സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം: ഇന്ന് ആലപ്പുഴയിൽ തിരിതെളിയും
ആലപ്പുഴ: അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ആലപ്പുഴയിൽ ഇന്ന് തിരിതെളിയും. സെന്റ് ജോസഫ് സ്കൂൾ അങ്കണത്തിൽ വൈകിട്ട് 5ന് സംഘാടക സമിതി ചെയർമാൻ മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിയിൽ മന്ത്രി വി.ശിവൻകുട്ടി മേളയ്ക്ക് തിരിതെളിക്കും. ഇട്ടി അച്യുതൻ വൈദ്യരുടെ ചേർത്തല കടക്കരപ്പള്ളിയിലെ സ്മൃതികുടീരത്തിൽ നിന്ന് ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന പതാക ജാഥയും കാർഷികശാസ്ത്രജ്ഞൻ എം.എസ്.സ്വാമിനാഥന്റെ മങ്കൊമ്പിലെ തറവാട് വീട്ടിൽ നിന്ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.വി.പ്രിയ ഉദ്ഘാടനം ചെയ്യുന്ന ദീപശിഖാ റാലിയും ഇന്ന് വൈകിട്ട് 3.30ന് നഗരസഭ ശതാബ്ദി മന്ദിരത്തിൽ എത്തിച്ചേരും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ശാസ്ത്രമേള സംഘാടകസമിതി ഏർപ്പെടുത്തിയ എഡ്യുക്കേഷൻ മിനിസ്റ്റർ ട്രോഫി വഹിച്ചുള്ള വാഹന ഘോഷയാത്രയും ശതാബ്ദി സ്മാരക മന്ദിരത്തിൽ സംഗമിച്ചശേഷം വൈകിട്ട് 4 മണിയോടെ വിളംബര ഘോഷയാത്ര മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്യും. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ജില്ലാ സ്പോർട്സ് കൗൺസിൽ കായികതാരങ്ങളും സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത ജില്ലയിലെ കായിക താരങ്ങളും റോവിംഗ് താരങ്ങളും ഘോഷയാത്രയിൽ പങ്കെടുക്കും.
മേളയുടെ ഉദ്ഘാടനം നാളെ വെകിട്ട് 4ന് ആലപ്പുഴ സെന്റ് ജോസഫ് എച്ച്.എസ്.എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ സജി ചെറിയാൻ,പി. പ്രസാദ് എന്നിവർ വിശിഷ്ടാതിഥികളാകും.
Source link