വയനാട് 64.72% , ചേലക്കര 72.77%; പോളിംഗ് കുറഞ്ഞതിൽ ആശങ്ക
പ്രദീപ് മാനന്തവാടി | Thursday 14 November, 2024 | 4:34 AM
കൽപ്പറ്റ: ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ വയനാട് ലോക് സഭാ മണ്ഡലത്തിലും പോരാട്ടം കനത്ത ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം കുറഞ്ഞു. 64.72 ശതമാനമാണ് വയനാട്ടിലെ പോളിംഗ്.
കഴിഞ്ഞ തവണ 72.92 ശതമാനമായിരുന്നു. കുറഞ്ഞത് 8.2 ശതമാനം. 2019ൽ 80.33 ശതമാനമായിരുന്നു.
ചേലക്കരയിൽ 72.77 ശതമാനമാണ് പോളിംഗ്.
2021ലെ തിരഞ്ഞെടുപ്പിൽനിന്ന് നാലര ശതമാനത്തോളം കുറഞ്ഞു. അന്ന് 77.40 ശതമാനം ആയിരുന്നു.
പോളിംഗ് കുറഞ്ഞത് വിജയത്തെ എങ്ങനെ ബാധിക്കുമെന്ന അങ്കലാപ്പിലാണ് മുന്നണികൾ.
വയനാട്ടിൽ പ്രിയങ്ക ഗാന്ധി കന്നി മത്സരത്തിന് ഇറങ്ങിയത് പോളിംഗ് വർദ്ധിപ്പിക്കുമെന്നാണ് മാദ്ധ്യമങ്ങൾ അടക്കം കണക്കുകൂട്ടിയത്.വോട്ട് ചെയ്യാൻ എത്തിയവരിൽ ചെറുപ്പക്കാർ കുറവായിരുന്നു.രാഹുൽ ഗാന്ധിയെയും മറികടന്ന്, പ്രിയങ്ക അഞ്ചുലക്ഷത്തിലേറെ ഭൂരിപക്ഷം നേടുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടിയിരുന്നത്.
വയനാട് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം മന്ദഗതിയിലായിരുന്നു. ചേലക്കരയിൽ രാവിലെ വോട്ടർമാരുടെ നീണ്ടനിരയായിരുന്നു.ഉച്ച കഴിഞ്ഞതോടെ മന്ദഗതിയിലായി.
Source link