CINEMA

എന്റെ തോന്നൽ ലാലിനോടു പറഞ്ഞപ്പോൾ അദ്ദേഹം പതിന്മടങ്ങ് വിസ്മയിച്ചു: ആ പ്രഖ്യാപനവുമായി ഫാസിൽ


മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് 2024 ഡിസംബർ 25–ന് തിയറ്ററുകളിൽ എത്തും. സംവിധായകൻ ഫാസിലാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. മോഹൻലാലിന്റെ ആവശ്യപ്രകാരമാണ് ഇതു പ്രഖ്യാപിക്കുന്നതെന്നും താൻ സംവിധാനം ചെയ്ത മോഹൻലാലിന്റെ ആദ്യ ചിത്രവും കൂടിയായ ‘മഞ്ഞിൽ വിരഞ്ഞ പൂക്കൾ’ റിലീസ് ചെയ്തതും ഒരു ഡിസംബർ 25–നാണെന്ന് ഫാസിൽ പറയുന്നു. റിലീസ് തിയതി കേട്ട് താൻ  വിസ്മയിച്ചു പോയെന്നും മോഹൻലാലിനോടു പറഞ്ഞപ്പോൾ അദ്ദേഹം പതിന്മടങ്ങ് വിസ്മയിച്ചെന്നും ഫാസിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. 
‘‘മലയാളത്തിന്റെ പ്രിയങ്കരനായ മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ എന്ന സിനിമയുടെ അലങ്കാരങ്ങളും ഒരുക്കങ്ങളുമെല്ലാം പൂർണമായിരിക്കുന്നു. ഗുരുസ്ഥാനത്ത് ഉള്ളവരെ നേരിൽപോയി കണ്ട് അനുഗ്രഹങ്ങൾ വാങ്ങിച്ച് അവരെക്കൊണ്ട് വിളക്കുകൊളുത്തിക്കൊണ്ടാണ് ഈ സിനിമ തുടങ്ങുന്നതു തന്നെ.

നീണ്ട 700 ദിവസങ്ങളിലെ കഠിന പരിശ്രമങ്ങളുടെയും കഠിനാദ്ധ്വാനത്തിന്റെയും ആകെത്തുകയാണ് ‘ബറോസ്’ എന്ന ബ്രഹ്മാണ്ഡ ചിത്രം. ഇന്നലെ മോഹൻലാൽ എന്നെ വിളിച്ച് സ്നേഹപൂർവം ചോദിച്ചു, ‘ബറോസ്’ സിനിമയുടെ റിലീസ് തിയതി ഔദ്യോഗികമായി അനൗൺസ് ചെയ്ത് തരുമോ എന്ന്. കൗതുകത്തോടെ ഞാൻ ചോദിച്ചു, എന്നാ റിലീസ്. മോഹൻലാൽ റിലീസ് തിയതി പറഞ്ഞതോടു കൂടി, വല്ലാണ്ട് ഞാൻ വിസ്മയിച്ചുപോയി.

ഒരു മുൻധാരണയും ഒരുക്കവുമില്ലാതെയാണ് റിലീസ് തിയതി തീരുമാനിച്ചതെങ്കിൽപോലും അതെന്തൊരു ഒത്തുചേരൽ ആണ്, നിമിത്താണ് പൊരുത്തമാണ്, ഗുരുകടാക്ഷമാണെന്നു തോന്നിപ്പോയി. എന്റെ തോന്നൽ ഞാൻ മോഹൻലാലിനോടു പറഞ്ഞപ്പോൾ മോഹൻലാൽ എന്നേക്കാൾ പതിന്മടങ്ങ് വിസ്മയിച്ചുപോയി. കുറേ നേരത്തേക്ക് മിണ്ടാട്ടമില്ല, അറിയാതെ ദൈവമേ എന്നു വിളിച്ചുപോയി. പിന്നെ സഹധർമിണി സുചിയെ വിളിക്കുന്നു, ആന്റണിയെ വിളിക്കുന്നു, ആന്റണി എന്നെ വിളിക്കുന്നു.

