KERALAM

‘മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല, ചെയ്തതിൽ കൂടുതലും സഹവേഷങ്ങൾ’; സുപ്രീം കോടതിയിൽ സിദ്ദിഖ്

ന്യൂഡൽഹി: താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ലെന്നും തനിക്കെതിരെ മാദ്ധ്യമവിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണെന്നും നടൻ സിദ്ദിഖ്. ബലാത്സംഗക്കേസിൽ സംസ്ഥാന സർക്കാരിന്റെ റിപ്പോ‌ർട്ടിനെതിരെ സുപ്രീം കോടതിയിൽ നൽകിയ മറുപടി സത്യവാങ്‌മൂലത്തിലാണ് സിദ്ദിഖിന്റെ പരാമർശം.

‘കേസിൽ എനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ല. കേസെടുക്കാൻ ഉണ്ടായ കാലതാമസത്തെക്കുറിച്ചുള്ള വിശദീകരണവും നിലനിൽക്കില്ല. ഡബ്ള്യുസിസിയിൽ അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നിൽ പരാതിക്കാരി വിഷയം ഉന്നയിച്ചിട്ടില്ല. എനിക്കെതിരെ മാദ്ധ്യമവിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്. ‌ഞാൻ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല. പ്രധാന കഥാപാത്രമായി ചുരുക്കം സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്. ചെയ്തതിൽ അധികവും സഹവേഷങ്ങളാണ്.

യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നു. ഇല്ലാക്കഥകളാണ് മെനയുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് എന്നെ പ്രതിയാക്കിയത്’ എതിർ സത്യവാങ്‌മൂലത്തിൽ സിദ്ദിഖ് പറയുന്നു.

താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് നേരത്തെ സിദ്ദിഖ് സുപ്രീംകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. എട്ടുവർഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസനീയം. 2019ൽ സോഷ്യൽ മീഡിയയിൽ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗം എന്ന് പറഞ്ഞിരുന്നില്ല. ഇക്കാര്യം ഹെെക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് ആരോപിച്ചിരുന്നു.


Source link

Related Articles

Back to top button