പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; തടവ് ശിക്ഷ ശരിവച്ച് ഹൈക്കോടതി
മുംബയ് : പ്രായപൂർത്തിയാകാത്ത ഭാര്യയുമായി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗം ആയി കണക്കാക്കാമെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി. ഭാര്യ നൽകിയ ബലാത്സംഗ പരാതിയിൽ ഭർത്താവിനെ 10 വർഷം കഠിനതടവിന് ശിക്ഷിച്ച കീഴ്ക്കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
ഇത്തരം അവസരങ്ങളിൽ നിയമപരിരക്ഷ നൽകാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള നിയമപരമായ പ്രായം 18 ആണെന്ന് കോടതി ചൂണ്ടിക്കാട്ടി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തെന്നാണ് കേസ്. വിവാഹം കഴിച്ചെങ്കിലും പെൺകുട്ടി കടന്നുപോയ മോശം അനുഭവങ്ങൾ ഇല്ലാതാകുന്നില്ലെന്ന് കോടതി വ്യക്തമാക്കി, സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് പ്രതി അവകാശപ്പെടുന്നത് വാദത്തിന് വേണ്ടിയാണെന്നും കോടതി നിരീക്ഷിച്ചു.
മഹാരാഷ്ട്രയിലെ വാർധ സ്വദേശിയായ പെൺകുട്ടി 2019ലാണ് പൊലീസിൽ പരാതി നൽകുന്നത്. അയൽവാസിയായ പ്രതിയുമായി പെൺകുട്ടിക്ക് നാലുവർഷം മുമ്പുതന്നെ ബന്ധമുണ്ടായിരുന്നു. എന്നാൽ ശാരീരിക ബന്ധത്തിന് പെൺകുട്ടി തയ്യാറായിരുന്നില്ല. ഇതിനിടെ കുടുംബത്തിന്റെ മോശം സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പെൺകുട്ടി അടുത്ത പട്ടണത്തിൽ ജോലിക്ക് പോയിത്തുടങ്ങി. പ്രതി ഇടയ്ക്കിടെ പെൺകുട്ടിയെ ജോലിസ്ഥലത്തേക്ക് എത്തിക്കുകയും തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു. ഇതിനിടെ നിർബന്ധിച്ച് ശാരീരിക ബന്ധത്തിലേർപ്പെടുകയും ഗർഭിണിയാക്കുകയും ചെയ്തു. പിന്നീട് വിവാഹം കഴിച്ചെങ്കിലും പെൺകുട്ടി തുടർച്ചയായി പീഡിപ്പിക്കപ്പെട്ടു. ഗർഭച്ഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട പ്രതി കുട്ടിയുടെ പിതൃത്വം നിഷേധിക്കുകയും ചെയ്തു. തുടർന്നാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. ഡി.എൻ.എ പരിശോധനയിൽ കുട്ടിയുടെ പിതാവ് പ്രതി തന്നെയാണെന്ന് കണ്ടെത്തിയിരുന്നു.
Source link