INDIA

‘കുടുംബത്തെ സഹായിക്കണം, സഹോദരിമാരുടെ കല്യാണം നടത്തണം; കൊലപാതകം പണത്തിന് വേണ്ടി’

‘‘കുടുംബത്തെ സഹായിക്കാൻ എനിക്ക് പണം വേണമായിരുന്നു. അതിനാണ് കൊലപാതകം നടത്തിയത്’’; ശിവ കുമാർ ഗൗതം പൊലീസിനോട് വെളിപ്പെടുത്തിയതിങ്ങനെ – Scrap Dealer Confesses to Killing NCP Leader Baba Siddique for 10 Lakh Rupees | Latest News | Manorama Online

‘കുടുംബത്തെ സഹായിക്കണം, സഹോദരിമാരുടെ കല്യാണം നടത്തണം; കൊലപാതകം പണത്തിന് വേണ്ടി’

ഓൺലൈൻ ഡെസ്ക്

Published: November 11 , 2024 04:57 PM IST

1 minute Read

ബാബ സിദ്ദിഖി (Photo: X/ @BabaSiddique)

മുംബൈ∙  ‘‘കുടുംബത്തെ സഹായിക്കാൻ എനിക്ക് പണം വേണമായിരുന്നു. അതിനാണ് കൊലപാതകം നടത്തിയത്’’ എൻസിപി (അജിത് പവാർ) നേതാവ് ബാബാ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതിയും ആക്രി വ്യാപാരിയുമായ ശിവ കുമാർ ഗൗതം പൊലീസിനോട് വെളിപ്പെടുത്തിയതിങ്ങനെ. 

ജോലി തേടി ഉത്തർപ്രദേശിൽനിന്ന് പുണെയിലെത്തിയ ശിവ കുമാർ കുടുംബത്തെ സഹായിക്കാനാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു. സഹോദരൻമാരുടെ പഠനത്തിനും സഹോദരിമാരുടെ കല്യാണത്തിനും പണം സമ്പാദിക്കാനാണ് കുറ്റകൃത്യത്തിൽ ഏർപ്പെട്ടതെന്നാണ് ശിവകുമാർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. ശിവ കുമാറിന്റെ പേരിൽ മറ്റു കേസുകളില്ല. പിതാവ് കർഷകനാണ്. നാല് വർഷം മുൻപാണ് ജോലി തേടി പുണെയിലെത്തിയത്. രണ്ടു മാസം മുൻപ് ശിവ കുമാർ തന്റെ നാട്ടുകാരനായ ധർമരാജ് കാശ്യപിനെ കണ്ടുമുട്ടി. ധർമരാജാണ് ശിവ കുമാറിനെ ലോറൺസ് ബിഷ്ണോയി സംഘത്തിന് പരിചയപ്പെടുത്തിയത്. 

സമൂഹമാധ്യമം വഴി ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരൻ അൻമോൽ ബിഷ്ണോയ്‌യുമായി ശിവ കുമാർ സംസാരിച്ചു. സിദ്ദിഖിയെ വധിച്ചാൽ 10 ലക്ഷം രൂപ നൽകാമെന്ന് അൻമോൽ വാഗ്ദാനം ചെയ്തു. വിദേശ നിർമിത തോക്ക് ബിഷ്ണോയ് സംഘം നൽകി. യുട്യൂബ് വിഡിയോകൾ കണ്ടാണ് തോക്ക് ഉപയോഗിക്കാൻ പരിശീലിച്ചത്. കൃത്യതയുള്ള ഷൂട്ടറായതിനാലാണ് സിദ്ദിഖിയെ വധിക്കാന്‍ ശിവ കുമാറിനെ തിരഞ്ഞെടുത്തത്. ധർമരാജും ഗുർമെയിൽ സിങും അനുഗമിച്ചു. രണ്ടു മാസത്തോളം ഇവർ ബാബാ സിദ്ദിഖിയെ നിരീക്ഷിച്ചു. സമൂഹമാധ്യമം വഴിയാണ് ഓപ്പറേഷൻ നിയന്ത്രിച്ചത്. ആറു തവണ സിദ്ദിഖിക്കുനേരെ നിറയൊഴിച്ചു. മൂന്നു വെടിയുണ്ടകൾ ദേഹത്ത് തറച്ചു. കൊലപാതകത്തിനുശേഷം സംഘം രക്ഷപ്പെട്ടു. മറ്റു പ്രതികൾ പിടിയിലായെങ്കിലും ശിവകുമാർ ഒളിവിൽ തുടർന്നു.
കൊലപാതകത്തിനു മുൻപും ശേഷവും ഉപയോഗിക്കാൻ രണ്ട് സിം കാർഡുകൾ ശിവ കുമാറിനു ബിഷ്ണോയ് സംഘം നൽകിയിരുന്നു. 25,000 രൂപ മുൻകൂറായും നൽകി. കൊലപാതകത്തിനുശേഷം ശിവ കുമാർ ഝാൻസിയിലേക്കും ഡൽഹിയിലേക്കും ഹിമാചൽ പ്രദേശിലേക്കും പോയി. ശിവ കുമാറിന്റെ ബന്ധുക്കൾ ഉൾപ്പെടെ 45ഓളംപേർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. നാലുപേരെ ശിവ കുമാർ സ്ഥിരമായി ഫോണിൽ ബന്ധപ്പെടുന്നതായി കണ്ടെത്തി. നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനു മുൻപ് പൊലീസ് പിടികൂടുകയായിരുന്നു.

ഒക്ടോബർ 12നാണ് ബാബാ സിദ്ദിഖിയെ വധിച്ചത്. ബാന്ദ്രയിൽ മകന്റെ ഓഫിസിനു മുന്നിൽനിന്ന് കാറിൽ കയറുന്നതിനിടെയാണ് വെടിയേറ്റത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ബാബാ സിദ്ദിഖി ഈ വർഷം ആദ്യമാണ് അജിത് പവാര്‍ പക്ഷത്ത് ചേർന്നത്.

English Summary:
Scrap Dealer Confesses to Killing NCP Leader Baba Siddique for 10 Lakh Rupees

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 6i7cpda4s700sb1fivsefvou2s mo-politics-leaders-baba-siddique mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-parties-ncp


Source link

Related Articles

Back to top button