CINEMA

വ്യത്യസ്ത കഥാപാത്രവുമായി അർജുൻ അശോകൻ; 'ആനന്ദ് ശ്രീബാല' ഈ വെള്ളിയാഴ്ച പ്രദർശനത്തിന് എത്തും


മലയാളത്തിലെ യുവ നടന്മാരിലൊരാളായ അർജ്ജുൻ അശോകൻ ചുരുങ്ങിയ കാലയളവിനുള്ളിലാണ് പ്രേക്ഷകരുടെ ഇഷ്ട താരമായ് മാറിയത്. ഹരിശ്രീ അശോകന്റെ മകൻ എന്ന ലേബലോടെയാണ് വെള്ളിത്തിരയിലേക്ക് കടന്നുവന്നതെങ്കിലും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ചത് തന്റെ കഥാപാത്രങ്ങളെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചുകൊണ്ടാണ്. രൂപത്തിലും ഭാവത്തിലും വേഷത്തിലും മാറ്റങ്ങൾ വരുത്തി കഥാപാത്രത്തിന് ആവശ്യമായ ചേരുവകൾ ചേർത്ത് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന അർജ്ജുൻ ഇതിനോടകം ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ‘പറവ’യിലെ ഹക്കീം, ‘ബി ടെക്’ലെ ആസാദ് മുഹമ്മദ്, ‘രോമാഞ്ചം’ത്തിലെ സിനു സോളമൻ, ‘ഭ്രമയുഗം’ത്തിലെ തേവൻ, ‘ആനന്ദ് ശ്രീബാല’യിലെ ആനന്ദ് എന്നിങ്ങനെ നീളുന്ന ലിസ്റ്റിൽ എവിടെയും ഹരിശ്രീ അശോകന്റെ മകൻ അർജ്ജുൻ അശോകനെ പ്രേക്ഷകർക്ക് കാണാനാവില്ല.
2012-ൽ പുറത്തിറങ്ങിയ ‘ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്’ എന്ന ചിത്രത്തിലെ ഗണേശൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അർജ്ജുൻ അശോകൻ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. 2014-ൽ ‘ടു ലെറ്റ് അമ്പാടി ടോക്കീസ്’ൽ ആന്റണിയായ് പ്രത്യക്ഷപ്പെട്ടു. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ‘പറവ’യിലെ ഹക്കീംമായും വേഷമിട്ടു. മുഖം സുപരിചിതമായതോടെ കഥാപാത്രങ്ങളുടെ ചാകര തന്നെ അർജ്ജുനെ തേടിയെത്തി. വരത്തൻ, മന്ദാരം, സ്റ്റാൻഡ് അപ്പ്, അണ്ടർ വേൾഡ്, വോൾഫ്, ജാൻ എ മൻ, അജഗജാന്തരം, തട്ടാശ്ശേരു കൂട്ടം, ചാവേർ, തീപ്പൊരി ബെന്നി, ത്രിശങ്കു, സൂപ്പർ ശരണ്യ, പ്രണയവിലാസം തുടങ്ങി വ്യത്യസ്തമായ സിനിമകളിൽ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമ ഇന്റസ്ട്രിയിലും പ്രേക്ഷക ഹൃദയങ്ങളിലും തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചു.

നവംബർ 15ന് റിലീസിനൊരുങ്ങുന്ന ‘ആനന്ദ് ശ്രീബാല’ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്. റൊമാൻസ്, കോമഡി, നായകൻ, പ്രതിനായകൻ, കാമുകൻ എന്നിങ്ങനെ പലതരത്തിലുള്ള കഥാപാത്രങ്ങൾ അർജ്ജുൻ ഇതിനോടകം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നത് ആദ്യമായാണ്. ഇത്രയേറെ ഗൗരവമുള്ളൊരു കഥാപാത്രത്തെ ഇതിന് മുന്നെ അർജ്ജുൻ അവതരിപ്പിച്ചിട്ടില്ല. ലോ കോളേജ് വിദ്യാർത്ഥിയായ മെറിൻന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പോലീസിന്റെ അന്വേക്ഷണവുമാണ് ചിത്രത്തിൽ ദൃശ്യാവിഷ്കരിക്കുന്നത്. ഇത് യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് എന്ന് അണിയറ പ്രവർത്തകർ നേരത്തേ അറിയിച്ചിരുന്നു. ‘ബേസ്ഡ് ഓൺ ട്രു ഇവന്റ്’ എന്ന ക്യാപ്ഷനോടെയാണ് ട്രെയിലറും ആരംഭിക്കുന്നത്. കേരള പൊലീസിനെ വട്ടംകറക്കിയ ആ ക്രൈം ഏതാണെന്നറിയാനുള്ള അതിയായ ആകാംക്ഷയിലാണ് പ്രേക്ഷകർ. അഭിലാഷ് പിള്ളയാണ് തിരക്കഥാക‍ൃത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആനന്ദ് ശ്രീബാലയെയാണ് അർജ്ജുൻ അശോകൻ അവതരിപ്പിക്കുന്നത്. കാവ്യ ഫിലിം കമ്പനി,ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണുവും നീതാ പിന്റോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

‘മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ അപർണ്ണദാസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: വിഷ്ണു നാരായണൻ, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: രഞ്ജിൻ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.


Source link

Related Articles

Back to top button