INDIA

മണിപ്പുർ വീണ്ടും കത്തുന്നു; ക്രിസ്ത്യൻ പള്ളികൾക്കു നേരെ ആക്രമണം; പ്രധാന കേസുകൾ എൻഐഎയ്ക്ക്

മണിപ്പുർ വീണ്ടും കത്തുന്നു; ക്രിസ്ത്യൻ പള്ളികൾക്കു നേരെ ആക്രമണം; പ്രധാന കേസുകൾ എൻഐഎയ്ക്ക്- Manipur | Manorama News

മണിപ്പുർ വീണ്ടും കത്തുന്നു; ക്രിസ്ത്യൻ പള്ളികൾക്കു നേരെ ആക്രമണം; പ്രധാന കേസുകൾ എൻഐഎയ്ക്ക്

മനോരമ ലേഖകൻ

Published: November 17 , 2024 07:38 AM IST

1 minute Read

മണിപ്പുരിലെ ജിരിബാമിൽ മൂന്നു പേർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് പ്രതിഷേധക്കാർ ഇംഫാലിലെ റോഡിൽ വാഹനങ്ങൾക്കു തീയിട്ടപ്പോൾ. ചിത്രം: പിടിഐ

കൊൽക്കത്ത ∙ ജിരിബാമിൽ കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 6 പേരും കൊല്ലപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്ന് മണിപ്പുരിൽ വീണ്ടും സ്ഥിതി സ്ഫോടനാത്മകമായി. 8 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച ജനക്കൂട്ടം മുഖ്യമന്ത്രി ബീരേൻ സിങ്ങിന്റെയും മറ്റു മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ ആക്രമിച്ചു. 

ജിരിബാമിൽ ക്രിസ്തീയ ദേവാലയങ്ങൾക്കെതിരെയും വ്യാപക ആക്രമണമുണ്ടായി. 5 പള്ളികൾക്കും 6 വീടുകൾക്കും തീയിട്ടു. കുക്കി അവാന്തരവിഭാഗമായ മാർ ഗോത്രങ്ങളുടെ പള്ളികളാണ് ഇവ. ഐസിഐ ചർച്ച്, സാൽവേഷൻ ആർമി പള്ളി, ഇഎഫ്സിഐ പള്ളി തുടങ്ങിയവ ആക്രമിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. കേന്ദ്ര സേനയുടെ സാന്നിധ്യത്തിൽ നടന്ന ആക്രമണത്തിന് മെയ്തെയ് സായുധ സംഘങ്ങളാണ് നേതൃത്വം നൽകിയത്.

കലാപം അടിച്ചമർത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ സേനയോട് ആവശ്യപ്പെട്ടു. ഇംഫാൽ താഴ്‌വരയിൽ ഉൾപ്പെടെ 7 ജില്ലകളിൽ ഇന്റർനെറ്റ് നിരോധിച്ചു. ഇംഫാൽ ഈസ്റ്റിലും വെസ്റ്റിലും അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു. മന്ത്രിമാരായ സുശീന്ദ്ര സിങ്, എംഎൽഎമാരായ സപ്നം നിഷികാന്ത് സിങ്, ആർ.കെ.ഇമോ എന്നിവരുടെ വീടുകൾക്കു നേരെയാണു ജനക്കൂട്ടം ആക്രമണം നടത്തിയത്. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ മരുമകനാണ് ആർ.കെ.ഇമോ. ജനപ്രതിനിധികളുടെ വീടുകൾ ആക്രമിച്ച ജനക്കൂട്ടം ഫർണിച്ചർ ഉൾപ്പെടെയുള്ളവ തീയിട്ടു.
പ്രധാന കേസുകൾ എൻഐഎയ്‌ക്ക്

മണിപ്പുരിൽ സമാധാനം വീണ്ടെടുക്കാൻ സുരക്ഷാ ഏജൻസികൾക്ക് നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയം ഡൽഹിയിൽ അറിയിച്ചു. പ്രധാന കേസുകൾ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. കിംവദന്തികളിൽ വിശ്വസിക്കാതെ, സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ഇതിനിടെ, സായുധ സേനകൾക്കുള്ള പ്രത്യേക അധികാര നിയമം (അഫ്സ്പ) പിൻവലിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. കഴിഞ്ഞദിവസം ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽ പ്രാബല്യത്തിലാക്കിയ നിയമം പിൻവലിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാന ആഭ്യന്തര ജോയിന്റ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു.

English Summary:
Unrest in Manipur Again

3aqnu57ivb3hnkgdeu9pmn0ase mo-judiciary-lawndorder-nia 40oksopiu7f7i7uq42v99dodk2-list mo-news-common-manipurunrest mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-manipur


Source link

Related Articles

Back to top button