മന്ത്രിമാരുമായി ആദ്യ റൗണ്ട് ചുറ്റി; ശേഷം ഇടുക്കി ഹൈറേഞ്ചിൽ പറന്നിറങ്ങി സീപ്ലെയിൻ
തൊടുപുഴ: ചരിത്രത്തിലാദ്യമായി ഇടുക്കി ജില്ലയുടെ ഹൈറേഞ്ചിൽ ജലവിമാനം ഇറങ്ങി. ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെ ബോൾഗാട്ടിയിൽ നിന്ന് പറന്നുയർന്ന സീ പ്ലെയിൻ 10.57ന് മാട്ടുപ്പെട്ടി ഡാമിൽ പ്രത്യേകം തയ്യാറാക്കിയിരുന്ന എയ്‌റോഡ്രോമിൽ ഇറങ്ങി. കരയിലും വെള്ളത്തിലും പറന്നിറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനമാണ് എത്തിയത്. മന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎമാരായ എംഎം മണി, എ രാജാ, ജില്ലാ കളക്‌ടർ വി വിഘ്‌നേശ്വരി എന്നിവർ ചേർന്നാണ് വിമാനത്തെ സ്വീകരിച്ചത്.
സീപ്ലെയിൻ എത്തുന്നതുമായി ബന്ധപ്പെട്ട് മാട്ടുപ്പെട്ടിയിൽ ഇന്ന് ഡാമിലും പരിസര പ്രദേശങ്ങളിലും ഡ്രോൺ പറത്തുന്നത് നിരോധിച്ച് കളക്‌ടർ ഉത്തരവിറക്കിയിരുന്നു. കൂടാതെ, സീപ്ലെയിനിന്റെ പരീക്ഷണ പറക്കൽ പൂർത്തിയാക്കുന്നതുവരെ മൂന്നാർ – മാട്ടുപ്പെട്ടി റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവൻകുട്ടി എന്നിവർ ബോൾഗാട്ടിയിലെ ചടങ്ങിൽ പങ്കെടുത്തു. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവരുമായി ഒരു റൗണ്ട് യാത്ര നടത്തി അവരെ തിരിച്ചിറക്കിയ ശേഷമാണ് മാട്ടുപ്പെട്ടിയിലേക്ക് ജലവിമാനം പുറപ്പെട്ടത്. മൈസൂരുവിൽ നിന്നാണ് ജലവിമാനം ഇന്നലെ കൊച്ചിയിലെത്തിയത്. ഒരു സമയം 15പേർക്ക് ജലവിമാനത്തിൽ യാത്ര ചെയ്യാം. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ടിനാണ് സംസ്ഥാന സർക്കാർ ജലവിമാനം കൊണ്ട് ലക്ഷ്യമിടുന്നത്. കൊച്ചി കായലിൽ പറന്നിറങ്ങിയ വൈമാനികർക്ക് സംസ്ഥാന സർക്കാർ സ്വീകരണം നൽകിയിരുന്നു.
Source link