KERALAM

കുറുവാ സംഘം കേരളത്തിലെ കൂടുതൽ ജില്ലകളിലേക്ക്, എത്തുന്നത് മുഖംമൂടി ധരിച്ച് കൈയിൽ ആയുധവുമായി

എറണാകുളം: കുപ്രസിദ്ധ മോഷണസംഘമായ കുറുവാ സംഘം എറണാകുളം ജില്ലയിലും എത്തിയതായി സംശയം. അടുത്തിടെ ആലപ്പുഴ ജില്ലയിൽ ഇവരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിരുന്നു. ഇന്നുപുലർച്ചെ എറണാകുളം ജില്ലയിലെ ചേന്ദമംഗലം- വടക്കൻ പരവൂർ മേഖലകളിലെ പത്തിലധികം വീടുകളിൽ മോഷണസംഘം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും സംഘത്തെക്കുറിച്ച് കൂടുതൽ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.

വടക്കൻ പറവൂർ തൂയിത്തറ പാലത്തിന് സമീപത്തുള്ള വീട്ടിൽ പുലർച്ചെ രണ്ടുമണിയോടെയാണ് മോഷ്ടാക്കൾ എത്തിയത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടതോടെ സംഘം സ്ഥലവിട്ടു. മോഷ്ടാക്കൾ വീടിനുപിന്നിലെ വാതിൽ തുറക്കാനുളള ശ്രമം നടത്തിയിരുന്നു എന്നാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. മോഷ്ടാക്കൾ എത്തിയെന്ന് വ്യക്തമായോടെ ലൈറ്റിട്ടശേഷം അയൽവാസികളേയും തൊട്ടടുത്തുതന്നെ താമസിക്കുന്ന സഹോദരനേയും വിളിച്ചുവരുത്തി. കൂടുതൽ ആളുകൾ എത്തിയ ശേഷമാണ് വീട്ടുകാർ പുറത്തിറങ്ങിയത്.

വിവരമറിഞ്ഞതോടെ പ്രദേശത്തെ ചില വീട്ടുകാർ സിസിടിവി പരിശോധിച്ചതോടെയാണ് പത്തോളം വീടുകളിൽ പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിൽ മോഷണ സംഘം എത്തിയതായി വ്യക്തമായത്. രണ്ടുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. എല്ലായിടത്തും മോഷണശ്രമം നടത്തിയത് ഒരേ ആൾക്കാർ തന്നെയാണോ എന്ന് വ്യക്തമായിട്ടില്ല. മുഖംമൂടി ധരിച്ച് കയ്യിൽ ആയുധവുമായിട്ടാണ് ഇവരുടെ വരവ്. ഒട്ടുമിക്കയിടങ്ങളിലും വീടുകളുടെ പിന്നിലെ വാതിലുകളാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തേ ആലപ്പുഴയിൽ കുറുവാ സംഘം എത്തിയതായി സൂചന ലഭിച്ചതിനെത്തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ജില്ലയിലുള്ളവർക്ക് പൊലീസ് നിർദ്ദേശം നൽകിയിരുന്നു.

പകൽ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വിൽക്കുന്നവരുടെ വേഷത്തിലാണ് കുറുവകൾ പ്രവർത്തിക്കുക. വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിൽ കവർച്ചയ്ക്ക് ഇറങ്ങും. നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിർക്കുന്നവരെ വകവരുത്താനും ഇവർ ശ്രമിച്ചേക്കുമെന്നും പൊലീസ് പറയുന്നു.

കവർച്ചയ്ക്ക് ശേഷം തിരുനെൽവേലി, മധുര തുടങ്ങിയ ഇടങ്ങളിലേക്ക് കടക്കുന്നതാണ് കുറുവാ സംഘത്തിന്റെ രീതി. പ്രത്യേകമൊരു താവളം കേന്ദ്രീകരിച്ചല്ല ഇവർ കഴിയുന്നത്. മോഷണത്തിന് ശേഷം ആളൊഴിഞ്ഞ പറമ്പിലോ കുറ്റിക്കാടുകളിലോ അതുമല്ലെങ്കിൽ പാലങ്ങൾക്കടിയിലോ ആണ് തമ്പടിക്കുക.

ചെറുപ്പക്കാർ മുതൽ 55 പിന്നിട്ടവരും സംഘത്തിലുണ്ട്. അഭ്യാസങ്ങൾ പഠിച്ച, പെട്ടെന്ന് കീഴ്‌പ്പെടുത്താൻ കഴിയാത്ത ആളുകളാണ് ഇവർ. വർഷങ്ങൾക്ക് മുമ്പ് പാലക്കാട് കുറുവാ സംഘത്തിൽപ്പെട്ടവർ പിടിയിലായിരുന്നു.


Source link

Related Articles

Back to top button