സ്വകാര്യ ബസുകൾക്ക് അനുകൂല വിധി: കെ.എസ്.ആർ.ടി.സി അപ്പീൽ നൽകും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ പ്രതികൂലമായി ബാധിക്കുന്ന കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയ വ്യവസ്ഥ ബസുടമകളുടെ ഹർജിയിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകുക.
ഈ മാസം 8ന് കോടതി വിധി വന്നെങ്കിലും അപ്പീൽ നൽകുന്ന കാര്യത്തിൽ സർക്കാരും കെ.എസ്.ആർ.ടി.സിയും മടിച്ചു നിൽക്കുകയായിരുന്നു. ഇക്കാര്യം കേരള കൗമുദി
ചൂണ്ടിക്കാട്ടിയിരുന്നു.ഒത്തുകളിച്ച് കേസ് തോറ്റുവെന്ന് സർക്കാരിനെതിരെ പ്രതിപക്ഷ യൂണിയനുകൾ പ്രതിക്ഷേധം കടുപ്പിക്കുയും ചെയ്തതോടെയാണ് അപ്പീലിന് തീരുമാനം. ഇന്നോ നാളേയോ അപ്പീൽ നൽകുമെന്ന് മന്ത്രി കെ.ബി.ഗണേശ്കുമാർ പറഞ്ഞു.
സങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ളതാണ് ഹൈക്കോടതിയുടെ വിധി. അതേ സമയം 140 കി.മീറ്ററിൽ കൂടുതൽ സർവീസ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ പദ്ധതി നിയമപരമായി തെറ്റെന്ന് കോടതി പറഞ്ഞിട്ടില്ല. ടേക്ക് ഓവർ സർവീസ് നടത്തുന്നതിന് 200 ബസുകൾ പുതിയതായി വാങ്ങാൻ ഓർഡർ നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇതിനായി നീക്കി വച്ചിട്ടുള്ള 92 കോടി രൂപ ലഭിക്കുന്ന മുറയ്ക്ക് ബസുകൾ നിരത്തിലെത്തിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.പ്രതിപക്ഷ സംഘടനക്കാർ ഒത്തുകളി ആരോപണം ഉയർത്തുന്നത് റഫറണ്ടം വരുന്നതുകൊണ്ടാണെന്നും ആരുമായി ഒത്തുകളിക്കില്ലെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കറും സംബന്ധിച്ചു.
ബന്ധുവിന്റെ ആഹ്വാനം
നടക്കില്ലെന്ന് മന്ത്രി
വിധിയുടെ ആനുകൂല്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ പാതകളിൽ കൂടുതൽ ബസുകൾ ഇറക്കണമെന്ന് ആഹ്വാനം ചെയ്ത് ഗതാഗത മന്ത്രിയുടെ ബന്ധു കൂടിയായ സ്വകാര്യ ബസ് സംഘടനാ ഭാരവാഹി ശരണ്യ മനോജിന്റേതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തെ കുറിച്ച് ചോദിച്ചപ്പോൾ മന്ത്രിയുടെ മറുപടി ഇങ്ങനെ: ”ആർക്കും എന്തും പറയാമല്ലോ അതൊന്നും എന്റെ അടുത്ത് നടക്കില്ല, ആരും വണ്ടി ഇറക്കില്ല. നമ്മൾ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങും. നിലപാട് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേതാണ്. അതിൽ വെള്ളം ചേർക്കില്ല.”
Source link