പത്തനാപുരത്തെ വിറപ്പിച്ച പുലി കൂട്ടിൽ
പത്തനാപുരം: പത്തനാപുരം ചിതൽവെട്ടിയിൽ രണ്ട് മാസമായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലികളിലൊന്ന് കൂട്ടിലായി. ചിതൽവെട്ടി എസ്റ്റേറ്റിലെ വെട്ടിഅയ്യത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്നലെ പുലർച്ചെ മൂന്നിനാണ് പുലി കുടുങ്ങിയത്. മൂന്ന് വയസ് പ്രായമുള്ള പെൺപുലിയാണ് കൂട്ടിലായതെന്ന് പുന്നല മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഗിരി പറഞ്ഞു.
സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ കശുഅണ്ടി തോട്ടത്തിന് സമീപം പെരുന്തക്കുഴി പാറപ്പുറത്ത് രണ്ട് പുലികളെയും കുട്ടികളെയും കണ്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു. വനംവകുപ്പ് ക്യാമറ സ്ഥാപിച്ച് ഇവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. തുടർന്ന് പുനലൂർ ഡി.എഫ്.ഒയുടെ നിർദ്ദേശാനുസരണം പുന്നല ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ ഒരാഴ്ച മുമ്പാണ് പെരുന്തക്കുഴിയിൽ കൂട് സ്ഥാപിച്ചത്. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.സിബിയുടെ നേതൃത്വത്തിൽ പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം റാന്നി വനം ഡിവിഷനിലെ കക്കി ഉൾവനത്തിൽ ഉച്ചയ്ക്ക് 12ന് തുറന്നുവിട്ടു.
Source link