KERALAMLATEST NEWS

സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരായ തുടരന്വേഷണം : നിയമോപദേശം തേടും

ആലപ്പുഴ: നവകേരളസദസിനിടെ യൂത്ത് കോൺഗ്രസ്,കെ.എസ്.യു നേതാക്കളെ മർദ്ദിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ തുടരന്വേഷണത്തിനുള്ള കോടതി ഉത്തരവിൽ നിയമോപദേശം തേടാൻ പൊലീസ് നീക്കം. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ,സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് എന്നിവർ പ്രതികളായ കേസിലാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടുക.

മർദ്ദനത്തിന് തെളിവില്ലെന്ന് കാട്ടി ഗൺമാൻമാർക്ക് ക്ലീൻ ചി​റ്റ് നൽകിയ ജില്ല ക്രൈംബ്രാഞ്ച് പ്രതികൾക്കെതിരായ കുറ്റം റദ്ദാക്കണമെന്ന് കോടതിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെതിരെ മർദ്ദനത്തിനിരയായ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസും സമർപ്പിച്ച തടസഹർജിയിലെ തെളിവുകൾ പരിഗണിച്ചാണ് തുടരന്വേഷണത്തിന് ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗം ഉത്തരവിട്ടത്. ഉത്തരവ് ജില്ലാക്രൈംബ്രാഞ്ചിന് ലഭിച്ചതിന് പിന്നാലെ കേസിന്റെ തുടർനടപടികളെപ്പറ്റിയുള്ള ആലോചനയിലാണ് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടാൻ തീരുമാനിച്ചത്. പൊലീസിന്റെ നീക്കങ്ങളെ നിയമപരമായി നേരിടുമെന്ന് യൂത്ത് കോൺഗ്രസിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ അഡ്വ.പി.റോയി പറഞ്ഞു.


Source link

Related Articles

Back to top button