വിരുന്നും വേണ്ട, കാണുകയും വേണ്ട; ജില്‍ ബൈഡന്റെ വിരുന്നില്‍ മെലാനിയ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്, പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യയും പ്രഥമ വനിതയുമായ ജില്‍ ബൈഡന്‍ സംഘടിപ്പിക്കുന്ന വിരുന്നില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. നിലവിലെ പ്രസിഡന്റിന്റെ ഭാര്യ, നിയുക്ത പ്രസിഡന്റിന്റെ ഭാര്യയെ സല്‍ക്കരിക്കുന്നത് അമേരിക്കയിലെ അധികാര കൈമാറ്റത്തിന്റെഭാഗമായി തുടരുന്ന കീഴ്വഴക്കമാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഓഫീസിന്റെ ഭാഗമായ ഓവല്‍ ഓഫീസിലാണ് ചടങ്ങ് സംഘടിപ്പിക്കാറുള്ളത്. സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുന്നതിന്റെ പ്രതീകമായാണ് ഈ ചടങ്ങ് നടക്കുന്നത്. എന്നാല്‍, ബൈഡനെയും ഭാര്യയെയും കാണാന്‍ താല്‍പര്യമില്ലെന്ന് മെലാനിയ അറിയിച്ചതായാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയാണ് ജില്‍ ബൈഡന്‍, മെലാനിയ ട്രംപിന് ഔദ്യോഗികക്ഷണം നല്‍കിയത്.അമേരിക്കന്‍ പ്രസിഡന്റായി ബൈഡന്‍ അധികാരത്തിലെത്തിയതിന് പിന്നാലെ നടന്ന ട്രംപിനെതിരായ അന്വേഷണത്തിനിടെ എഫ്.ബി.ഐ. സംഘം ട്രംപും മെലാനിയയും താമസിച്ചിരുന്ന മാര്‍-എ-ലാഗോയില്‍ റെയ്ഡ് നടത്തിയിരുന്നു. 2021 ജനുവരിയില്‍ പ്രസിഡന്റ് കാലാവധി അവസാനിച്ച് പടിയിറങ്ങിയപ്പോള്‍ 15 പെട്ടി നിറയെ ഔദ്യോഗികരേഖകള്‍ ട്രംപ് കടത്തിയെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. യു.എസ്. നാഷണല്‍ ആര്‍ക്കൈവ്സ് ആന്‍ഡ് റെക്കോഡ്സ് അഡ്മിനിസ്ട്രേഷന്റെ പരാതിപ്രകാരം നീതിന്യായവകുപ്പാണ് അന്വേഷണത്തിനുത്തരവിട്ടത്. അലമാരകള്‍ തകര്‍ത്തുവെന്നും റെയ്ഡ് എന്നതിനപ്പുറം തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയില്‍ ഇടപെടുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് ട്രംപ് അന്ന് ആരോപിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ബൈഡനെയും ഭാര്യയെയും മെലാനിയയ്ക്ക് ഒട്ടും താല്‍പര്യമില്ലെന്നും കാണാന്‍ പോലും ആഗ്രഹമില്ലെന്നാണ് റിപ്പോര്‍ട്ട്. മെലാനിയയെ അനുനയിപ്പിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുവെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Source link