എല്ലാവര്‍ക്കും ഇതെങ്ങനെ ഒത്തുചേർന്നു വന്നു എന്നൊരദ്ഭുതമായിരുന്നു. സംഗതി ഇതാണ്, മോഹൻലാൽ എന്ന 19 വയസ്സുകാരനെ ഇന്നറിയുന്ന മോഹൻലാൽ ആക്കി മാറ്റിയത്, ‘മഞ്ഞിൽ വിരി​​ഞ്ഞ പൂക്കളെന്ന’ സിനിമയാണ്. അക്കാലത്ത് പ്രേക്ഷകർ റിപ്പീറ്റ് ചെയ്ത് കണ്ട സൂപ്പര്‍ ഹിറ്റ് സിനിമയാണ്. മലയാള സിനിമയുടെ ഗതി തന്നെ മാറ്റി വിട്ട സിനിമയാണെന്നു പറയപ്പെട്ടു. കലാമൂല്യവും ജനപ്രീതിയുമുള്ള സംസ്ഥാന പുരസ്കാരവും ലഭിക്കുകയുണ്ടായി.
വർഷങ്ങൾക്കു ശേഷം മോഹൻലാൽ ചെയ്ത മറ്റൊരു സിനിമ. അത് മഞ്ഞിൽ വിരിഞ്ഞ പൂക്കളേക്കാളും ജനങ്ങൾ ആവർത്തിച്ചുകണ്ടു. അതൊരു മെഗാ ഹിറ്റായി. ആ സിനിമ കാലാതീതമാണെന്ന് പറയപ്പെട്ടു. കലാമൂല്യവും ജനപ്രീതിയുമുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും ലഭിച്ചു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്തത് 1980 ഡിസംബർ 25നാണ്, മണിച്ചിത്രത്താഴും റിലീസ് ചെയ്തത് ഒരു ഡിസംബർ 25നാണ്. 1993 ഡിസംബർ 25.

മോഹൻലാലിന്റെ ‘ബറോസും’ റിലീസ് ചെയ്യാൻ പോകുന്നത് ഈ ഡിസംബർ 25നാണ്. ഒന്നാലോചിച്ചു നോക്കൂ, നാലരപതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിരക്കിനിടയിൽ മുത്തി മുത്തി പഠിച്ചെടുത്ത അനുഭവങ്ങൾ കൊണ്ട് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത സിനിമ മോഹൻലാലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ആയ ദിവസവുമായി ആകസ്മികമായി ഒത്തുവരുന്നു. 
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നടൻ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് ഔദ്യോഗികമായി പറയണമെന്നാവശ്യപ്പെട്ട് നീണ്ട നാൽപത്തിനാല് വർഷങ്ങൾക്കു ശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ സംവിധായകനെ തന്നെ വിളിക്കുകയാണ്. ഇതൊക്കെ നിമിത്തം, പൊരുത്തം,ദൈവകൃപ എന്നല്ലാതെ വേറെന്താ പറയേണ്ടത്. എനിക്കു തോന്നുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കളേക്കാൾ, മണിച്ചിത്രത്താഴിനേക്കാൾ വളരെ വളരെ വളരെ ഉയരെ നിൽക്കുന്ന ഒരതുല്യ കലാസൃഷ്ടിയാകും ബറോസ് എന്നാണ്. ഏറ്റവും കുറഞ്ഞ പക്ഷം ‘ബറോസ്’ ഒരു ആഗോള ഇതിഹാസ സിനിമയായി മാറട്ടെ എന്നു ഞാൻ ആശംസിക്കുന്നു, അതിനായി ഹൃദയത്തിൽതൊട്ട് പ്രാർഥിക്കുകയും െചയ്യുന്നു. മോഹൻലാലിനും മോഹൻലാലിന്റെ ടീമിനും എല്ലാ നന്മകളും നേരുന്നു. ബറോസ് 2024 ഡിസംബർ 25ന് പ്രേക്ഷകരുടെ മുമ്പിൽ എത്തുന്നു എന്ന സന്തോഷവാർത്ത പ്രേക്ഷകർക്കു മുന്നിൽ ഔദ്യോഗികമായി അറിയിക്കുന്നു.’’–ഫാസിലിന്റെ വാക്കുകൾ.

അതേസമയം സിനിമയുടെ ത്രിഡി ട്രെയിലർ കഴിഞ്ഞ ദിവസം മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. ഗംഭീര പ്രതികരണമാണ് ട്രെയിലറിന് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്. ആശീർവാദ് സിനിമാസിന്റെ ഏറ്റവും വലിയ സിനിമകളിലൊന്നായ ‘ബറോസ്’ ഇന്ത്യൻ സിനിമയ്ക്കു തന്നെ മുതൽക്കൂട്ടാകും.


Source link

Related Articles

Back to top button