ബാറ്റിംഗിലും ബൗളിംഗിലും തകര്‍പ്പന്‍ പ്രകടനം, പിന്നാലെ കൊക്കെയ്ന്‍ കേസ്; അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിന് വിലക്ക്
വെല്ലിംഗ്ടണ്‍: നിരോധിത ലഹരിവസ്തുവായ കൊക്കെയ്ന്‍ ഉപയോഗിച്ചുവെന്ന് പരിശോധനയില്‍ തെളിഞ്ഞതിന് പിന്നാലെ ക്രിക്കറ്റ് താരത്തിന് വിലക്ക്. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരം ഡഗ് ബ്രേസ്വെല്ലിനാണ് വിലക്ക് ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷം ഏപ്രിലിലാണ് 34കാരനായ താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ന്യൂസിലാന്‍ഡിലെ പ്രാദേശിക ട്വന്റി 20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് താരം ലഹരി ഉപയോഗിച്ചതായി തെളിഞ്ഞത്.
വെല്ലിംഗ്ടണും സെന്‍ട്രല്‍ സ്റ്റാഗ്സും തമ്മിലുള്ള മത്സരത്തിന് പിന്നാലെയാണ് ബ്രേസ്വെല്ലിനെ ലഹരി പരിശോധന നടത്തിയത്. ഈ മത്സരത്തില്‍ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനവുമായി ബ്രേസ്വെല് പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയിരുന്നു. 21 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത താരം, പിന്നീട് വെറും 11 പന്തില്‍ 30 റണ്‍സുമടിച്ചാണ് ടീമിന്റെ വിജയശില്പിയായത്. തുടര്‍ന്നുള്ള പരിശോധനയിലാണ് താരം കൊക്കെയ്ന്‍ ഉപയോഗിച്ചതിന്റെ പേരില്‍ കുടുങ്ങിയത്.
ന്യൂസീലന്‍ഡിനായി മൂന്നു ഫോര്‍മാറ്റുകളിലും കളിച്ചിട്ടുള്ള താരമാണ് ഡഗ് ബ്രേസ്വെല്. 28 ടെസ്റ്റുകളിലും 21 ഏകദിനങ്ങളിലും 20 ട്വന്റി20 മത്സരങ്ങളിലുമാണ് ബ്രേസ്വെല് ന്യൂസീലന്‍ഡ് ജഴ്സിയണിഞ്ഞത്. 2023 മാര്‍ച്ചില്‍ വെല്ലിങ്ടനില്‍ ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് മത്സരത്തില്‍ കളിച്ച ശേഷം ദേശീയ ടീമില്‍ കളിച്ചിട്ടില്ല. മൂന്ന് മാസത്തേക്കാണ് താരത്തെ വിലക്കിയത്. എന്നാല്‍ ടൂര്‍ണമെന്റിന് മുമ്പാണ് താരം ലഹരി ഉപയോഗിച്ചതെന്ന് കണ്ടെത്തിയതോടെ വിലക്ക് ഒരു മാസമാക്കി ചുരുക്കുകയായിരുന്നു.
Source link