മാലിന്യസംസ്കരണത്തിലെ മികവ് കൂട്ടാൻ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഗ്രീൻ ലീഫ് റേറ്റിംഗ്
തിരുവനന്തപുരം : മാലിന്യ സംസ്‌കരണത്തിലെ പ്രവർത്തന മികവിന് സർക്കാർ,സ്വകാര്യ സ്ഥാപനങ്ങൾക്ക് റേറ്റിംഗ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ഗ്രീൻ ലീഫ് റേറ്റിംഗ് എന്ന് പേരിട്ടിരിക്കുന്ന റേറ്റിംഗ്പ്രക്രിയയിൽ പൊതുജനങ്ങളെയും പങ്കാളികളാക്കും.
ഇതോടെ, കേരളം മാലിന്യ പരിപാലന സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ റേറ്റിംഗ് നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമാകും.
സർക്കാർ മേഖലയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യ സ്ഥാപനങ്ങൾ, പ്രീപ്രൈമറി മുതൽ കോളേജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, അങ്കണവാടികൾ, കെ.എസ്.ആർ.ടി.സിയുടെ ഓപ്പറേറ്റിംഗ് സെന്ററുകൾ മുതൽ സെൻട്രൽ ഡിപ്പോ വരെയുള്ള സ്ഥാപനങ്ങൾ, ബസുകൾ, പട്ടണങ്ങൾ എന്നിവയാണ് റേറ്റിംഗിന് വിധേയമാകുന്നത്.
സ്വകാര്യ മേഖലയിൽ ആശുപത്രി, ഹോട്ടൽ,റസ്റ്റോറന്റുകൾ, ബേക്കറികൾ, ഹോസ്റ്റലുകൾ, മാളുകൾ,ഫാസ്റ്റ് ഫുഡ് കടകൾ,ഓഡിറ്റോറിയം,അപ്പാർട്ട്‌മെന്റുകൾ,റസിഡന്റ്സ് അസോസിയേഷനുകൾ, കൺവെൻഷൻ സെന്ററുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സ്ഥാപനങ്ങൾ എന്നിവയാണ് റേറ്റിംഗ് പരിധിയിലുള്ളത്. മികച്ച മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെയും പൊതു ശുചിത്വത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തൽ.
സ്വച്ഛ ഭാരത് മിഷൻ ഏർപ്പെടുത്തിയ സ്വച്ഛതാ ഗ്രീൻലീഫ് റേറ്റിംഗിലൂടെ അഞ്ചിലധികം മുറികൾ വാടകയ്ക്ക് നൽകുന്ന ഹോട്ടലുകളെ റേറ്റിംഗ് നടത്തിയിരുന്നു. ഇതിൽ കേരളം രാജ്യത്ത് മുൻനിരയിലെത്തി. ഈ ആത്മവിശ്വാസത്തിലാണ് സംസ്ഥാന തലത്തിൽ ഗ്രീൻ ലീഫ് റേറ്റിംഗ് നടപ്പിലാക്കുന്നത്.
-യു.വി.ജോസ്
എക്സിക്യുട്ടീവ് ഡയറക്ടർ
ശുചിത്വ മിഷൻ.
ആകെ 200 മാർക്ക്
മലിന ജല സംസ്‌കരണത്തിന്………………….50
കക്കൂസ് മാലിന്യ സംസ്‌കരണത്തിന്……… 50
ടോയ്ലറ്റുകൾക്ക്……………………………………… 40
ഖര മാലിന്യ സംസ്‌കരണത്തിന്………………40
ഹരിത ചട്ടപാലനത്തിന്…………………………..20
റേറ്റിംഗ് എങ്ങനെ നേടാം ?
റേറ്റിംഗിനായി സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും സ്വയം സാക്ഷ്യപ്പെടുത്തി പ്രഖ്യാപനം സമർപ്പിക്കാം. ഈയിടങ്ങൾ സർക്കാർ, ശുചിത്വ മിഷന്റെ മേൽനോട്ടത്തിൽ നിയോഗിക്കുന്ന അംഗീകൃത ഏജൻസികൾ നേരിട്ടെത്തി പരിശോധിക്കും. തെറ്റായ വിവരങ്ങൾ നൽകിയാൽ നെഗറ്റീവ് മാർക്ക് നൽകും. ഫീൽഡ്തല പരിശോധനാ കമ്മിറ്റിയെ തിരഞ്ഞെടുക്കേണ്ടത് കളക്ടർമാരുടെ മേൽനോട്ടത്തിൽ അതത് ജില്ലാ ശുചിത്വ മിഷനുകളാണ്. ജില്ലാതല അപ്രൂവൽ കമ്മിറ്റിയിൽ ജില്ലാ കളക്ടറും സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും അദ്ധ്യക്ഷനായിരിക്കും.
Source link