KERALAM

നവീൻ ബാബുവിന്റെ മരണം; കുടുംബത്തിന്റെ മൊഴി ഇന്നെടുക്കും, കണ്ണൂരിൽ നിന്നുളള അന്വേഷണ സംഘമെത്തും

കണ്ണൂർ: എഡിഎം നവീൻ ബാബു മരണപ്പെട്ട സംഭവത്തിൽ കണ്ണൂരിൽ നിന്നുളള പ്രത്യേക അന്വേഷണ സംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും നവീൻ ബാബുവിന്റെ മരണത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന് കുടുംബം ആക്ഷേപം ഉയർത്തിയിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ഉൾപ്പടെ സമഗ്രമായ അന്വേഷിക്കണം വേണമെന്നാണ് നവീനിന്റെ സഹോദരനടക്കമുള്ളവരുടെ ആവശ്യം. കഴിഞ്ഞ ദിവസം പെട്രോൾ പമ്പ് ഉടമ ടി വി പ്രശാന്തിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

കണ്ണൂർ ടൗൺ സ്റ്റേഷനിൽ ഹാജരായാണ് പ്രശാന്ത് മൊഴി നൽകിയത്. തനിക്ക് രണ്ട് തരത്തിലുള്ള ഒപ്പുകൾ ഉണ്ടെന്നാണ് ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരിക്ക് മൊഴി നൽകിയത്. നേരത്തെ പാട്ടക്കരാർ വ്യവസ്ഥയിൽ പെട്രോൾ പമ്പിന് സ്ഥലം ലഭിക്കുന്നതിന് നൽകിയ രേഖയിലും നവീൻ ബാബുവിനെതിരെ നൽകിയെന്ന് പറയുന്ന പരാതിയിലും രണ്ട് തരത്തിലുള്ള പേരും ഒപ്പുമാണ് ഉണ്ടായിരുന്നത്. ഒന്നിൽ ടി വി പ്രശാന്ത് എന്നും മറ്റൊന്നിൽ ടി വി പ്രശാന്തൻ എന്നുമാണ് പേര് രേഖപ്പെടുത്തിയിരുന്നത്. ഇത് ഏറെ ചർച്ചയായിരുന്നു. ഇതിൽ വ്യക്തത വരുത്താനും ദിവ്യയുടെ മൊഴിയുമായി ബന്ധപ്പെട്ട മറ്റ് ചില കാര്യങ്ങൾ ചോദിച്ചറിയാനുമാണ് പ്രത്യേക അന്വേഷണ സംഘം വിളിപ്പിച്ചത്.


Source link

Related Articles

Back to top button