KERALAM

പതിനെട്ട് വർഷം മുൻപ് കൊല്ലപ്പെട്ട മകളുടെ തലയോട്ടി ഏറ്റുവാങ്ങി അമ്മ; സഫിയ അനുഭവിച്ചത് കൊടിയ പീഡനം

കാസർകോട്: പതിനെട്ട് വർഷം മുമ്പ് ആദൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പതിമൂന്നു വയസുള്ള മകളുടെ തലയോട്ടി അടങ്ങിയ കാർഡ്ബോർഡ് പെട്ടി കോടതിയിലെ തൊണ്ടിമുറിയിൽ നിന്ന് ഏറ്റുവാങ്ങിയ ആയിഷ നിലവിളിയോടെ തളർന്നുവീണു. കുട്ടിയുടെ പിതാവ് മൊയ്തുവും അമ്മാവൻ അൽത്താഫും വിങ്ങിപ്പൊട്ടി. തലയോട്ടിയും മറ്റും സിതാംഗോളി മുഹിമാത്തിൽ എത്തിച്ച്ശുദ്ധികർമ്മവും മയ്യത്ത് നിസ്ക്കാരവും നടത്തിയശേഷം കുടക് അയ്യങ്കേരി മൊഹ്‌‌യുദ്ദീൻ ജുമാ മസ്‌ജിദ്‌ അങ്കണത്തിലേക്ക് കൊണ്ടുപോയി രാത്രി തന്നെ കബറടക്കി.


കരാറുകാരനായിരുന്ന കാസർകോട് മുളിയാർ മാസ്തിക്കുണ്ട് സ്വദേശി കെ.സി.ഹംസയുടെ വീട്ടിൽ ജോലിക്ക് നിന്നതായിരുന്നു കുടക് അയ്യങ്കേരി സ്വദേശികളായ മൊയ്തുവിന്റെയും ആയിഷയുടെയും മകൾ സഫിയ. കുട്ടിയെ ഹംസ ഗോവയിലെ സ്വന്തം ഫ്ളാറ്റിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി വെട്ടിമുറിച്ച് അവിടെ പണി നടക്കുകയായിരുന്ന ഡാം സൈറ്റിൽ കുഴിച്ചിടുകയായിരുന്നു.

2006 ഡിസംബറിൽ ആയിരുന്നു കൊലപാതകം. 2008 ജൂൺ അഞ്ചിനാണ് തലയോട്ടിയും കുറച്ച് അസ്ഥിക്കഷ്ണങ്ങളും കണ്ടെടുത്തത്. ഇത് കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ സൂക്ഷിച്ചിക്കുകയായിരുന്നു. വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചെങ്കിലും അപ്പീലിൽ ഹൈക്കോടതി ജീവപര്യന്തമാക്കി. അതിനുശേഷമാണ് മതാചാരപ്രകാരം അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കാൻ മാതാപിതാക്കൾ ജില്ലാകോടതിയിൽ ഹർജി നൽകിയത്.

കൊലപാതകമാണെന്ന് കണ്ടെത്തിയത് പ്രക്ഷോഭം നടത്തിയ ആക്ഷൻ കമ്മിറ്റിയുടെ സജീവമായ ഇടപെടലിലൂടെയാണ്. പ്രതി ഹംസയുടെ ഗോവയിലെ ബന്ധങ്ങൾ കണ്ടെത്തി ക്രൈംബ്രാഞ്ചിന് വിവരം നൽകിയതിലൂടെയാണ് അന്വേഷണം അവിടേക്ക് നീണ്ടതും പ്രതി പിടിയിലായതും.

കുടകിലെ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന മൊയ്തുവിന്റെ ആറു മക്കളിൽ മൂത്തവളായ സഫിയ മാസ്തികുണ്ടിലെ കരാറുകാരൻ ഹംസയുടെ വീട്ടിലെ ജോലിക്കിടയിൽ നേരിട്ടത് അതിക്രൂരമായ പീഡനമായിരുന്നു. ശരീരം പൊള്ളിക്കുക, തിളച്ചവെള്ളം ശരീരത്തിൽ ഒഴിക്കുക എന്നിങ്ങനെയുള്ള ക്രൂരത പതിവായതോടെ സ്വന്തം വീട്ടിലേക്ക് പോകാൻ പെൺകുട്ടി ബഹളം കൂട്ടിയിരുന്നു. ഇതോടെയാണ് സഫിയയെ ഗോവയിലെ പണി സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

ശരീരം കഷണങ്ങളാക്കി താൻ കരാർ ഏറ്റെടുത്ത ഡാമിന്റെ സൈറ്റിൽ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചുമൂടി. വെറുമൊരു മിസിംഗ് കേസായി പൊലീസ് അന്വേഷിച്ച് കൈമലർത്തിയതോടെ, പിതാവ് നിരാശനായി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാസർകോട്ടെ ചില സാമൂഹ്യപ്രവർത്തകരുടെ ശ്രദ്ധയിലെത്തുന്നത്. പിന്നാലെ ആക്ഷൻ കമ്മിറ്റി സമരം തുടങ്ങി. 2012ൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എത്തിയ കേസിൽ 2015 ൽ വിചാരണ പൂർത്തിയാക്കി പ്രതിയെ തൂക്കികൊല്ലാൻ വിധിക്കുകയായിരുന്നു. ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു.


Source link

Related Articles

Back to top button