KERALAM

ആശയക്കുഴപ്പം മറികടക്കും; സരിന് പിന്തുണയുമായി ഇപി, പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും

പാലക്കാട്: ആത്മകഥ വിവാദം പുകയുന്നതിനിടെ ഉപതിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാൻ മുൻ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പാലക്കാട്ടെത്തും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുൻസിപ്പൽ ബസ് സ്റ്റാൻഡിന് സമീപത്തായി ചേരുന്ന യോഗത്തിൽ ഇപി എൽഡിഎഫ് സ്ഥാനാർത്ഥിയായ ഡോക്ടർ പി സരിനുവേണ്ടി വോട്ട് അഭ്യർത്ഥിക്കും. കഴിഞ്ഞ ദിവസം ഇപിയുടെ ആത്മകഥയുടെ ഉളളടക്കം പുറത്തുവന്നതിനെ തുടർന്ന് നിരവധി വിവാദങ്ങളുയർന്നിരുന്നു.

സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ടെന്ന് ഉളളടക്കത്തിൽ പറയുന്നുണ്ട്. അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സരിനിനെക്കുറിച്ചും പറയണമെന്ന് പറഞ്ഞായിരുന്നു ഈ പരാമർശം. ഇപിയുടെ ഈ പരാമർശം പാലക്കാട്ടെ പ്രവർത്തകരിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇത് മറികടക്കുന്നതിനാണ് ഇപിയെ തന്നെ പാലക്കാട്ടെ എത്തിക്കുന്നത്.

പാലക്കാട്ട് പ്രചാരണത്തിന് ഇപിയെ എത്തിച്ചിട്ടും കാര്യമില്ലെന്ന് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇപി, സരിനെതിരെ പറയാനുള്ളതൊക്കെ പറഞ്ഞ് കഴിഞ്ഞെന്നും ഇനി തിരുത്തി പറഞ്ഞിട്ടും കാര്യമില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.സരിൻ സ്ഥാനാ‌ർത്ഥിയായതിൽ സിപിഎമ്മിനകത്ത് അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡിസി ബുക്സ് പുറത്തുവിട്ട ആത്മകഥയുടെ ഉളളടക്കം തന്റേതല്ലെന്ന് ഇപി പരസ്യമായി പ്രതികരിച്ചിരുന്നു. വിവാദത്തിൽ ഡിസി ബുക്സിന് കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഡി.സി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങൾ പിൻവലിക്കണമെന്നും ഡിസി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് ഇപി വക്കീൽ നോട്ടീസയച്ചിരിക്കുന്നത്. ആത്മകഥയുടെ ചിലഭാഗങ്ങൾ പുറത്തുവിട്ടത് തന്നെ തേജോവധം ചെയ്യാൻ വേണ്ടിയാണെന്ന് ഇപി ആരോപിച്ചു. പുറത്തുവന്നത് താൻ എഴുതിയതല്ലെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. അഭിഭാഷകൻ കെ. വിശ്വൻ മുഖേനെയാണ് വക്കീൽ നോട്ടീസയച്ചിരിക്കുന്നത്.


Source link

Related Articles

Back to top button