KERALAMLATEST NEWS

‘സ്വത്വം കണ്ടെത്തിയത് വലിയ വിജയം’; മുൻ ഇന്ത്യൻ ക്രിക്കറ്റ് കോച്ചിന്റെ മകനായ യുവതാരം ലിംഗമാറ്റ ശസ്‌ത്രക്രിയയ്ക്ക് വിധേയനായി

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കോച്ചുമായ സഞ്ജയ് ബംഗാറിന്റെ മകനും യുവ ക്രിക്കറ്റ് താരവുമായിരുന്ന ആര്യൻ ബംഗാർ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സ്‌ത്രീയായി മാറിയ ആര്യൻ അനായ ബംഗാർ എന്ന പേരും സ്വീകരിച്ചു. 23കാരിയായ അനായ ഹോർമോണൽ റീപ്ളേസ്‌മെന്റ് സർജറിക്ക് വിധേയയായതിന്റെയും രൂപമാറ്റത്തിന്റെയും വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് പിന്നീട് നീക്കി. പത്തുമാസത്തിനിടെ കടന്നുപോയ സംഭവവികാസങ്ങളുടെ ദൃശ്യങ്ങളായിരുന്നു പങ്കുവച്ചത്. എം എസ് ധോണി,​ വിരാട് കൊഹ്‌ലി എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയിലുണ്ടായിരുന്നു.

‘പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാരനാവുക എന്ന എന്റെ സ്വപ്‌നം ത്യാഗം, ചെറുത്തുനിൽപ്പ്, അചഞ്ചലമായ അർപ്പണബോധം എന്നിവ നിറഞ്ഞ ഒരു യാത്രയായിരുന്നു. പുലർച്ചെ മൈതാനത്ത് എത്തിച്ചേരുന്നത് മുതൽ മറ്റുള്ളവരുടെ സംശയങ്ങളും വിധികളും നേരിടുന്നതുവരെ, ഓരോ ചുവടിനും ബലം ആവശ്യമായിരുന്നു.

എന്നാൽ കളിക്ക് പുറമെ,​ എനിക്ക് മറ്റൊരു യാത്രകൂടി ഉണ്ടായിരുന്നു. സ്വയം തിരിച്ചറിയുന്നതിനായുള്ള യാത്ര. എന്റെ യഥാർത്ഥ സ്വത്വം സ്വീകരിക്കുക എന്നത് കഷ്ടതയേറിയ തിരഞ്ഞെടുപ്പുകൾ,​ സുഖങ്ങൾ ഉപേക്ഷിക്കൽ,​ സ്വന്തമായുള്ള പോരാട്ടം എന്നിവ നിറഞ്ഞതായിരുന്നു. ഇന്ന് ഒരു കായികതാരമെന്ന നിലയിലും ആധികാരികതയുള്ള വ്യക്തി എന്ന നിലയിലും ഞാൻ ഇഷ്ടപ്പെടുന്ന കായികരംഗത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. പാത സുഖകരമായിരുന്നില്ലെങ്കിലും എന്റെ യഥാർത്ഥ സ്വത്വം കണ്ടെത്താൻ കഴിഞ്ഞുവെന്നത് വലിയ വിജയമാണ്’വീഡിയോക്കൊപ്പം അനായ കുറിച്ചിരുന്നു. ട്രാൻസ് വുമൺ വിഭാഗത്തിലുള്ളവർക്ക് ക്രിക്കറ്റിൽ തുടരാൻ സാധിക്കാത്തതിനാൽ വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്ന് നേരത്തെ സമൂഹമാദ്ധ്യമങ്ങളിലൂടെ അനായ പറഞ്ഞിരുന്നു.

നിലവിൽ ഇംഗ്ളണ്ടിലെ മാഞ്ചസ്റ്ററിൽ ജീവിക്കുന്ന അനായ പ്രാദേശിക ക്രിക്കറ്റ് ക്ളബായ ഇസ്ളാം ജിംഖാനയ്ക്കായി കളിച്ചിട്ടുണ്ട്. ലെസ്റ്റർഷയറിലെ ഹിങ്ക്ലി ക്രിക്കറ്റ് ക്ളബിനായും കളിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button