INDIALATEST NEWS

സംഭവബഹുലമായ 5 വര്‍ഷം; സോറനും സോറനും നേർക്കുനേർ: ജാർഖണ്ഡ് വീണ്ടും തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ


കൂറുമാറ്റം, കുതിരക്കച്ചവടം തുടങ്ങി രാഷ്ട്രീയ അസ്ഥിരതയ്ക്കു പേരുകേട്ട ജാര്‍ഖണ്ഡ് വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിനു തയാറായിക്കഴിഞ്ഞു. വിധിയെഴുത്തിന് ഇനി മൂന്നു ദിവസം മാത്രം ബാക്കി. 2000ല്‍ രൂപീകൃതമായ സംസ്ഥാനത്ത് നടക്കുന്ന അഞ്ചാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണിത്. ഒറ്റയ്ക്ക് ഒരു പാര്‍ട്ടിക്കു കേവലഭൂരിപക്ഷം നേടാനാകാത്ത സംസ്ഥാനം ഇതുവരെ ഭരിച്ചതെല്ലാം സഖ്യ സര്‍ക്കാരുകള്‍. പ്രാദേശിക പാര്‍ട്ടികള്‍ക്കു മുന്‍തൂക്കമുള്ള ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം)-കോണ്‍ഗ്രസ് സഖ്യം ഭരണത്തുടര്‍ച്ചയ്ക്കു ശ്രമിക്കുമ്പോള്‍ ജെഎംഎമ്മില്‍നിന്നു രാജിവച്ചെത്തിയ മുന്‍ മുഖ്യമന്ത്രി ചംപയ് സോറനെ ഒപ്പംകൂട്ടി ഭരണം പിടിക്കാനാണു ബിജെപിയുടെ ശ്രമം. നവംബര്‍ 13, 20 തീയതികളില്‍ രണ്ട് ഘട്ടങ്ങളായാണ് ജാര്‍ഖണ്ഡ് വിധിയെഴുതുക. നവംബര്‍ 23ന് ഫലപ്രഖ്യാപനം.

സംഭവബഹുലമായ അഞ്ചുവര്‍ഷങ്ങള്‍

2019ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 81 സീറ്റില്‍ 47 നേടി ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം ഭരണം പിടിച്ചു. 30 സീറ്റ് നേടിയ ജെഎംഎം ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്കു ലഭിച്ചത് 25 സീറ്റ്. ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയായി. എന്നാല്‍ പടലപ്പിണക്കങ്ങളും അഴിമതിക്കേസുകളും കൂറുമാറ്റങ്ങളും കൊണ്ടു സംഭവബഹുലമായിരുന്നു ജാര്‍ഖണ്ഡ് ഭരണത്തിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷം. മുഖ്യമന്ത്രിയെ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടമിട്ടതോടെയായിരുന്നു തുടക്കം. തുടര്‍ന്ന് ജനുവരി 31ന് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തു.

ജാർഖണ്ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുയോഗത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ പങ്കെടുത്തപ്പോൾ (PTI Photo)

വ്യാജരേഖ ചമച്ച് 2020-22ല്‍ ആദിവാസി ഭൂമി തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്. ഇതേത്തുടര്‍ന്നു രാജിവച്ച ഹേമന്ത് സോറന്‍ അന്നത്തെ ഗതാഗത മന്ത്രി ചംപയ് സോറനെ മുഖ്യമന്ത്രിയാക്കി. ഭാര്യ കല്‍പനയെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഹേമന്ത് സോറനു താല്‍പര്യമെങ്കിലും അവകാശവാദവുമായി ഇളയ സഹോദരന്‍ ബസന്ത് സോറന്‍, അന്തരിച്ച മൂത്ത സഹോദരന്റെ ഭാര്യ സീത സോറന്‍ എന്നിവര്‍ രംഗത്തുവന്നതോടെയാണ് ചംപയ് സോറനെ ഇറക്കിയുള്ള ഹേമന്തിന്റെ പ്രശ്‌ന പരിഹാരം. 

എന്നാല്‍ ഇതിനിടെ സീതാ സോറനെ മറുകണ്ടം ചാടിച്ച് ബിജെപി ഭരണം പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഭാര്യ കല്‍പന സോറനെ പാര്‍ട്ടിയുടെ നേതൃനിരയിലിറക്കി ഹേമന്ത് അതിനു തടയിട്ടു. ജയിലില്‍നിന്നായിരുന്നു നീക്കങ്ങള്‍. എന്നാല്‍ ജയില്‍മോചിതനായി ജൂണില്‍ ഹേമന്ത് തിരികെയെത്തുകയും ജൂലൈയില്‍ മുഖ്യമന്ത്രി സ്ഥാനം തിരികെ വാങ്ങുകയും ചെയ്തതോടെ ജെഎംഎമ്മില്‍ പുതിയ പിണക്കം ഉടലെടുത്തു. ചംപയ് സോറനായിരുന്നു മറുവശത്ത്. ഇത്തവണ ഹേമന്തിനോ ഷിബു സോറനോ പ്രശ്‌നം പരിഹരിക്കാനായില്ല. പാര്‍ട്ടി നേതൃത്വം അപമാനിച്ചുവെന്നാരോപിച്ചായിരുന്നു ചംപയ്‌യുടെ പിണക്കം. കല്‍പന സോറനെതിരെയായിരുന്നു ഒളിയമ്പ്. തുടര്‍ന്ന് സ്വാഭാവികമായും ചംപയ് സോറന്‍ ബിജെപിക്കൊപ്പം ചേര്‍ന്നു. 
സോറനും സോറനും നേര്‍ക്കുനേര്‍

