KERALAMLATEST NEWS

മുനമ്പം വഖഫ് ഭൂമി സമരം സംസ്ഥാന തലത്തിലേക്ക്

കൊച്ചി: വഖഫ് നിയമത്തിന്റെ ഇരകളായ മുനമ്പത്തെ 614 കുടുംബങ്ങൾ നടത്തുന്ന ഭൂസംരക്ഷണസമരം സംസ്ഥാനതലത്തിലേക്ക് വ്യാപിക്കുന്നു. ലത്തീൻ കത്തോലിക്കാസഭയുടെ നേതൃത്വത്തിൽ നടക്കുന്നസമരത്തിന് സിറോമലബാർ സഭയും പിന്തുണ പ്രഖ്യാപിച്ചു. 29 ദി​വസം പി​ന്നി​ട്ട സമരം ഉപതി​രഞ്ഞെടുപ്പി​ൽ ക്രൈസ്തവ വോട്ടുകളെ സ്വാധീനിക്കുമെന്ന് ഇടതു, വലതു മുന്നണികൾ ഭയക്കുന്നുണ്ട്. അതിനിടെ ഇന്നലെ പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ സമരപ്പന്തലിലെത്തി.

തങ്ങളെ സഹായിക്കുന്നവരെ തിരിച്ചുസഹായിക്കുമെന്നും വോട്ട് മാറി ചെയ്തുകാണിക്കുമെന്നും ശനിയാഴ്ച സിറോമലബാർ സഭ ആർച്ച് ബിഷപ്പ് മാർ ബേസിൽ തട്ടിൽ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് കൃഷ്ണകുമാറിന്റെ സന്ദർശനം. മുനമ്പം വിഷയത്തിൽ ഉൾപ്പെടെ അനുകൂല നിലപാട് സ്വീകരിക്കുന്നവർക്ക് ഒപ്പമായിരിക്കും സഭയെന്ന് പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ ഇന്നലെ നി​ലപാട് വ്യക്തമാക്കി​യിരുന്നു.

വഖഫ് കരിനിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുനമ്പത്തി​ന് സമീപം ചെറായി ദേവസ്വം നടയിൽ കെ.പി. ശശികല, ആർ.വി. ബാബു, വത്സൻ തില്ലങ്കേരി എന്നി​വർ പങ്കെടുക്കുന്ന ഹിന്ദു ഐക്യവേദിയുടെ ഭൂസംരക്ഷണ സമ്മേളനം നടക്കും. നവംബർ 20 മുതൽ സംസ്ഥാനമെമ്പാടും ജാഗ്രതാ സമ്മേളനങ്ങളും ഹി​​ന്ദു ഐക്യവേദി പ്രഖ്യാപി​ച്ചു.

അപലപനീയം: സി​. കൃഷ്ണകുമാർ

തലമുറകളായി ജീവിച്ചി​ടത്തു നി​ന്ന് കുടിയിറങ്ങേണ്ടി വരുന്നവരുടെ അതിജീവന സമരത്തെ ന്യൂനപക്ഷകാര്യ മന്ത്രി വി​. അബ്ദുറഹ്മാൻ വർഗീയ നിറം നൽകി ആക്ഷേപിക്കുന്നത് അപലപനീയമാണെന്ന് പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു.

വഖഫ് നിയമത്തിന്റെ ഭീകരത ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ മുനമ്പം സമരത്തിന് കഴിഞ്ഞു. രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന ഈ സമരത്തെക്കുറിച്ച് ഒരു വാക്കുപോലും പറയാൻ കേരളത്തിലെ ഇടതു-വലതു മുന്നണികൾ തയ്യാറായില്ലെന്നു മാത്രമല്ല, വഖഫ് നിയമ ഭേദഗതിക്കെതിരെ ഐകകണ്ഠ്യേന നിയമസഭയിൽ പ്രമേയം പാസാക്കി​യെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Source link

Related Articles

Back to top button