എൻ.സി.പി : നിലം തൊടാതെ 100 കോടി കോഴ
തിരുവനന്തപുരം: ഉപ തിരഞ്ഞെടുപ്പിന്റെ കളം മുറുകന്ന ഘട്ടത്തിൽ ഇടതു മുന്നണിയിലെ രണ്ട് എം.എൽ.എമാരെ കൂറുമാറ്റാൻ 100 കോടി വാഗ്ദാനം നൽകിയെന്ന മട്ടിൽ പൊന്തിവന്ന കോഴ ആരോപണം നിലം തൊടാതെ ചീറ്റി. ആരോപണത്തിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എൻ.സി.പി എം.എൽ.എ തോമസ് കെതോമസ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. തന്റെയും ആന്റണിരാജു എം.എൽ.എയുടെയും ഫോൺ കാളുകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
യു.ഡി.എഫോ, ബി.ജെ.പിയോ ആരോപണത്തിൽ വലുതായി കൊത്താതിരുന്നതോടെ ആരോപണത്തിന്റെ ഗ്യാസ് പോയി. എൻ.സി.പി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ ജനാധിപത്യ കേരള കോൺഗ്രസ് അംഗം ആന്റണിരാജുവിനും ആർ.എസ്.പി ലെനിനിസ്റ്റ് അംഗം കോവൂർ കുഞ്ഞുമോനും കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നായിരുന്നു ആരോപണം. ഇതേക്കുറിച്ച് പാർട്ടി സെക്രട്ടേറിയറ്റ് ചർച്ച ചെയ്തില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. ഇത്ര വലിയ തുകയുടെ ആരോപണം പാർട്ടി യോഗത്തിൽ മുഖ്യമന്ത്രി തന്നെ പുറത്തുവിട്ടിട്ടും അന്വേഷണമില്ലെന്ന നിലപാടാണ് കള്ളി വെളിച്ചത്താക്കിയത്. തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ എന്തു നടപടി വരുമെന്ന് കാത്തിരുന്നു കാണാം. നുണപരിശോധനയ്ക്ക് താൻ തയ്യാറാണെന്നും തന്റെ ഫോൺകാൾ, അക്കൗണ്ട് രേഖകൾ പരിശോധിക്കട്ടെയെന്നും തോമസ് കെ.തോമസ് പറയുന്നു.
മോശപ്പെട്ട വിവാദം:
പി.സി ചാക്കോ
എൻ.സി.പിയുടെ മന്ത്രി മാറിയാലും ഇല്ലെങ്കിലും തീർത്തും മോശപ്പെട്ട വിവാദമാണ് ഉയർന്നിട്ടുള്ളതെന്ന് എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞു. പാർട്ടിയിൽ ഇപ്പോൾ യാതൊരു അഭിപ്രായ ഭിന്നതയുമില്ല. തികച്ചും കെട്ടിച്ചമച്ച ആക്ഷേപമായതിനാലാണ് താൻ ഇതേക്കുറിച്ച് പ്രതികരിക്കാതിരുന്നത്. ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല. ഭരണപക്ഷത്തു നിന്ന് 10 എം.എൽ.എമാരെ കൂറു മാറ്റിയാലും ഇപ്പോഴത്തെ സർക്കാരിന് ഒന്നും സംഭവിക്കാനില്ല. പിന്നെ രണ്ട് എം.എൽ.എ മാർക്ക് വേണ്ടി ഇത്രയും വലിയ തുക ചെലവഴിക്കുമെന്ന് പറഞ്ഞാൽ അത് യുക്തിക്ക് നിരക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
Source link