ജെഎംഎം-കോണ്‍ഗ്രസ് മന്ത്രിസഭയില്‍ മുഖ്യമന്ത്രിമാരായിരുന്ന രണ്ടുപേരുടെ നേര്‍ക്കുനേര്‍ പോരാട്ടമാണ് ഇത്തവണ ജാര്‍ഖണ്ഡില്‍. ജെഎംഎമ്മില്‍ ഹേമന്ത് സോറനും മറുപക്ഷത്ത് ബിജെപിയുടെ തുറുപ്പുചീട്ടായി ചംപയ് സോറനും. ബര്‍ഹൈതിലാണ് ഹേമന്ത് സോറന്‍ മത്സരിക്കുക. ഭാര്യ കല്‍പന ഗാണ്ടേയില്‍നിന്നും. സരയ്‌കെല്ലയില്‍നിന്നാണ് ചംപയ് സോറന്‍ മത്സരിക്കുക. ഹേമന്തിന്റെ സഹോദരഭാര്യ സീതയ്ക്കും ബിജെപി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ചുരുക്കത്തില്‍ തീപാറുന്ന സോറന്‍ പോരാട്ടമാണു വരാനിരിക്കുന്നത്.

ജാർഖണ്ഡിലെ റാഞ്ചിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഞായറാഴ്ച ബിജെപി നടത്തിയ റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: PTI

എല്ലാ കണ്ണും ആദിവാസി വോട്ടില്‍

ആദിവാസികളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള തത്രപ്പാടിലാണ് ഇരുകക്ഷികളും. സംസ്ഥാന ജനസംഖ്യയുടെ 27% ആണ് ആദിവാസി വിഭാഗങ്ങള്‍. 81ല്‍ 28 സീറ്റും ആദിവാസി സംവരണം. ആദിവാസി വിഭാഗങ്ങള്‍ കൈവിട്ടതുകൊണ്ട് 2019ല്‍ ഭരണത്തിനു പുറത്തായ ബിജെപി ഇത്തവണ കരുതിത്തന്നെയാണു നീക്കം. 2014ല്‍ സംസ്ഥാനത്ത് വിജയിച്ച ബിജെപി സഖ്യം ഗോത്രവര്‍ഗക്കാരനല്ലാത്ത രഘുബര്‍ദാസിനെ മുഖ്യമന്ത്രിയാക്കിയതിനു പിന്നാലെ 2019ലെ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയെ അടക്കം തോല്‍പ്പിച്ചതിനു പിന്നില്‍ ആദിവാസി ശക്തി തിരിച്ചറിഞ്ഞിട്ടുണ്ട് ബിജെപി. പ്രകടന പത്രിക തയാറാക്കിയിട്ടുള്ളതും അതു മുന്നില്‍ക്കണ്ടാണ്. അധികാരത്തിലെത്തിയാല്‍ വ്യക്തിനിയമം നടപ്പാക്കുമെന്നു പ്രഖ്യാപിച്ച ബിജെപി എന്നാല്‍ ആദിവാസി ഗോത്രങ്ങളെ ഇതില്‍നിന്ന് ഒഴിവാക്കുമെന്നും പറഞ്ഞു. ‘ഭക്ഷണം, മകള്‍, ഭൂമി’ എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ കരുത്തരെ കളത്തിലിറക്കിയാണ് ബിജെപിയുടെ പ്രചാരണം. ബംഗ്ലദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റം, ന്യൂനപക്ഷ സംവരണം, ജെഎംഎം സര്‍ക്കാരിന്റെ അഴിമതി എന്നിവയാണ് ബിജെപിയുടെ മുഖ്യ പ്രചരണായുധങ്ങള്‍.
അതേസമയം, ഹേമന്ത് സോറന്റെ വ്യക്തിപ്രഭാവവും പട്ടികവര്‍ഗക്കാര്‍ക്കിടയിലുള്ള സ്വീകാര്യതയുമാണ് ഇന്ത്യ സഖ്യത്തിന്റെ ആത്മവിശ്വാസം. നേതാക്കളെ ഇഡിയെ ഉപയോഗിച്ചു വേട്ടയാടുന്നുവെന്നതും പ്രചാരണത്തിനു ശക്തി പകരുന്നു. 81ല്‍ 41 സീറ്റുകളും ഇന്ത്യ സഖ്യം ജെഎംഎമ്മിനു വിട്ടുകൊടുത്തിട്ടുണ്ട്. ഹേമന്തിന്റെ അറസ്റ്റ്, ഗോത്രവര്‍ഗ പാരമ്പര്യാവകാശം, കഴിഞ്ഞ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉയര്‍ത്തിയാണ് ജെഎംഎം വോട്ടുതേടുന്നത്. 30 സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ഒബിസി വോട്ടാണു ലക്ഷ്യമിടുന്നത്.


Source link

Related Articles

Back to top button