തോമസ് മാഷ് ഇത്തവണയില്ല കായികരംഗം സമ്മാനിച്ചത് കാൽക്കോടിയുടെ കടം
കൊച്ചി: സ്കൂൾ കായിക മേളയിലെ നിറസാന്നിധ്യമായിരുന്ന ദ്രോണാചാര്യൻ തോമഷ് മാഷ് ഇത്തവണ കുട്ടിത്താരങ്ങൾക്ക് കരുത്തുപകരാൻ എറണാകുളത്തേക്ക് വരുന്നില്ല. 44 വർഷത്തിന് ശേഷമാണ് അദ്ദേഹമില്ലാതെ സ്കൂൾ കായിക മേള അരങ്ങേറുന്നത്. നാലുപതിറ്റാണ്ടിലേറെ കായികരംഗത്തു പ്രവർത്തിച്ചതിലൂടെ വന്നുചേർന്ന കാൽക്കോടിയോളം രൂപയുടെ കടം വീട്ടുന്നതിലേക്ക് വേണ്ടി നിരവധി ഒളിമ്പിക്സ് താരങ്ങളെ രാജ്യത്തിന് സമ്മാനിച്ച തോമസ് മാഷ് ഇന്നലെ തന്റെ ജീപ്പ് വിറ്റു. കേരളം ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള നടത്തുമ്പോൾ പരിശീലക കുപ്പായമഴിച്ച തോമസ് മാഷ് എന്ന കെ.പി തോമസ് കടം വീട്ടാനുള്ള ഓട്ടപ്പാച്ചിലിലാണ്.
“നാല് പതിറ്റാണ്ടായി പ്രവർത്തിച്ചതിന് കായിരംഗം തന്നതാണ് 24 ലക്ഷം രൂപയുടെ കടം. ഒരോന്ന് വിറ്റ് കടം വീട്ടുന്നു. ഇനി ഈ രംഗത്തേയ്ക്ക് ഇല്ല. കായികമേള കാണാനും വരുന്നില്ല. ശശീരം വരുന്നില്ല എന്നേയുള്ളൂ, മനസ് മഹാരാജാസ്
കോളേജ് ഗ്രൗണ്ടിലുണ്ട്” – തോമസ് മാഷ് കേരളകൗമുദിയോട് പറഞ്ഞു.
1963 മുതൽ 79 വരെ സൈന്യത്തിൽ ഫിസിക്കൽ ട്രെയ്നറായിരുന്നു തോമസ്. 1979ൽ സ്വയം വിരമിച്ചു. പിന്നീടു കോരുത്തോട് സി.കേശവൻ സ്മാരക സ്കൂളിൽ കായികാദ്ധ്യാപകനായി. ഒളിമ്പ്യന്മാരായ അഞ്ജു ബോബി ജോർജ്, ജിൻസി ഫിലിപ്പ്, ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടക്കാരായ ജോസഫ് ജി.ഏബ്രഹാം, സി.എസ്.മുരളീധരൻ, മോളി ചാക്കോ തുടങ്ങിയ പ്രതിഭകളെ കണ്ടെത്തിയതും വളർത്തിയതും മാഷായിരുന്നു. സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായ 16 വർഷം കോരുത്തോട് സ്കൂളിനെ ചാമ്പ്യന്മാരാക്കി . സ്വന്തമായി അക്കാഡമി തുടങ്ങിയപ്പോൾ പ്രോത്സാഹനവുമായി ശിഷ്യർ എത്തിയിരുന്നു. എന്നാൽ കടം കയറിയപ്പോൾ ആരും തിരിഞ്ഞു നോക്കിയില്ലെന്നും തോമസ് മാഷ് പറഞ്ഞു.
Source link