KERALAM

സാദിഖലി തങ്ങൾ ജമാഅത്തെ അനുയായിയെപ്പോലെ: മുഖ്യമന്ത്രി

പാലക്കാട്: സന്ദീപ് വാര്യരുടെ ഇന്നലെ വരെയുള്ള കാര്യങ്ങൾ ലീഗ് അണികൾക്കും ന്യൂനപക്ഷങ്ങൾക്കും നന്നായി അറിയാമെന്നും, പാണക്കാട്ട് പോയി രണ്ടു വർത്തമാനം പറഞ്ഞാൽ സന്ദീപിനോടുള്ള അമർഷം ശമിപ്പിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥി പി.സരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗം കണ്ണാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സന്ദീപ് വാര്യർ സാദിഖലി തങ്ങളെ കാണാൻ പോയത് കണ്ടപ്പോൾ പണ്ട് ഒറ്റപ്പാലത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വന്ന അനുഭവമാണ് ഓർത്തുപോയത്. ബാബറി മസ്ജിദ് തകർത്തതിന് ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു. ആ ഘട്ടത്തിൽ കോൺഗ്രസിനൊപ്പം മുസ്ലിം ലീഗും മന്ത്രിസഭയിലുണ്ടായിരുന്നു. മന്ത്രിസ്ഥാനം വിട്ടുകൊടുത്തുള്ള നടപടി സ്വീകരിക്കേണ്ടതില്ലെന്ന് അവർ നിലപാടെടുത്തു. അതിൽ വ്യാപകമായ അമർഷം ലീഗ് അണികളിലുണ്ടായിരുന്നു. അന്നത്തെ പാണക്കാട് തങ്ങൾ എല്ലാവരും ആദരിക്കുന്നയാളായിരുന്നു. ഇപ്പോഴത്തെ സാദ്ദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയുടെ മട്ടിൽ പെരുമാറുന്നയാളാണ്.

ഇ.പി.ജയരാജൻ എഴുതിയ പുസ്തകത്തിലെ വിവരങ്ങളെന്ന തരത്തിൽ തെറ്റായ വിവരങ്ങളാണ് പുറത്തുവന്നത്. വികസനത്തിന്റെ സ്വാദ് എല്ലാവരും അറിയണമെന്നാണ് സർക്കാരിന്റെ ലക്ഷ്യം. വയനാട് ദുരന്തത്തിൽ പ്രധാനമന്ത്രി കുട്ടിയെ ലാളിക്കുന്ന ചിത്രം ലോകമാകെ പ്രചരിച്ചു. എന്നാൽ, ഇതുവരെ ഒരു സഹായവും ലഭിച്ചില്ല. വയനാടിനെ സഹായിക്കണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. സഹായം തരാതെ പുനരധിവാസം തകർക്കാമെന്ന ധാരണ വേണ്ട.


Source link

Related Articles

Back to top button