KERALAM

പേറ്റന്റ് മോഷണം വ്യാപകം, ആശങ്കയിൽ യുവസംരംഭകർ

തിരുവനന്തപുരം: വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്‌ത്,​ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഉത്പന്നങ്ങളുടെ ആശയങ്ങൾ മോഷണം പോകുന്ന ദുഃഖത്തിൽ യുവസംരംഭകർ. കണ്ടുപിടിത്തങ്ങൾ സംരക്ഷിക്കാൻ പേറ്റന്റ് നിയമം നിലനിൽക്കുമ്പോഴാണ് മോഷണം വ്യാപകമാകുന്നത്. കമ്പനികളുടെ ഉത്പന്നങ്ങളുടെയും സോഫ്റ്റ്‌വെയറുകളുടെയും ആശയങ്ങളാണ് തട്ടിയെടുക്കുന്നത്. തമിഴ്നാട്, രാജസ്ഥാൻ സംഘങ്ങളാണ് പിന്നിൽ. പേറ്റന്റ് എടുക്കുമ്പോൾ തന്നെ വിവരങ്ങൾ പൊതുജനങ്ങൾക്കായി സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. ഇതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. റോബോട്ടിക്സ്, നിർമ്മിതബുദ്ധി, ഡിജിറ്റൽ സംരംഭങ്ങൾ വെല്ലുവിളി നേരിടുന്നു.

പുതിയൊരു ഉത്പന്നം ഇറങ്ങുമ്പോൾ തന്നെ മോഷ്ടാക്കൾ രൂപരേഖ മനസിലാക്കും. തുടർന്ന് നിർമ്മിക്കാൻ ഉപയോഗിച്ച ഭാഗങ്ങളും പ്രവർത്തനവും പകർത്തും. നീണ്ട ഗവേഷണത്തിലൂടെ സംരംഭകർ വികസിപ്പിച്ച ഉത്പന്നങ്ങൾ ചുരുങ്ങിയ കാലംകൊണ്ട് നിർമ്മിച്ച് കുറഞ്ഞ ചെലവിൽ വിറ്റ് ലാഭം കൊയ്യും. ആശയം വികസിപ്പിച്ച കമ്പനിയിലെ ജീവനക്കാരിൽ നിന്ന് വിവരങ്ങൾ ചോർത്തിയും സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്തുമാണ് രൂപരേഖയും കോഡും സ്വന്തമാക്കുന്നത്. പേറ്റന്റ് നിയമങ്ങളെപ്പറ്റി ധാരണയില്ലാത്ത സംരംഭകരാണ് കബളിപ്പിക്കപ്പെടുന്നത്. പേറ്റന്റ് എടുത്തിട്ടുണ്ടെങ്കിലും നിയമം ലംഘിച്ചാൽ ബൗദ്ധിക സ്വത്തവകാശ കോടതി വിധിപറയാൻ വർഷങ്ങൾ എടുക്കും. അതിനാൽ പലരും കേസിന് പോകാൻ മടിക്കും. കേസ് ജയിച്ചാൽ സംരംഭകന് നല്ലൊരു തുക നഷ്ടപരിഹാരം ലഭിക്കും.

ഗുണമേന്മയില്ല

‘കോപ്പിയടിച്ച്” നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് ഗുണനിലവാരം കുറവായിരിക്കും. റോബോട്ടുകൾ പോലുള്ള ഹാർഡ്‌വെയർ പ്രോഡക്ടുകളിൽ ഒരു സ്ക്രൂ മുറുക്കിയില്ലെങ്കിൽ പോലും ഗുണമേന്മ നഷ്ടമാകും.

പേറ്റന്റ്

കണ്ടുപിടിത്തത്തിന് ഉടമയ്ക്ക് സർക്കാർ നൽകുന്ന അവകാശം. ഉത്പന്നം നിർമ്മിക്കാനും വിൽക്കാനും ഉപയോഗിക്കാനുമുള്ള അവകാശമാണിത്

20 വർഷമാണ് കാലാവധി

പേറ്റന്റ് ലംഘിച്ചാൽ ഉടമയ്ക്ക് നിയമനടപടി സ്വീകരിക്കാം

2023ൽ മാത്രം 90,000ലേറെ പേറ്റന്റുകളാണ് ഇന്ത്യയിൽ ഫയൽ ചെയ്തത്

പേറ്റന്റ് എടുത്തില്ലെങ്കിൽ ആശയം നഷ്ടപ്പെട്ടാൽ ഒന്നും ചെയ്യാനാവില്ല

യുവസംരംഭകരെ പേറ്റന്റുകളെപ്പറ്രി സർക്കാർ ബോധവത്കരിക്കണം


Source link

Related Articles

Back to top button