KERALAMLATEST NEWS

ശബരിമല: ശുചിത്വം, സൗകര്യം തുടർച്ചയായ പരിശോധന വേണം

കൊച്ചി: ശബരിമല സന്നിധാനം, തീർത്ഥാടന പാത, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ശുചിത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താൻ തുടർച്ചയായ പരിശോധന വേണമെന്ന് ഹൈക്കോടതി. ദേവസ്വം വിജിലൻസ് വിഭാഗത്തിനും എക്സിക്യുട്ടീവ് മജിസ്ട്രേട്ടുമാർക്കുമാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്.മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകിയത്.

ശുചീകരണം കാര്യക്ഷമമാണെന്ന് സർക്കാരും ദേവസ്വം ബോർഡും അറിയിച്ചു. വിശുദ്ധിസേന, പവിത്രം വോളന്റിയർമാരെ 24 മണിക്കൂറും വിന്യസിച്ചിട്ടുണ്ട്. ടോയ്‌ലറ്റുകൾ പ്രവർത്തനക്ഷമമാണ്. അന്നദാനവും ചുക്കുവെള്ള, ബിസ്കറ്റ് വിതരണവും തുടരുന്നു. പ്രായമേറിയവർക്കും അംഗപരിമിതർക്കും കുട്ടികൾക്കുമായി പ്രത്യേക ക്യൂ ഒരുക്കി. ദർശനത്തിനുള്ള വരി വലിയനടപ്പന്തൽ കവിയാതെ ശ്രദ്ധിക്കുന്നുണ്ട്. പതിനെട്ടാംപടിയിൽ പരിശീലനം സിദ്ധിച്ച പൊലീസുകാരെ ഓരോ 15 മിനിട്ടിലും മാറിമാറി നിയോഗിക്കുന്നു.

ലഹരി പരിശോധനയ്ക്ക് താത്കാലിക എക്സൈസ് ഓഫീസുകളും ചെക്ക്പോസ്റ്റുകളും സ്ഥാപിച്ചു. ഫാസ്ടാഗ് കൗണ്ടറുകളില്ലാത്ത പാർക്കിംഗ് ഏരിയകളിൽ ഒരാഴ്ചയ്ക്കകം ഏർപ്പെടുത്തും. റോഡരികിലെ പാർക്കിംഗ് തടഞ്ഞിട്ടുണ്ട്. ഇലവുങ്കൽ ഭാഗത്ത് തെരുവുവിളക്കുകളുടെ കുറവ് പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു.

ബസ് കത്തിയ സംഭവം:

റിപ്പോർട്ട് തേടി

ശബരിമല തീർത്ഥാടകർക്കായി എത്തിച്ച ബസ് കത്തിനശിച്ച സംഭവത്തിൽ ഹൈക്കോടതി കെ.എസ്.ആർ.ടി.സിയുടെ റിപ്പോർട്ട് തേടി. ഇന്ന് സമർപ്പിക്കണം. 17ന് ചാലക്കയത്തിന് സമീപത്താണ് എട്ടുവർഷവും രണ്ടുമാസവും മാത്രം പഴക്കമുള്ള ബസ് കത്തിയത്. യാത്രക്കാരുണ്ടായിരുന്നില്ല. ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് 2025വരെ സാധുതയുണ്ടെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണം. വിശദമായ അന്വേഷണം നടക്കുകയാണെന്നും അറിയിച്ചു.

അതേദിവസം തമിഴ്നാട് തീർത്ഥാടകരുമായി അപകടത്തിൽപ്പെട്ട സ്വകാര്യവാഹനത്തിൽ എൽ.ഇ.ഡി ലൈറ്റുകളടക്കം അനധികൃതമായി ഘടിപ്പിച്ചിട്ടുണ്ടെന്ന് വീഡിയോ പരിശോധിച്ചശേഷം ദേവസ്വം ബെഞ്ച് പറഞ്ഞു. ശബരിമല സേഫ് സോൺ പദ്ധതി പ്രകാരം 2022ൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മിഷണ‌ർ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു.


Source link

Related Articles

Back to top button