Source link

Related Articles

Back to top button