മതസൗഹാർദ്ദത്തിന് അടിത്തറ പാണക്കാട് കുടുംബം: സന്ദീപ് വാര്യർ
മലപ്പുറം: ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയതിന് പിന്നാലെ പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളെ കണ്ട് സന്ദീപ് വാര്യർ . ഇന്നലെ രാവിലെ 8.30ഓടെ എത്തിയ സന്ദീപിനെ
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും ഹസ്തദാനം നൽകി സ്വീകരിച്ചു. അതിഥി മുറിയിലെ അല്പ നേരത്തെ ചർച്ചയ്ക്ക് ശേഷം നേതാക്കൾ സന്ദീപുമൊത്ത് അകത്തേക്ക്. 30 മിനിറ്റ് നേരത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യരും ലീഗ് നേതാക്കളും മാദ്ധ്യമങ്ങളോട് സംസാരിച്ചു.
മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണെന്നും അതിന് കാരണം പാണക്കാട് കുടുംബമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. മലപ്പുറവുമായി പൊക്കിൾക്കൊടി ബന്ധമാണുള്ളത്. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ വാതിൽ കത്തി നശിച്ചപ്പോൾ അവിടേക്ക് ആദ്യം ഓടിയെത്തിയത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ്. ഉയർന്ന ചിന്തയോടെ മനുഷ്യർ ഒരുമിച്ച് പോകണമെന്നും മാനവ സൗഹാർദമാണ് എല്ലാത്തിനും മുകളിലെന്നും വിശ്വസിക്കുന്ന കുടുംബമാണിത്. ഏത് നേരത്തും ആർക്കും സഹായം ചോദിച്ച് ഇവിടെയെത്താം. കോൺഗ്രസിൽ അംഗത്വം സ്വീകരിച്ച് ഇവിടേയ്ക്ക് വരാൻ സാധിക്കുമ്പോൾ ചാരിതാർത്ഥ്യമുണ്ട്. കോൺഗ്രസിൽ ചേർന്നപ്പോൾ വലിയ കസേര കിട്ടട്ടേ എന്നൊക്കെ പറയുന്നത് ഇരിക്കുന്ന കസേരയുടെ മഹത്വമറിയാത്തവരാണ്.
തന്നെ കൊല്ലാൻ ഇന്നോവ അയയ്ക്കുന്നത് സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചായിരിക്കുമെന്നാണ് തന്റെ ഭയം. ആ ഇന്നോവ ഓടിക്കുന്നത് എം.ബി.രാജേഷ് ആണെങ്കിൽ അതിൽ ക്വട്ടേഷനുമായി വരുന്നത് സുരേന്ദ്രനായിരിക്കാം. രണ്ടുകൂട്ടരും ഒരേ ഫാക്ടറിയിൽ ഉല്പാദിപ്പിക്കുന്ന ആക്ഷേപങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നത്- സന്ദീപ്
വാര്യർ പറഞ്ഞു.
ഇടതുപക്ഷത്ത്
കൂട്ടക്കരച്ചിൽ:
കുഞ്ഞാലിക്കുട്ടി
മലപ്പുറം: ബി.ജെ.പിയാണ് അവസാന അഭയകേന്ദ്രമെന്ന ചിന്താഗതിക്കാണ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതോടെ മാറ്റം വന്നതെന്നും അതിന്റെ തുടക്കം കേരളത്തിൽ നിന്നാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.
സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നപ്പോൾ ഇടതുപക്ഷത്ത് കൂട്ടക്കരച്ചിലാണ്. മുഖ്യമന്ത്രി വരെ ഷോക്കിലാണ്.സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമാണ്. സർക്കാരിന് പറ്റാത്തത് പാണക്കാട്ടെ തങ്ങൾ ചെയ്യുന്നതിലുള്ള അസൂയയാണ് മുഖ്യമന്ത്രിക്ക്. മുനമ്പം വിഷയത്തിലടക്കം മതസൗഹാർദ്ദം കാത്തു സൂക്ഷിക്കാൻ സാദിഖലി തങ്ങൾ ഇടപെടുന്നത് ജനങ്ങൾ കാണുന്നുണ്ട്. വിഷയം രാഷ്ട്രീയവത്ക്കരിച്ച് വർഗീയ ചേരിതിരിവുണ്ടാക്കുന്ന ബി.ജെ.പിയുടെ സമാന നിലപാടാണ് ഇടതുപക്ഷത്തിന്റേതും. ജനഹൃദയത്തിലാണ് പാണക്കാട് തങ്ങന്മാരുടെ സ്ഥാനം. ഗവൺമെന്റിന്റെ ഗുഡ് സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശത്തോടെ യു.ഡി.എഫാണ് വിജയിക്കാൻ പോകുന്നതെന്ന പ്രതീതി മണ്ഡലത്തിലുണ്ടായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സന്തോഷമെന്ന്
സാദിഖലി തങ്ങൾ
മലപ്പുറം: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ സന്തോഷത്തോടെ നോക്കിക്കാണുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളുമായുള്ള സന്ദീപ് വാര്യരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സൗഹാർദത്തിന്റെയും രാഷ്ട്രീയ ഭൂമിയിലേക്ക് നേരത്തെയുള്ള നിലപാട് മാറ്റിയാണ് സന്ദീപ് വാര്യർ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Source link