റഷീദ് ബൈക്കോടിച്ചത് വെറുതേയായില്ല, മുഷ്താഖ് ചാടിയത് സ്വർണത്തിലേക്ക്…
കൊച്ചി: പാലക്കാട് ചുള്ളിക്കോട് സ്വദേശിയായ പരിശീലകൻ പി. റഷീദ് വൈകുന്നേരം ബൈക്കെടുത്ത് 12 കിലോമീറ്റർ അകലെയുള്ള ശിഷ്യൻ മുഷ്താഖിന്റെ മഞ്ചേരി പുൽപ്പറ്റയിലെ വീട്ടിലെത്തും. അവിടെ നിന്ന് അവനെയും കൂട്ടി 23 കിലോമീറ്റർ അകലെയുള്ള കാലിക്കറ്റ് സർവകലാശാല ക്യാംപസിലെ ഗ്രൗണ്ടിലേക്ക്. വൈകിട്ട് ആറ് മുതൽ 11 വരെ നീണ്ട കഠിന പരിശീലനം. പിന്നെ ഇതേദൂരം തിരിച്ച്. രണ്ടു വർഷം നീണ്ട ഈ കഠിനയാത്രയ്ക്കൊടുവിലാണ് ഇന്നലെ ജൂനിയർ ആൺകുട്ടികളുടെ ലോംഗ്ജമ്പിൽ മലപ്പുറം തൃക്കളത്തൂർ സി.എച്ച്.എം.എച്ച്.എസ്.എസിലെ കെ. മുഷ്താഖ് സ്വർണം നേടിയത്.
ആഴ്ചയിലെ മൂന്ന് ദിവസമുള്ള പരിശീലനത്തിന് മഴയും വെയിലുമൊന്നും തടസമായിരുന്നില്ല. രണ്ടു വർഷത്തിനിടെ ആകെ പരിശീലനം മുടങ്ങിയത് അഞ്ചോ ആറോ ദിവസം . 6.73 മീറ്റർ ചാടിയാണ് മുഷ്താഖ് പൊന്നണിഞ്ഞത്. ഇതിന് മുൻപ് 6.53 മീറ്റർ ആയിരുന്നു മുഷ്താഖിന്റെ മികച്ച ദൂരം. ഇത്തവണത്തെ സ്വർണനേട്ടം മുഷ്താക്കിന് ഏറെ സ്‌പെഷ്യലുമാണ്. കഴിഞ്ഞ സംസ്ഥാന സ്‌കൂൾ മീറ്റിലേക്ക് സെലക്ഷൻ കിട്ടിയിരുന്നെങ്കിലും പരിക്ക് മൂലം പിന്മാറേണ്ടി വന്നു.
ലോറി ഡ്രൈവറായ അച്ഛൻ മുസ്തഫയുടെയും വീട്ടമ്മയായ അമ്മ റസീനയുടെയും സാമ്പത്തികപരിമിതികളിലും മുഷ്താഖിന് താങ്ങാകുന്നത് കോച്ച് റഷീദാണ്. സ്‌കൂളിൽ നിന്ന് നൽകുന്ന സഹായത്തിനപ്പുറം ബാക്കി ചെലവുകളെല്ലാം റഷീദാണ് വഹിക്കുന്നത്.
Source link