ഏഴാതരം തുല്യതാ പരീക്ഷ വിജയിച്ചു; ഇന്ദ്രൻസ് ഇനി പത്താംക്ളാസിലേക്ക് !
തിരുവനന്തപുരം: സാക്ഷരതാ മിഷന്റെ ഏഴാതരം തുല്യതാ പരീക്ഷ വിജയിച്ച ചലച്ചിത്രതാരം ഇന്ദ്രൻസ് ഇനി പത്താംക്ളാസിലേക്ക് ! 500 ൽ 297 മാർക്ക് നേടിയാണ് ഇന്ദ്രൻസ് പത്താംതരത്തിലേക്ക് സ്ഥാനക്കയറ്രം നേടിയത്. സാമൂഹ്യശാസ്ത്രത്തിനാണ് ഏറ്രവും കൂടുതൽ മാർക്ക്- 100 ൽ 62.
ജീവിതസാഹചര്യങ്ങളാണ് നാലാം ക്ലാസിൽ ഇന്ദ്രൻസിന്റെ പഠനം മുടക്കിയത്. തുടർന്ന് വീട്ടുകാർ തയ്യൽ പഠനത്തിനയച്ചു. മികച്ച തുന്നൽക്കാരനായപ്പോഴും ഉള്ളിലുറങ്ങിയ അഭിനയപ്രതിഭ മറനീക്കി പുറത്തുവന്നപ്പോഴും പാതിയിൽ മുറിഞ്ഞ പഠനം ഇന്ദ്രൻസിലെ വിദ്യാർത്ഥിയെ നോവിച്ചുകൊണ്ടേയിരുന്നു. ആ സങ്കടം തീർക്കാനാണ് 67ാം വയസിൽ ഏഴാംതരം തുല്യതാ പഠനത്തിന് ചേർന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്കൂളിലായിരുന്നു ക്ളാസ്. ഷൂട്ടിംഗ് തിരക്കുകൾ കാരണം സ്വയംപഠിച്ചാണ് പരീക്ഷയെഴുതിയത്.
തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളായിരുന്നു പരീക്ഷ സെന്റർ. ഇനി പത്താംക്ളാസിൽ ചേരുമെന്ന് ഇന്ദ്രൻസ് കേരളകൗമുദിയോട് പറഞ്ഞു.
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന നാലാംതരം തുല്യതാ കോഴ്സിന്റെയും (16ാം ബാച്ച്) ഏഴാംതരം തുല്യതാ കോഴ്സിന്റെയും (17-ാം ബാച്ച്) പരീക്ഷാഫലം ഇന്നലെയാണ് പ്രഖ്യാപിച്ചത്. നാലാംതരത്തിൽ ആകെ രജിസ്റ്റർ ചെയ്ത 970ൽ 487 പേരാണ് പരീക്ഷയെഴുതിയത്.
150 പുരുഷന്മാരും 326 സ്ത്രീകളും ഉൾപ്പെടെ 476 പേർ വിജയിച്ചു. ഏഴാംതരം തുല്യതാ കോഴ്സിൽ 1604 പേർ രജിസ്റ്റർ ചെയ്തു. 1043പേർ പരീക്ഷയെഴുതി. 396 പുരുഷന്മാരും 611 സ്ത്രീകളും ഉൾപ്പെടെ 1007 പേർ വിജയികളായി.
Source link