മുൻ റെക്കാഡുകാരനായ പിതാവ് സാക്ഷി, പരിക്കിനും മേലെ പൊന്നായി ജുവൽ
കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ പരിക്കിനെയും തോൽപ്പിച്ച് പൊന്നണിഞ്ഞ് കോട്ടയത്തിന്റെ ജുവൽ തോമസ്. 2 മീറ്റർ താണ്ടിയാണ് ജൂനിയർ വിഭാഗത്തിലെ ദേശീയ റെക്കാഡുകാരനായ ജുവൽ ഇന്നലെ സ്വർണമണിഞ്ഞത്. കഴിഞ്ഞ സാഫ് ജൂനിയർ അത്‌ലറ്റിക്സിൽ വെങ്കലം നേടിയിരുന്ന താരമാണ് കോട്ടയം മുരിക്കുംവയിൽ ഗവ വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ജുവൽ. അതിനിടെ നടുവിനേറ്റ പരിക്കിൽ നിന്നും മോചിതനാകും മുൻപേയാണ് ഇത്തവണ സ്‌കൂൾ കായിക മേളയിൽ ഇറങ്ങി ഒന്നാമനായത്. ജുവലിന് പിന്തുണയായി മുൻ കായിക താരം കൂടിയായ പിതാവ് തോമസ് സി.ജെയും ഒപ്പമുണ്ടായിരുന്നു. എരുമേലി ക്യാമ്പിലെ സി.ഐ ആയ തോമസ് സ്കൂൾ കായിക മേളയിൽ ഷോട്ട് പുട്ടിൽ 1993,94 വർഷങ്ങളിൽ റെക്കാഡ് സ്ഥാപിക്കുകയും തിരുത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെയും പൊലീസിന്റെയും വോളി ബാൾ താരം കൂടിയായ തോമസ് കോരുത്തോട് സി.കെ.എം എച്ച്.എസ്.എസിൽ ദ്രോണാചാര്യ കെ.പി തോമസ് മാഷിന്റെ ശിഷ്യൻ കൂടിയാണ്. സ്കൂൾ മീറ്റുകളിൽ ഡിസ്‌കസ് ത്രോയിലും മെഡലുകൾ നേടിയിട്ടുണ്ട്. ജുവലിന്റെ ചേട്ടൻ ജീവൻ ബാസ്കറ്റ് ബാൾ താരമാണ്. അമ്മ ജിത തോമസ്. മുണ്ടക്കയം ചിറ്റടി സ്വദേശിയാണ്.
മുരിക്കും വയൽ ഹൈറേഞ്ച് സ്‌പോർട്‌സ് അക്കാഡമിയിൽ പരിശീലകൻ സനോഷ് ജോർജിന്റെ കീഴിലാണ് പരിശീലനം.
Source link