KERALAMLATEST NEWS

നാഷണൽ സ്കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ടിക്കറ്റ് കിട്ടിയില്ല, റെയിൽവേ സ്‌റ്റേഷനിൽ കുടുങ്ങി ബാഡ്‌മിന്റൺ താരങ്ങൾ

കൊച്ചി: യാത്ര ചെയ്യാൻ ടിക്കറ്റില്ലാതെ എറണാകുളം റെയിൽവേ സ്‌റ്റേഷനിൽ കുടുങ്ങി കേരള ബാഡ്‌മിന്റൺ താരങ്ങൾ. ഞായറാഴ്‌ച ഭോപ്പാലിൽ നടക്കുന്ന നാഷണൽ സ്കൂൾ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ടവരാണ് ടിക്കറ്റ് ലഭ്യമാകാത്തതിനെ തുടർന്ന് റെയിൽവേ സ്‌റ്റേഷനിൽ പെട്ടുപോയത്. വിദ്യാഭ്യാസ വകുപ്പോ കായിക വകുപ്പോ ഇതുവരെ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്.

കുട്ടികൾക്കും അദ്ധ്യാപകർക്കും വേണ്ട ട്രെയിൻ ടിക്കറ്റ് രജിസ്‌റ്റർ ചെയ‌്ത് നൽകേണ്ടത് വിദ്യാഭ്യാസവകുപ്പാണ്. അവർ അത് ചെയ്യാത്തതാണ് പ്രശ്നത്തിന് കാരണം. മാനേജരടക്കം 24 പേർക്കാണ് ഭോപ്പാലിലേക്ക് ടിക്കറ്റ് വേണ്ടത്. ഇന്ന് ഉച്ചയ്ക്ക് 1.25നുള്ള എറണാകുളം നിസാമുദ്ദീൻ മംഗള എക്സ്പ്രസിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ, എന്നാൽ രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കൺഫേം ആയത്. എമർജൻസി ക്വാട്ട വഴി നൽകാനാകുന്നത് നൽകി എന്നാണ് റെയിൽവേ വിശദീകരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലെ കാലതാമസമാകാം ടിക്കറ്റ് കിട്ടാതിരിക്കാൻ കാരണമെന്നുമാണ് റെയിൽവെയുടെ വിശദീകരണം.

വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് യാത്രാസൗകര്യം ഒരുക്കി നൽകിയില്ലെങ്കിൽ താരങ്ങൾക്ക് ദേശീയ ചാംപ്യൻഷിപ്പിന് പങ്കെടുക്കാൻ കഴിയാതെ വരും. സംസ്ഥാന സ്‌കൂൾ ഗെയിംസ് കഴിഞ്ഞ് അധികം ദിവസം ആകാത്തതിനാൽ തന്നെ അവസാന നിമിഷം ട്രെയിൻ ടിക്കറ്റ് കിട്ടാത്ത സാഹചര്യമുണ്ടാകുമെന്നറിഞ്ഞിട്ടും പകരം സംവിധാനം ഒരുക്കിയില്ലെന്നാണ് ആരോപണം.


Source link

Related Articles

Back to top button