KERALAMLATEST NEWS

സോളാർ സ്ഥാപിക്കാൻ തിരക്കുകൂട്ടുന്ന മലയാളികൾ അറിയാൻ, കേരളം രണ്ടാം സ്ഥാനത്ത്; വൻ ഡിമാൻഡ്

തിരുവനന്തപുരം: സൂര്യഘർ പുരപ്പുറ സോളാർ പ്ലാന്റിന് സംസ്ഥാനത്ത് വൻഡിമാൻഡ്. അപേക്ഷിച്ചത് 2.36ലക്ഷം പേർ. എല്ലാവർക്കും കൊടുക്കാനാകാതെ കെ.എസ്.ഇ.ബി. എന്നിട്ടും പദ്ധതി നടപ്പാക്കുന്നതിൽ കേരളം രാജ്യത്ത് രണ്ടാമതെത്തി. ഗുജറാത്താണ് മുന്നിൽ.

81,589 പേർക്ക് അനുമതി നൽകാമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഇതിൽ 45,152പേർക്ക് നൽകി. അർഹരുടെ പട്ടിക കെ.എസ്.ഇ.ബി തയ്യാറാക്കും. പ്ലാന്റ് സ്ഥാപിക്കാൻ 885 വെണ്ടർമാരെ എംപാനൽ ചെയ്തിട്ടുണ്ട്. അനുമതി ലഭിച്ചവർക്ക് ഈ പാനലിൽ നിന്ന് കരാറുകാരെ തിരഞ്ഞെടുക്കാം.

നിർമ്മാണം പൂർത്തിയായെന്ന റിപ്പോർട്ട് കിട്ടിയശേഷം കെ.എസ്.ഇ.ബി.നെറ്റ് മീറ്റർ സ്ഥാപിക്കും. പിന്നീടാണ് അധികമുള്ള സോളാർ വൈദ്യുതി ഗ്രിഡിലേക്ക് എടുക്കുക. ഇതിന് പണം നൽകും. ഗ്രിഡിലേക്ക് എടുക്കുന്നതും കേന്ദ്രസർക്കാരിന്റെ സബ്സിഡിയുമാണ് പ്രധാന ആകർഷണം. വൈദ്യുതി ബില്ലിന്റെ ബാദ്ധ്യതയും കുറയും.

2.25ലക്ഷം (3കിലോവാട്ട്),3.35ലക്ഷം (5കിലോവാട്ട്) മുതലാണ് പാനലും ഇൻവർട്ടറും ഇൻസ്റ്റലേഷനും അടക്കം ചെലവ്. ഒരു കിലോവാട്ട് പ്ലാന്റിന് 30,000രൂപയും രണ്ട് കിലോവാട്ടിന് 60,000 രൂപയും മൂന്നുകിലോ വാട്ടിന് മുകളിൽ 78,000 രൂപയും സബ്സിഡി കിട്ടും.സംസ്ഥാനത്ത് 32,877 ഉപഭോക്താക്കൾക്ക് 256.2 കോടി രൂപ സബ്സിഡി ലഭിച്ചിട്ടുണ്ട്. പ്ളാന്റ് സ്ഥാപിക്കാൻ കെ.എസ്.ഇ.ബി.സഹായത്തോടെ ബാങ്ക് വായ്പയും കിട്ടും. മൂന്ന് കിലോവാട്ട് പ്ലാന്റ് മാസം 360 യൂണിറ്റ് ഉത്പാദിപ്പിക്കും. ഇതിൽ സ്വന്തം ഉപയോഗം കഴിഞ്ഞുള്ളത് കെ.എസ്.ഇ.ബിക്ക് വിൽക്കാം.

പ്രധാന തടസം ശേഷിക്കുറവ്

സംസ്ഥാനത്തെ പുരപ്പുറ സോളാറിന്റെ പ്രധാന തടസം ട്രാൻസ്ഫോർമറിന്റെ ശേഷിക്കുറവാണ്. പൂർണമായി വൈദ്യുതിവത്കരിച്ച കേരളത്തിൽ ട്രാൻസ്ഫോർമറുകൾക്ക് ശേഷിയിലും കൂടുതൽ ലോഡുണ്ട്. സോളാർ വൈദ്യുതി ഗ്രിഡിലേക്ക് കയറ്റുമ്പോൾ ശേഷിയുടെ 75%ൽ കൂടുതരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു. അപേക്ഷകൾ കൂടിയതോടെ 90% വരെ ആകാമെന്ന് ഇളവ് നൽകി.എന്നിട്ടും പലയിടത്തും പ്ലാന്റിന് അനുമതി നൽകാനാവുന്നില്ല. അപേക്ഷകർക്കെല്ലാം സോളാർ നൽകിയാൽ 368.20മെഗാവാട്ട് വൈദ്യുതി അധികം കിട്ടും. നിലവിൽ 181മെഗാവാട്ട് മാത്രമാണ് കിട്ടുന്നത്. നെറ്റ് മീറ്ററിന്റേയും ട്രാൻസ്ഫോർമറിന്റെ പരിമതിയുമാണ് കാരണം.

പാനലുകളും മീറ്ററും കിട്ടാനില്ല

കെ.എസ്.ഇ.ബി. അനുമതി നൽകിയവരിൽ തന്നെ 55.34% പേർക്കേ സോളാർപാനൽ നൽകാനായിട്ടുള്ളൂ. പാനലുകളും നെറ്റ് മീറ്ററും കിട്ടാത്തതും ട്രാൻസ്ഫോർമറിന്റെ ശേഷിക്കുറവുമാണ് കാരണം. സോളാർ പാനൽ ലഭ്യമാക്കാൻ ദേശീയ തലത്തിൽ നടപടികളെടുത്തിട്ടുണ്ട്. നെറ്റ് മീറ്ററിന് കെ.എസ്.ഇ.ബി. ഓർഡർ കൊടുത്തെങ്കിലും രാജ്യത്തെ വൻ ഡിമാൻഡ് മൂലം കിട്ടാൻ വൈകുന്നു.


Source link

Related Articles

Back to top button